X

മനുഷ്യനിൽ എബോളയെ പ്രതിരോധിക്കാനുള്ള പ്രോട്ടീനിന്റെ സാന്നിധ്യം കണ്ടെത്തി

എബോള വൈറസിനെതിരെ പ്രവർത്തിക്കുന്ന മരുന്നുകളുടെ നിർമാണത്തിൽ ഈ സാധ്യത പ്രയോജനപ്പെടുത്താമോ എന്ന ചോദ്യമാണ് ഇപ്പോൾ പ്രസക്തമാകുന്നത്

എബോള വൈറസിൽ നിന്ന് മനുഷ്യശരീരത്തെ രക്ഷിക്കാൻ ശേഷിയുള്ള പ്രോട്ടീൻ ഗവേഷകർ കണ്ടെത്തി. നോർത്ത് വെസ്റ്റേൺ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് മനുഷ്യശരീരത്തിലെ പ്രോട്ടീനും എബോള വൈറസ് പ്രോട്ടീനും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. മാസ്സ് സ്പെക്ട്രോമെട്രി (Mass Spectrometry) എന്ന ടെക്‌നിക്കിന്റെ സഹായത്താലാണ് ഇത് സാധ്യമായത്.

എബോള വൈറസ് പ്രോട്ടീനായ VP30യും മനുഷ്യശരീരത്തിലെ പ്രോട്ടീനായ RBBP6ഉം തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകൾ സെൽ (Cell) മാസികയാണ് പ്രസിദ്ധീകരിച്ചത്. 23 അമിനോ ആസിഡുകൾ ചേർന്ന ചെറിയ പെപ്റ്റെഡ് ചെയിൻ ആണ് എബോള വൈറസിനെതിരെ പ്രവർത്തിക്കുക. വൈറസുകളുടെ സാന്നിധ്യം മനുഷ്യനിൽ നിന്ന് അകറ്റിനിർത്താൻ ഈ ചെറിയ അമിനോ ആസിഡ് വലയത്തിനാകുമെന്നാണ് വിലയിരുത്തൽ.

“മനുഷ്യകോശങ്ങളിൽ ഈ പെപ്റ്റെട് നിക്ഷേപിക്കുന്നത് വഴി എബോള ഇൻഫെക്ഷനിൽ നിന്ന് ശരീരത്തെ അകറ്റിനിർത്താം. RBBP6 പ്രോട്ടീൻ ശരീരത്തിൽ നിന്ന് നീക്കം ചെയുന്ന പക്ഷം, ഇരട്ടി വേഗത്തിൽ എബോള വൈറസ് ശരീരത്തെ ബാധിക്കുമെ”ന്നും ഗവേഷകൻ പ്രൊഫ. ജൂഡ്‌ ഹൾട്ട്ക്വിസ്റ്റ് (Judd Hultquist) വ്യക്തമാക്കുന്നു.

എബോള വൈറസിനെതിരെ പ്രവർത്തിക്കുന്ന മരുന്നുകളുടെ നിർമാണത്തിൽ ഈ സാധ്യത പ്രയോജനപ്പെടുത്താമോ എന്ന ചോദ്യമാണ് ഇപ്പോൾ പ്രസക്തമാകുന്നത്. അതുതന്നെയാണ് ഗവേഷകരുടെ അടുത്ത ലക്ഷ്യമെന്ന് പ്രൊഫ. ജൂഡ്‌ പറയുന്നു