X

പേറ്റന്റുകളില്‍ മുന്നില്‍: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് ദേശീയ അംഗീകാരം

രജിസ്റ്റര്‍ ചെയ്ത ബൗദ്ധിക സ്വത്തവകാശത്തിന്റെ എണ്ണത്തിന് പുറമേ ഇവ ഉപയോഗിച്ച് വാണിജ്യ-വ്യവസായ മേഖലയ്ക്കും അതുവഴി സമൂഹത്തിനും ശ്രീചിത്ര നല്‍കിയ സംഭാവനകള്‍ കൂടി പരിഗണിച്ചാണ് പുരസ്‌കാരം

ദേശീയ ബൗദ്ധിക സ്വത്തവകാശ പുരസ്‌കാരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിക്ക് ലഭിച്ചു. പേറ്റന്റുകളിലും വാണിജ്യവല്‍ക്കരണത്തിലും മികച്ച നേട്ടം കൈവരിച്ച സ്ഥാപനം എന്ന വിഭാഗത്തിലാണ് ശ്രീചിത്രയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

രജിസ്റ്റര്‍ ചെയ്ത ബൗദ്ധിക സ്വത്തവകാശത്തിന്റെ എണ്ണത്തിന് പുറമേ ഇവ ഉപയോഗിച്ച് വാണിജ്യ-വ്യവസായ മേഖലയ്ക്കും അതുവഴി സമൂഹത്തിനും ശ്രീചിത്ര നല്‍കിയ സംഭാവനകള്‍ കൂടി പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര സര്‍ക്കാര്‍ ലോക ബൗദ്ധിക സ്വത്തവകാശ ദിനത്തോട് അനുബന്ധിച്ച് നല്‍കുന്ന പുരസ്‌കാരമാണ് ഇത്. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

കേന്ദ്ര സെക്രട്ടറി രമേഷ് അഭിഷേക് പുരസ്‌കാര വിതരണം നിര്‍വഹിച്ചു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. ആശാ കിഷോര്‍ ഏറ്റുവാങ്ങി. ശ്രീചിത്ര 54 സാങ്കേതിക വിദ്യകള്‍ വിവിധ കമ്പനികള്‍ക്ക് കൈമാറുകയും 97 ഇന്ത്യന്‍ പേറ്റന്റുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. 127 പേറ്റന്റ് അപേക്ഷകള്‍ അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കുകയാണ്. വിദേശ പേറ്റന്റുകള്‍ക്കായി 21 അപേക്ഷകളാണ് സ്ഥാപനം സമര്‍പ്പിച്ചിരിക്കുന്നത്. അപേക്ഷകനായോ സഹ അപേക്ഷകനായോ ആണിത്. 25 ഡിസൈന്‍ രജിസ്‌ട്രേഷനുകളും ഒരു ട്രേഡ് മാര്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരിലുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ശ്രീചിത്ര 15 സാങ്കേതിക വിദ്യകള്‍ കൈമാറ്റം ചെയ്യുകയും ഒരു സാങ്കേതിക വിദ്യ വാണിജ്യവല്‍ക്കരിക്കുകയും ചെയ്തിട്ടുണ്ട്.