അഴിമുഖം പ്രതിനിധി
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ കാബിനറ്റില്‍ പകുതിയും സ്ത്രീകളായിരിക്കുമെന്ന് ഹിലരി ക്ലിന്റണ്‍. ഡെമോക്രാറ്റി പാര്‍ട്ടിയില്‍ നിന്നും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ളവരില്‍ ഏറെ മുമ്പന്തിയില്‍ നില്‍ക്കുന്ന ഹിലരി അമേരിക്കയുടെ ആദ്യ പ്രസിഡന്റ് ആകാനുള്ള ഒരുക്കത്തിലാണ്.
എന്റെ കാബിനറ്റ് അമേരിക്കയെ പോലെയായിരിക്കുമെന്ന് അവര്‍ പറഞ്ഞു. അമേരിക്കന്‍ ജനസംഖ്യയുടെ പകുതിയും സ്ത്രീകളാണ്. നിര്‍ണായകമായ മേരി ലാന്‍ഡ്, ഡെല്‍വര, പെന്‍സില്‍വാനിയ, കണക്ടിക്കട്ട്, റോഡ് ദ്വീപ് എന്നീ പ്രൈമറികള്‍ നടക്കുന്നതിന്റെ തൊട്ടുമുമ്പാണ് അവര്‍ ഈ വാഗ്ദാനം മുന്നോട്ടു വച്ചത്.
ഇന്ത്യന്‍ വംശജയായ നീര ടണ്ടനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് ഹിലരിയുടെ പ്രചാരണ മാനേജറായ ജോണ്‍ പോഡെസ്റ്റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിലരിയുമൊത്ത് 14 വര്‍ഷങ്ങളായി നീര പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ്സിന്റെ മേധാവിയാണ്.
അമേരിക്കയില്‍ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കുന്ന ആദ്യ വനിതയെന്ന പദവി ജൂലായില്‍ ഹിലരിക്ക് ലഭിക്കും. മുന്‍ പ്രഥമ വനിതയും സെക്രട്ടറി ഓഫ് സ്റ്റേറ്റുമായ അവര്‍ പ്രചാരണത്തില്‍ വനിത നയം മുഖ്യവിഷയമാക്കിയിരുന്നു.
This post was last modified on December 27, 2016 4:03 pm
Leave a Comment