X

ശ്രദ്ധിക്കുക; കുട്ടിയുടെ ഭാവിയുടെയും ജീവിതത്തിന്റെയും കാര്യമാണ്: ലഹരി ഉപയോഗം തടയാൻ മാതാപിതാക്കൾക്കുമുണ്ട് ചെയ്യാന്‍

തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ അതിഭീകരമായ വിപത്തില്‍ നിന്ന് കുട്ടിയെ മോചിപ്പിക്കാന്‍ കഴിയും.

പുകയില,ലഹരിവസ്തുക്കള്‍ എന്നിവ കുട്ടികള്‍ക്കിടയില്‍ വളരെ വ്യാപകമാവുകയാണ്.തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ അതിഭീകരമായ വിപത്തില്‍ നിന്ന് ഇവരെ മോചിപ്പിക്കാന്‍ കഴിയും. കൂട്ടുകുടുംബ വ്യവസ്ഥക്രമാതീതമായി കുറഞ്ഞു വരുന്ന നമ്മുടെ രാജ്യത്ത് കുട്ടികളെ ലഹരിയുടെ വഴികളില്‍നിന്നും കരകയറ്റാന്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്.

കുട്ടികള്‍ക്കിടയില്‍ പുകയിലയുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതില്‍ രക്ഷിതാക്കള്‍ക്കും തുല്യമായ ഉത്തരവാദിത്വമുണ്ട്. അവരുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കുക, അവരുടെ കൂട്ടുകാര്‍ ആരൊക്കെയാണെന്ന് വിശദമായി അറിയുക, അവരുടെ പഠന നിലവാരത്തെ കുറിച്ച് ചോദിച്ചറിയുക, പഠനമോ വിനോദമോ കഴിഞ്ഞ് കുട്ടികള്‍ വീട്ടില്‍ വരുന്ന സമയം ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.

സ്‌കൂള്‍തലം മുതല്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങിയവരാണ് കൂടുതലും അതിന് അടിമപ്പെടുന്നത്. ‘ജോജോ ആന്‍ഡ് സെറ്റ്’, ‘ജോയിന്റ്’, ‘മരിജു’, ‘ഇല’, ‘സ്റ്റഫ്’, ‘സാധനം’ എന്നൊക്കെയാണ്‌ ലഹരിവസ്തുക്കളുടെ ചില കൊടുഭാഷകള്‍. ഇവയെകുറിച്ചൊക്കെ രക്ഷിതാക്കള്‍ക്കും അല്‍പ്പം ജ്ഞാനം ഉണ്ടാവണം. 20 വയസ്സില്‍ ഒരാള്‍ പുകവലി ആരംഭിച്ചിട്ടില്ലെങ്കില്‍ പിന്നീടവര്‍ പുകയിലയുടെ അടിമകളാവാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 20 വയസ്സിനു മുന്‍പേ തുടങ്ങിയാല്‍ നിര്‍ത്താന്‍ അല്‍പ്പം പ്രയാസമാണ്.പുകവലിക്കുകയെന്നാല്‍ അത്ര മഹത്തരമായ കാര്യമൊന്നും അല്ലെന്നു കുട്ടികളെ പറഞ്ഞു മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം.

മാതാപ്പിതാക്കളില്‍ നിന്നുമാണ് കുട്ടികള്‍ പല ശീലങ്ങളും പഠിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ശ്രദ്ധിച്ചില്ലെങ്കില്‍ സ്‌കൂള്‍ തലത്തില്‍ പുകവലി തുടങ്ങുന്ന കുട്ടി ഡിഗ്രി ക്ലാസുകളില്‍ എത്തുമ്പോഴേക്കും പലവിധ ഡ്രഗ്ഗുകള്‍ക്കും കീഴ്‌പ്പെട്ടിരിക്കും.സ്‌കൂളില്‍ പോവുകയാണെന്ന ഭാവത്തില്‍ മറ്റെവിടെയെങ്കിലും പോകുക, സ്‌കൂളില്‍ തീരെ പോവാതിരിക്കുക, വസ്ത്രങ്ങളില്‍ നിന്നോ, അവര്‍ ഉപയോഗിക്കുന്ന മുറികളില്‍നിന്നോ സിഗററ്റിന്റെയോ പുകയുടെയോ മണം വരിക, സംസാരിക്കുമ്പോള്‍ തപ്പിത്തടയല്‍ എന്നിവ ഉണ്ടാവുക, പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങള്‍, പോക്കറ്റിലോ ബാഗിലോ മുറിയിലോ ആവശ്യത്തില്‍ കൂടുതല്‍ പണം കാണപ്പെടുക, ചോദിച്ചാല്‍ കള്ളം പറയുക തുടങ്ങിയവയെല്ലാം ശ്രദ്ധിക്കണം.

അഥവാ പുകയില ഉപയോഗിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ വൈകാരികമായി പ്രതികരിക്കരുത്. ഭീഷണിപ്പെടുത്തിയോ മര്‍ദിച്ചോ ഉപദേശിച്ചോ ശകാരിച്ചോ ഇത്തരത്തിലുള്ള ശീലം മാറ്റാന്‍ കഴിയില്ല. എത്രയും പെട്ടെന്ന് കൗണ്‍സലിങ് നല്‍കണം. ചിലപ്പോള്‍ മരുന്നുകളുടെ സഹായവും വേണ്ടിവരും. പുറത്തറിയുമെന്നോ നാണക്കേടാണെന്നോ കരുതരുത്. എന്തു സംഭവിച്ചാലും ഞങ്ങള്‍ കൂടെയുണ്ടാവും എന്ന വിശ്വാസം കുട്ടിയിലുണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. ശ്രദ്ധിക്കുക; കുട്ടിയുടെ ഭാവിയുടെയും ജീവിതത്തിന്റെയും കാര്യമാണ്.

Read More : വാര്‍ത്തകള്‍ കൊണ്ടുള്ള അത്യുല്‍കണ്ഠത ഒഴിവാക്കാം 5കാര്യങ്ങളിലൂടെ