X

ആഗോള ജനസംഖ്യയുടെ നാലിലൊന്ന് പേര്‍ സ്വന്തം ആരോഗ്യത്തെ നശിപ്പിക്കുന്നു: ലോകാരോഗ്യസംഘടന

ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

വ്യായാമക്കുറവ് കാരണം ആഗോള ജനസംഖ്യയുടെ നാലിലൊന്ന് പേരും അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ നശിപ്പിക്കുകയാണെന്ന് ലോകാരോഗ്യസംഘടന (W H O). മുതിര്‍ന്നവരില്‍ 1.4 ബില്യണ്‍ പേരും ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ വ്യായാമം ചെയ്യുന്നില്ലെന്നും, സമ്പന്ന രാജ്യങ്ങളിലാണ് ഇത് കൂടുതല്‍ കണ്ടുവരുന്നതെന്നും ലോകാരോഗ്യസംഘടന നടത്തിയ ഗവേഷണങ്ങള്‍ പറയുന്നു.

സ്ത്രീകളില്‍ മൂന്നിലൊന്നും പുരുഷന്മാരില്‍ നാലിലൊന്നും പേര്‍ മതിയായ വ്യായാമം ചെയ്യുകയോ വേണ്ടത്ര ചലിക്കുകയോ ചെയ്യുന്നില്ല. ജോലി സ്ഥലത്തായാലും, വൈകുന്നേരം ടി.വിയുടെ മുന്നിലായാലും, യാത്ര ചെയ്യുകയായാലും പലപ്പോഴും ദിവസം മുഴുവന്‍ ഇരുന്നുകൊണ്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അതുകൊണ്ട് ചലിക്കുക എന്നത് അടിയന്തിര ആവശ്യമായി മാറിയിരിക്കുന്നു എന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു.

ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ്, ചിലതരം ക്യാന്‍സര്‍, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ക്ക് വ്യായാമക്കുറവ് കാരണമാകുന്നു എന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ആഴ്ചതോറും ഏറ്റവും കുറഞ്ഞത് 150 മിനിറ്റ് മിതമായും, അല്ലെങ്കില്‍ 75 മിനിറ്റ് തീവ്രമായും വ്യായാമം ചെയ്യണമെന്നാണ് ഡബ്ല്യൂ എച്ച് ഒ ശുപാര്‍ശ ചെയ്യുന്നത്.

പ്രതിദിനം അധ്വാനിക്കുന്ന ജനവിഭാഗമുള്ള വികസ്വര രാജ്യങ്ങളിലെ പകുതിയിലധികം പേരും ആരോഗ്യമുള്ളവരാണ്. എന്നാല്‍ കുവൈറ്റ് (67%), അമേരിക്കന്‍ സമോവ (53%), സൗദി അറേബ്യ (53%), ഇറാഖ് (52%) തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവക്കുന്നത്. യുകെയില്‍ 40% സ്ത്രീകളും 32% പുരുഷന്മാരും, അമേരിക്കയില്‍ 48% സ്ത്രീകളും പുരുഷന്മാരില്‍ 32% പേരും സജീവമായി വ്യായാമ മുറകളൊന്നും ചെയ്യുന്നില്ല.

കഴിഞ്ഞ 15 വര്‍ഷമായി കൂടുതല്‍ സമ്പന്നമായ പാശ്ചാത്യരാജ്യങ്ങളില്‍ നിഷ്‌ക്രിയത്വം കൂടിവരികയാണ്. 2001-ല്‍ 31% ആയിരുന്നത് 2016-ല്‍ 37% ആയി വര്‍ദ്ധിച്ചു. ഈ സ്ഥിതി തുടര്‍ന്നാല്‍ 2025-ഓടെ നിഷ്‌ക്രിയത്വത്തിന്റെ അളവ് 10% കുറയ്ക്കണമെന്ന യു.എന്‍ മുന്നോട്ടുവച്ചിട്ടുള്ള ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടില്ല. മറ്റ് ആഗോള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ പ്രശ്‌നം മാത്രം കുറഞ്ഞു വരുന്നില്ലെന്ന് മുഖ്യ ഗവേഷകയായ ഡോ. റെജീന പറയുന്നു.

This post was last modified on September 5, 2018 6:12 pm