X

ജാര്‍ഖണ്ഡില്‍ ഒരു മൌലവിയെ അടക്കം അഞ്ചു പേരെ ഹിന്ദുത്വ തീവ്രവാദികള്‍ പള്ളിയില്‍ കയറി ആക്രമിച്ചു

ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംഘപരിവാര്‍ സംഘടനകള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങള്‍ തുടരുന്നു

ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംഘപരിവാര്‍ സംഘടനകള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യാനികള്‍ നടത്തിയ ഒരു പ്രാര്‍ത്ഥന യോഗം മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് തടഞ്ഞതിന് പിന്നാലെ ഇപ്പോള്‍ ജാര്‍ഖണ്ഡിലെ കോദര്‍മ ജില്ലയിലെ മുസ്ലീം പള്ളിയില്‍ നിസ്‌കാരം നടക്കുന്നതിനിടെ വലതുതീവ്രവാദികള്‍ ആക്രമണം നടത്തിയിയിരിക്കുന്നു.

ജാര്‍ഖണ്ഡിലെ വനമേഖലയില്‍ ഏപ്രില്‍ നാലിന് നടന്ന ആക്രമണത്തിന്റെ വാര്‍ത്തകള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. സംഭവത്തില്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയ മൗലവി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാമനവമി ദിവസം നിസ്‌കാരം നടത്തരുതെന്നും ബാങ്ക് വിളിക്കരുതെന്നും പ്രദേശത്തെ സംഘപരിവാര്‍ തീവ്രവാദികള്‍ മുസ്ലീം ജനവിഭാഗത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ദൈനംദിന പ്രാര്‍ത്ഥനകള്‍ മുടക്കാന്‍ തയ്യാറല്ലെന്ന മുസ്ലീം വിഭാഗത്തിന്റെ നിലപാടില്‍ പ്രകോപിതരായ സംഘമാണ് ആക്രമണം നടത്തിയത്.

പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി മൗലവിയുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്യാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറാവുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഭരണഘടനയും നിയമങ്ങളും തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് ആര്‍എസ്എസും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്.