X

ഭീകരതക്കെതിരായ മുസ്ലീങ്ങളുടെ നിലപാട് അന്വേഷിക്കുന്നവരോട് ഹീര ഹാഷ്മിക്ക് പറയാനുള്ളത്

കോളറാഡോ സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ഹീരയുടെ ക്ലാസില്‍ നടന്ന ഒരു ചര്‍ച്ചയില്‍ കേട്ട ഈ പൊതുബോധത്തെ കുറിച്ചുള്ള അഭിപ്രായപ്രകടനമാണ് ഇതിനെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ ആര്‍വ മഹ്ദാവി പറയുന്നു.

‘എല്ലാ മുസ്ലീങ്ങളും ഭീകരവാദികളല്ല, പക്ഷെ ഭീകരവാദികളെല്ലാം മുസ്ലീങ്ങളാണ്. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കാനും മുസ്ലീങ്ങള്‍ മടിക്കുന്നു. ‘ഇത് ആഗോളതലത്തിലുള്ള ഒരു പൊതുബോധമാണ്. ഈ പൊതുബോധത്തിനെതിരെയുള്ള പോരാട്ടത്തിലാണ് ഹീരാ ഹാഷ്മി എന്ന പത്തൊമ്പതുകാരിയായ അമേരിക്കന്‍ മുസ്ലീം. കോളറാഡോ സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ഹീരയുടെ ക്ലാസില്‍ നടന്ന ഒരു ചര്‍ച്ചയില്‍ കേട്ട ഈ പൊതുബോധത്തെ കുറിച്ചുള്ള അഭിപ്രായപ്രകടനമാണ് ഇതിനെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ ആര്‍വ മഹ്ദാവി പറയുന്നു.

ഈ മുന്‍വിധി ഹീരാ ഹാഷ്മിയെ നിരാശപ്പെടുത്തി. ഇസ്ലാമിന്റെ പേരില്‍ ആക്രമണങ്ങള്‍ നടത്തുന്നതിനെ മുസ്ലീങ്ങള്‍ തുടര്‍ച്ചയായി തള്ളിക്കളയുന്ന നിരവധി സംഭവങ്ങള്‍ അവരുടെ ഓര്‍മ്മയില്‍ വന്നു. ഈ സംഭവങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് മുസ്ലീങ്ങളെ കുറിച്ചുള്ള പൊതുബോധത്തെ തച്ചുടയ്ക്കാം എന്ന ആശയം ഉടലെടുക്കുന്നത് അങ്ങനെയാണ്. മുസ്ലീങ്ങള്‍ ഭീകരവാദത്തെ എതിര്‍ത്ത സംഭവങ്ങളുടെ തെളിവുകള്‍ സഹിതം ശേഖരിച്ച് ഗൂഗിള്‍ സ്‌പ്രെഡ്ഷീറ്റിന്റെ സഹായത്തോടെ അവര്‍ 712 പേജുകളുള്ള ഒരു രേഖ തയ്യാറാക്കി. ഗാര്‍ഹീക പീഢനങ്ങള്‍ മുതല്‍ 9/11 വരെയുള്ള സംഭവവികാസങ്ങള്‍ അതിലുണ്ടായിരുന്നു. പിന്നീട് ഈ രേഖ ഹീരാ ഹാഷ്മി ട്വീറ്റ് ചെയ്തു. വന്‍ പ്രതികരണമാണ് ലഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ 15,000 തവണയാണ് ഇത് റീട്വീറ്റ് ചെയ്യപ്പെട്ടത്. ചില സുഹൃത്തുക്കളുടെ സഹായത്തോടെ അവര്‍ ഇതൊരു ഇന്റര്‍ആക്ടീവ് വെബ്‌സൈറ്റ് ആക്കി മാറ്റി. അങ്ങനെ കഴിഞ്ഞ നവംബറില്‍ muslimscondemn.com എന്ന വെബ്‌സൈറ്റ് പിറന്നു.

ഭീകരവാദത്തില്‍ മുസ്ലീങ്ങള്‍ക്ക് ആശങ്കയില്ലെന്ന് വാദിക്കുന്നത് എത്ര ബാലിശമാണെന്ന് ആളുകളെ മനസിലാക്കിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഹീരാ ഹാഷ്മി പറയുന്നു. പക്ഷെ, മുസ്ലീങ്ങള്‍ ഭീകരതയെ എതിര്‍ക്കുന്നു എന്ന് തെളിയിക്കുക മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. ഓരോ ഭീകരാക്രമണത്തിനും ശേഷം മുസ്ലീങ്ങള്‍ ക്ഷമ ചോദിക്കേണ്ടി വരുന്നത് എത്ര മാത്രം അധിക്ഷേപകരമാണ് എന്ന് തെളിയിക്കാന്‍ ഈ 19കാരിക്ക് സാധിച്ചു. മറ്റ് ന്യൂനപക്ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു സാഹചര്യമാണ് മുസ്ലീങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്നതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. വിരലിലെണ്ണാവുന്ന ഏതെങ്കിലും ഭ്രാന്തന്മാര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് 1.6 ബില്യണ്‍ ജനങ്ങള്‍ ക്ഷമ ചോദിക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ക്രിസ്തീയ വിശ്വാസത്തിന്റെ യഥാര്‍ത്ഥ പ്രതിനിധി കെകെകെയോ വെസ്റ്റ്‌ബ്രോ ബാപ്റ്റിസ്റ്റ് ചര്‍ച്ചോ ലോഡ്‌സ് റസിസ്റ്റന്‍സ് ആര്‍മിയോ ആണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് അവര്‍ വ്യക്തമായി പറയുന്നു. അവരെ ക്രിസ്തുമതത്തിലെ തീവ്രവാദ ന്യൂനപക്ഷമായി പൊതുവില്‍ കരുതുന്നു. ഇസ്ലാമിക തീവ്രവാദികളെയും ഇങ്ങനെ തന്നെ കരുതണമെന്നും അവരുടെ ചെയ്തികളുടെ പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ ബലിയാടാക്കരുതെന്നും അവര്‍ അര്‍ത്ഥശങ്കയ്ക്ക് വകയില്ലാത്തവിധം വ്യക്തമാക്കുന്നു.

ലണ്ടന്‍ ആക്രമണത്തിന് ശേഷം നടന്ന ഇരട്ട നിലപാട് ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കുന്നതായി ഹിര ചൂണ്ടിക്കാണിക്കുന്നു. കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡില്‍ ജനിച്ച ഖാലിദ് മസൂദ് എന്ന ആക്രമണകാരി ജയിലില്‍ വച്ച് മതം മാറിയ ആളാണ്. തങ്ങളുടെ ദേശത്ത് പിറന്ന ആളുടെ പ്രവര്‍ത്തിയുടെ പേരില്‍ കെന്റിലെ ജനവിഭാഗങ്ങള്‍ ആക്ഷേപിക്കപ്പെടുന്നില്ല. അങ്ങനെ ചെയ്യുകയും ചെയ്യരുത് എന്നാണ് ഹീരയുടെ വാദം. കാരണം ഒരാളുടെ പ്രവൃത്തിയടുെ പേരില്‍ ഒരു സമൂഹത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നത് ആ സമൂഹത്തോട് ചെയ്യുന്ന നീതികേടാണ്. ഈ വാദങ്ങളെല്ലാം ഹീര ഹാഷ്മി തന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് മുസ്ലീങ്ങള്‍ ഭീകരവാദത്തെ എതിര്‍ക്കാത്തത് എന്ന് ആവര്‍ത്തിച്ച് ചോദിക്കുന്നവര്‍ ദയവായി ഹീരയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വായനയ്ക്ക്: https://goo.gl/LE4Hxl

This post was last modified on March 28, 2017 1:36 pm