X

മോഹനന്‍ വൈദ്യര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഡോക്ടറുടെ കത്ത്

ഇനിയും വൈകിയാല്‍ കേരള മോഡല്‍ ആരോഗ്യരംഗം ഒരു ചോദ്യ ചിഹ്നമായി മാറും

നിപ പനി വൈറസ് ആരോഗ്യവകുപ്പിന്റെ സൃഷ്ടിയാണെന്നും നിപ ആരോഗ്യ വകുപ്പിന്റെ പ്രൊജക്ടാണെന്നും ആരോപിച്ച് ഫേസ്ബുക്കില്‍ വീഡിയോ പ്രചരിപ്പിച്ച പ്രകൃതി ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‌ തുറന്ന കത്ത്‌. ഡോക്ടര്‍മാരുടെ ഫേസ്ബുക്ക് പേജ് ആയ ഇന്‍ഫോ ക്ലിനിക്കിലെ സജീവ സാന്നിധ്യമായ ഡോ. ജിനേഷ് പിഎസ് ആണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. നേരത്തെ ജേക്കബ് വടക്കാഞ്ചേരിക്കെതിരെ താന്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ലെന്നും ജിനേഷിന്റെ പുതിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

നിപ വൈറസ് ഇല്ലെന്നും മരുന്ന് മാഫിയകളുടെ സൃഷ്ടിയാണ് അതെന്നുമാണ് വടക്കാഞ്ചേരി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ രണ്ട് ദിവസം മുമ്പ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇന്ന് മോഹനന്‍ വൈദ്യരുടെ പോസ്റ്റും പുറത്തുവന്നത്. അസുഖ ബാധിതമായ പേരാമ്പ്രയില്‍ നിന്നും ശേഖരിച്ച വവ്വാല്‍ കടിച്ചതെന്ന് പറയപ്പെടുന്ന മാമ്പഴങ്ങളും ചാമ്പയ്ക്കും തന്റെ രോഗികള്‍ക്ക് മുന്നില്‍ നിന്ന് കഴുകാതെ തന്നെ കഴിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

വീഡിയോ പ്രസിദ്ധീകരിച്ച് എട്ട് മണിക്കൂറിനുള്ളില്‍ 15,000 പേര്‍ അത് ഷെയര്‍ ചെയ്തുവെന്നും ഈ വീഡിയോ പ്രചരിക്കുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുമെന്നും ഡോ. ജിനേഷ് പറയുന്നു. ഇദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിച്ചാല്‍ കേരളത്തില്‍ നിന്നും ഈ അസുഖം പകരുന്നത് തടയുന്നതിന് തന്നെ ചിലപ്പോള്‍ വിഘാതം നേരിട്ടേക്കാമെന്നും ജിനേഷ് ചൂണ്ടിക്കാട്ടി. ഇനിയും നടപടികള്‍ എടുക്കാന്‍ വൈകിയാല്‍ വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത കേരള മോഡല്‍ ആരോഗ്യം ഒരു ചോദ്യചിഹ്നമായി മാറാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ മാതൃകാപരവും ശക്തവുമായ നടപടികള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞാണ് ജിനേഷിന്റെ കത്ത് അവസാനിക്കുന്നത്.

ജിനേഷിന്റെ പരാതിയുടെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,

നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് കേരളം ഗൗരവതരമായ ഒരു സാഹചര്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച 12 പേരില്‍ 10 പേരും മരണമടഞ്ഞു. 40 മുതല്‍ 70 ശതമാനം വരെ മരണനിരക്ക് വരാവുന്ന അസുഖമാണ്. ചികിത്സയെക്കാള്‍ പ്രധാന പ്രതിരോധ നടപടികള്‍ ആണ്.

പുതുതായി രോഗബാധ ഉണ്ടാകുന്നത് തടയുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമാണ്. അതുകൊണ്ട് തന്നെ ഈ അസുഖം വരാനുള്ള എല്ലാ വഴികളും അടക്കേണ്ടത് ആവശ്യമാണ്.

വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ള അസുഖമാണ്. അതുകൊണ്ടുതന്നെ വവ്വാലുകള്‍ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങള്‍ ഉപയോഗിക്കരുത് എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു.

ഇന്നിപ്പോള്‍ മോഹനന്‍ എന്ന വ്യക്തി അസുഖബാധിതമായ സ്ഥലമായ പേരാമ്പ്രയില്‍ നിന്നും ശേഖരിച്ച, വവ്വാലുകള്‍ ഭാഗികമായി ആഹരിച്ചത് എന്ന് അവകാശപ്പെടുന്ന കായ്ഫലങ്ങള്‍ ഭക്ഷിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയുണ്ടായി. ആരോഗ്യ വകുപ്പാണ് നിപ്പാ വൈറസിന് കാരണമെന്ന് അദ്ദേഹം അതില്‍ ആരോപിക്കുന്നു. വവ്വാലുകള്‍ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങള്‍ കഴിച്ചാല്‍ വൈറസ് ബാധ ഉണ്ടാവില്ല എന്നും അദ്ദേഹം പറയുന്നു.

പ്രസിദ്ധീകരിച്ചതിനു ശേഷം എട്ടു മണിക്കൂറിനുള്ളില്‍ 15000 ഷെയര്‍ ആണ് ആ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

വളരെയധികം ജനങ്ങള്‍ ഇദ്ദേഹത്തിന്റെ അബദ്ധ പ്രചരണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിച്ചാല്‍ കേരളത്തില്‍ നിന്നും ഈ അസുഖം പകരുന്നത് തടയുന്നതിന് തന്നെ ചിലപ്പോള്‍ വിഘാതം നേരിട്ടേക്കാം.

കേരളത്തിലാകെ 56 തരം വവ്വാലുകള്‍ ആണുള്ളത്. അതില്‍ നാല് സ്പീഷീസുകളില്‍ നിന്നുമാത്രമേ നിപ്പാ വൈറസിനെ കേരളത്തിന് പുറത്തുനിന്ന് കണ്ടുപിടിച്ചിട്ടുള്ളൂ. അദ്ദേഹം ആഹരിച്ചതില്‍ അണുബാധയുള്ള സ്പീഷീസുകള്‍ ഭാഗികമായി ഭക്ഷിച്ചത് ഉണ്ടാവണം എന്നു പോലുമില്ല.

മാത്രമല്ല കേരളത്തില്‍ ഈ അസുഖം പടര്‍ന്നുപിടിച്ചത് വവ്വാലുകളില്‍ നിന്നാണോ എന്ന് സ്ഥിരീകരിച്ചിട്ടുമില്ല. പക്ഷേ കരുതല്‍ എന്ന നിലയില്‍ ഇത്തരം ആഹാരപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ചേ മതിയാവൂ.

എന്നാല്‍ വവ്വാലുകള്‍ ആഹരിച്ച കായ്ഫലങ്ങള്‍ ഭക്ഷിച്ചാല്‍ കുഴപ്പമില്ല എന്നു പറയുന്ന വീഡിയോയ്ക്ക് ഫേസ്ബുക്കില്‍ മാത്രം 15000 ഷെയര്‍ ഉണ്ടാകുമ്പോള്‍, സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന സന്ദേശം പാലിക്കപ്പെടണം എന്നില്ല. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ കേരള സമൂഹത്തിന്റെ ആരോഗ്യത്തിനു തന്നെ വലിയ ഭീഷണിയാവും.

സംസ്ഥാനം അതിന്റെ എല്ലാ ജാഗ്രതയോടും കഴിവുകളോടും കൂടി ഒരസുഖത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍, അബദ്ധങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് അനുവദിച്ചുകൂടാ. പൗരന്റെ ജീവനും ആരോഗ്യവും സംരക്ഷിക്കുക എന്നുള്ളത് സ്റ്റേറ്റിന്റെ കടമയായതിനാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഇതുപോലെ അശാസ്ത്രീയമായ പ്രചാരണങ്ങള്‍ നടത്തുന്നവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കൂടുതല്‍പേര്‍ ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ പ്രചരിപ്പിക്കുകയും ജനങ്ങള്‍ കൂടുതല്‍ തെറ്റിദ്ധാരണയിലേക്ക് നയിക്കപ്പെടുകയും ചെയ്യും.

മോഹനന്റെ വീഡിയോയുടെ ലിങ്ക്: ………….

ഇതേ വിഷയം മുന്‍നിര്‍ത്തി ജേക്കബ് വടക്കന്‍ചേരി എന്ന വ്യക്തിക്കെതിരെ രണ്ടു ദിവസം മുന്‍പ് അങ്ങേയ്ക്ക് ഒരു പരാതി സമര്‍പ്പിച്ചിരുന്നു. അതില്‍ നടപടികള്‍ പ്രായോഗികതലത്തില്‍ എത്തിയില്ല എന്നതില്‍ ആശങ്ക രേഖപ്പെടുത്തുന്നു. (സൂചന: E.ptn3255/2018)

ഇനിയും നടപടികള്‍ എടുക്കാന്‍ വൈകിയാല്‍ വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത കേരള മോഡല്‍ ആരോഗ്യം ഒരു ചോദ്യചിഹ്നമായി മാറാന്‍ സാദ്ധ്യതയുണ്ട്.

അതുകൊണ്ടുതന്നെ മാതൃകാപരവും ശക്തവുമായ നടപടികള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,

ജനങ്ങളുടെ ആരോഗ്യത്തിന് വേണ്ടി നിലപാടെടുക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്,

ജിനേഷ് പി. എസ്.
ഇന്‍ഫോക്ലിനിക്ക്

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on May 23, 2018 10:22 pm