X

രോഗ സാധ്യതകുറയ്ക്കാന്‍ സസ്യാഹാരത്തെക്കാള്‍ മാംസാഹാരം കഴിക്കുന്നത് സ്ത്രീകളെ സഹായിക്കുമെന്ന് പഠനം

മാംസാഹാരികളായ സ്ത്രീകള്‍ക്ക് ശുദ്ധ സസ്യാഹാരികളായ സ്ത്രീകളെ അപേക്ഷിച്ച് പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങളും അര്‍ബുദവും വരാന്‍ സാധ്യത കുറവാണെന്നാണ് പഠനത്തില്‍ പറയുന്നത്‌

കൊഴുപ്പുള്ള ഭക്ഷണങ്ങളും മാംസാഹാരവും മറ്റും കഴിക്കുന്നവരേക്കാള്‍ സസ്യാഹാരപ്രിയര്‍ കൂടുതല്‍ ആരോഗ്യമുള്ളവരായിരിക്കും എന്നൊരു പൊതുധാരണയുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് എപ്പോഴും കേള്‍ക്കേണ്ടി വരുന്ന ഒരു ഉപദേശവുമാണിത്. പിസിഒഎസ് ഉള്ള സ്ത്രീകള്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. പക്ഷെ കാര്യങ്ങള്‍ അങ്ങനെമാത്രല്ല, മാംസാഹാരികളായ സ്ത്രീകള്‍ക്ക് ആവേശം പകരുന്ന ഒരു പഠനഫലമാണ് ഡല്‍ഹി എയിംസും ഷേര്‍ ഐ കശ്മീര്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി പുറത്ത് വിടുന്നത്. മാംസാഹാരികളായ സ്ത്രീകള്‍ക്ക് ശുദ്ധ സസ്യാഹാരികളായ സ്ത്രീകളെ അപേക്ഷിച്ച് പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങളും അര്‍ബുദവും വരാന്‍ സാധ്യത കുറവാണെന്നാണ് നീണ്ട നാളത്തെ പരീക്ഷണത്തിലൂടെ അവര്‍ തെളിയിക്കുന്നത്. മാംസാഹാരികള്‍ക്ക് രണ്ടാമത്തെ കൂട്ടരേ അപേക്ഷിച്ച് പൊണ്ണത്തടി വരാനുള്ള സാധ്യത പോലും കുറവാണത്രേ…!

18 നും 40 നും ഇടയില്‍ പ്രായമുള്ള 464 സ്ത്രീകള്‍ക്കിടയിലാണ് പഠനം നടത്തിയത്. കശ്മീരില്‍ നിന്നും മാംസാഹാരികളായ 203 സ്ത്രീകളെയും ഡല്‍ഹി നഗരത്തില്‍ നിന്ന് സസ്യാഹാരം മാത്രം കഴിക്കുന്ന 261 സ്ത്രീകളെയും തെരഞ്ഞെടുത്താണ് പഠനം നടത്തിയത്. പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം (PCOS) ഉള്ള സ്ത്രീകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 2015 മുതല്‍ 2018 വരെയുള്ള നീണ്ട കാലം വിവിധ പരിശോധനകള്‍ക്ക് ഇവരെ വിധേയമാക്കി കൊണ്ടാണ് ഈ ആധികാരിക പഠനം നടന്നത്.

പരീക്ഷണ ഫലങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ആഴ്ചയില്‍ അഞ്ചു നേരമെങ്കിലും മാംസാഹാരം കഴിക്കുന്ന കശ്മീരി സ്ത്രീകള്‍ക്ക് ശുദ്ധ വെജിറ്റേറിയനായ സ്ത്രീകളെക്കാള്‍ ആരോഗ്യമുണ്ടെന്നും രോഗങ്ങള്‍ വരാന്‍ ഇക്കൂട്ടര്‍ക്ക് താരതമ്യേനെ സാധ്യത കുറവാണെന്നും പഠനം തെളിയിച്ചു. തെരഞ്ഞെടുത്തവില്‍ 144 സ്ത്രീകള്‍ക്കും പിസിഒഎസ് ഉണ്ടായിരുന്നെങ്കിലും അവരിലേയും മാംസാഹാരികള്‍ കൂടുതല്‍ രോഗപ്രതിരോധ ശക്തിയുള്ളവരാണെന്ന് പഠനം കണ്ടെത്തി.
ഭാരം,ഉയരം, ആര്‍ത്തവ ചക്രം, ലിപിഡ് പ്രൊഫൈല്‍, രക്ത സമ്മര്‍ദ്ദം, വൃക്കയുടെ പ്രവര്‍ത്തനം, കരളിന്റെ പ്രവര്‍ത്തനം, ജീവിത ശൈലി രോഗങ്ങളോട് പ്രതികരിക്കുന്ന വിധം മുതലായവ കണക്കിലെടുത്താണ് നീണ്ട പരിശോധനകള്‍ നടന്നത്. ഒരു സാധാരണ ഇന്ത്യന്‍ വെജിറ്റേറിയന്‍ ഭക്ഷണ രീതി ആരോഗ്യകരമായി തോന്നാമെങ്കിലും ഇന്‍സുലിന്‍ പ്രതിരോധം മുതലായവ കണക്കിലെടുക്കുമ്പോള്‍ ഈ ഭക്ഷണ രീതിയെ ഒന്ന് പുനര്‍വിചിന്തനം നടത്തേണ്ടി വരുമെന്നും ഭക്ഷണത്തില്‍ മല്‍സ്യ മാംസാദികള്‍ ഉള്‍പ്പെടുത്തണമെന്നും പഠനഗ്രൂപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്.

This post was last modified on January 25, 2019 8:11 am