X

അലസ കൗമാരത്തിന് എല്ലുറപ്പ് കുറയും

വാന്‍ കോവര്‍ കോസ്റ്റല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം

ഊര്‍ജസ്വലരായ കൗമാരക്കാരെ അപേക്ഷിച്ച് അലസരും നിഷ്‌ക്രിയരുമായ കൗമാരക്കാര്‍ക്ക് ശക്തി കുറഞ്ഞ എല്ലുകള്‍ ആയിരിക്കും എന്ന് പഠനം. വാന്‍ കോവര്‍ കോസ്റ്റല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ യു ബി സി ആന്‍ഡ് ദി സെന്റര്‍ ഫോര്‍ ഹിപ് ഹെല്‍ത്തിലെ ഗവേഷകര്‍ ആണ് പഠനം നടത്തിയത്. അസ്ഥികളുടെ വികാസത്തില്‍ ജീവിതകാലം മുഴുവന്‍ നിര്‍ണായകമായ നാലു കൊല്ലക്കാലം, 309 കൗമാരക്കാരുടെ ശാരീരിക പ്രവര്‍ത്തനങ്ങളും എല്ലുകളുടെ ശക്തിയും അളന്നു.

അലസരായ കൗമാരക്കാരുടെ എല്ലുകള്‍ വളരെ ശക്തി കുറഞ്ഞതാണെന്നു കണ്ടു. എല്ലുകള്‍ ഒടിയുന്നതും പൊട്ടലുകള്‍ വരുന്നതും തടയാന്‍ എല്ലുകള്‍ ശക്തി ഉള്ളതായിരിക്കണം. ദിവസവും ഒരു മണിക്കൂര്‍ മിതമായത് മുതല്‍ കഠിന വ്യായാമം ചെയ്യുന്നവരുടെയും അര മണിക്കൂറില്‍ താഴെ മാത്രം വ്യായാമം ചെയ്യുന്നവരുടെയും താരതമ്യപഠനത്തിനായി ഉയര്‍ന്ന ആവൃത്തിയുള്ള 3ഡി എക്‌സ് റേ ഇമേജുകള്‍ ഉപയോഗിച്ചു. പെണ്‍കുട്ടികളില്‍ 10 മുതല്‍ 14 വയസ് വരെയും ആണ്‍കുട്ടികളില്‍ 12 മുതല്‍ 16 വയസ് വരെയും ഉള്ള നാലു വര്‍ഷക്കാലം വളരെ പ്രധാനമാണ്. ഈ സമയത്താണ്. മനുഷ്യന്റെ അസ്ഥികളില്‍ 36% രൂപപ്പെടുന്നതും ശാരീരിക പ്രവര്‍ത്തനങ്ങളോട് പ്രതികരിക്കുന്നതും.

കൂടുതല്‍ സമയം ഇരിക്കുന്ന കുട്ടികളില്‍ എല്ലുകള്‍ ശക്തിയുള്ളതായി തീരുന്നില്ല. അതുകൊണ്ട് തന്നെ ഭാരമുയര്‍ത്തുന്ന പ്രവൃത്തികള്‍, ഓട്ടം, ചാട്ടം, ഫുട്‌ബോള്‍ പോലുള്ള കളികള്‍ ഇവയെല്ലാം പ്രധാനമാണ്. എല്ലുകളുടെ ശക്തി എന്നത് എല്ലിന്റെ വലുപ്പം, സാന്ദ്രത, സൂക്ഷ്മഘടന ഇവയുടെ എല്ലാം സംയോഗമാണ്. ആണ്‍കുട്ടികളുടെ എല്ലുകള്‍ പെണ്‍കുട്ടികളുടേതിനെ അപേക്ഷിച്ച് വലുപ്പമുള്ളതും ശക്തിയുള്ളതുമാണ്. എങ്കിലും പഠനത്തിലുടനീളം ശാരീരിക ക്ഷമതയോട് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ ആണ് പ്രതികരിച്ചത്.

കുട്ടികളെ ഊര്‍ജസ്വലരാക്കാന്‍ സ്‌കൂളുകളും സമീപനം മാറ്റേണ്ടതുണ്ടെന്നും, രക്ഷിതാക്കളും സംരക്ഷകരും ടി വി, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് മുന്നില്‍ ചെലവിടുന്ന സമയം കുറച്ച് കുട്ടികള്‍ക്ക് മാതൃക ആകണമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇങ്ങനെയൊക്കെ ചെയ്‌തെ മതിയാകൂ എന്ന് നിര്‍ബന്ധം പിടിക്കാതെ ചെറിയ കാര്യങ്ങളിലൂടെ കുട്ടികളെ ആക്റ്റീവ് ആക്കാന്‍ സാധിക്കും. നൃത്തം ചെയ്യുക, മുറ്റത്തും പാര്‍ക്കിലും കളിക്കുക, ചാടുക, സ്‌കിപ്പിംഗ് ചെയ്യുക അങ്ങനെയങ്ങനെ.

കുട്ടികളും ചെറുപ്പക്കാരും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനായി കൂടുതല്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതാണ്. സ്‌ക്രീനുകള്‍ക്ക് മുന്‍പില്‍ ചെലവിടുന്ന സമയം കുറയ്ക്കുക ഇതില്‍ പ്രധാനവും ആണ്.

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

This post was last modified on April 3, 2017 4:13 pm