X

‘എത്ര വലിയ ഉന്നതനായാലും തെറ്റു ചെയ്താല്‍ നടപടിയുണ്ടാകും’: പിണറായി വിജയന്‍

തൃശ്ശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ ബറ്റാലിയന്‍ രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എത്ര വലിയ ഉന്നതനായാലും തെറ്റു ചെയ്താല്‍ നടപടിയുണ്ടാകുമെന്നും ഉന്നതര്‍ക്ക് നിയമത്തിനു മുന്നില്‍ പ്രത്യേക പരിഗണനയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ ബറ്റാലിയന്‍ രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രസംഗം മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

“നിയമത്തിനും നീതിക്കും മുന്നില്‍ എല്ലാവരും സമന്മാരാണ്. എത്ര വലിയ ഉന്നതനായാലും തെറ്റു ചെയ്താല്‍ നടപടിയുണ്ടാകും. ഉന്നതര്‍ക്ക് നിയമത്തിനു മുന്നില്‍ പ്രത്യേക പരിഗണനയില്ല. സാമൂഹ്യ സ്ഥാനമോ പദവിയോ പോലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസ്സമാകില്ല.

തൃശ്ശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ ബറ്റാലിയന്‍ രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു.

സംസ്ഥാനത്ത് ലോക്കപ്പ് മര്‍ദ്ദനവും മൂന്നാം മുറയും പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. മൂന്നാമുറ ഒരു കാരണവശാലും വച്ച് പൊറുപ്പിക്കില്ല. കുറ്റം തെളിയിക്കാനും വ്യക്തി വൈരാഗ്യം തീര്‍ക്കാനും മൂന്നാംമുറ സ്വീകരിക്കുന്നവര്‍ക്കു കേരളാപോലീസില്‍ സ്ഥാനമുണ്ടാകില്ല. അടുത്തിടെ നടന്ന ഇത്തരം സംഭവങ്ങളില്‍ അന്വേഷണം നല്ല രീതിയില്‍ നടന്നു വരികയാണ്. റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയായാല്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും. ലോക്കപ്പില്‍ മനുഷ്യ വിരുദ്ധമായാതൊന്നും അനുവദിക്കില്ല. ചിലരുടെ പ്രവര്‍ത്തികള്‍ മൂലം പോലീസ് സേനയുടെ ആകെ നേട്ടങ്ങള്‍ കുറച്ചു കാണുന്ന സ്ഥിതിയുണ്ട്.

സംസ്ഥാനം വനിതകള്‍ക്ക് വലിയതോതിലുള്ള ആദരവും അംഗീകാരവുമാണ് നല്‍കുന്നത്. വിവിധമേഖലകളില്‍ തുല്യത ഉറപ്പുവരുത്തുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. സ്ത്രീകളുടെ സാമൂഹ്യ പദവി ഉയര്‍ത്തുന്നതിലൂടെ സ്ത്രീ ശാക്തീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളാപോലീസ് വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണ്. ഈ നടപടികള്‍ തുടരും. പരിശീലനം പൂര്‍ത്തിയാക്കിയ 146 വനിതകളില്‍ 29 ബിരുദാനന്തര ബിരുദധാരികളും 5 ബിടെക് ബിരുദധാരികളും 3 കമ്പ്യൂട്ടര്‍ ബിരുദാനന്തര ബിരുദധാരികളും 25 പേര്‍ ബി എഡ്ബിരുദമുള്ളവരും 3 എം ബി എ ക്കാരും 55 ബിരുദധാരികളും 4 ഡിപ്ലോമക്കാരും 2 ടിടിസി ക്കാരുമാണുള്ളത്. അടിസ്ഥാനപരിശീലനത്തിനു പുറമെ കമാന്‍ഡോ പരിശീലനം, കളരി, കരാട്ടെ, യോഗ, നീന്തല്‍, ഡ്രൈവിംഗ്, കമ്പ്യൂട്ടര്‍ തുടങ്ങിയവയിലും പരിശീലനം നല്‍കി. ഇതില്‍ 16 പേര്‍ കമാന്‍ഡോ പരിശീലനവും പൂര്‍ത്തിയാക്കി.”