X

ഗര്‍ഭനിരോധന ഉറകള്‍ക്ക് ഇത്തിരി ചൂടന്‍ കവര്‍ ചിത്രങ്ങളാകാം

അഴിമുഖം പ്രതിനിധി

സ്വകാര്യ നിര്‍മ്മാതാക്കള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന ഗര്‍ഭനിരോധന ഉറകളുടെ പൊതിയുടെ പുറത്തുള്ള ചിത്രങ്ങള്‍ എന്തായിരിക്കണമെന്നതില്‍ സര്‍ക്കാര്‍ ഇടപെടാനുദ്ദേശിക്കുന്നില്ല എന്ന വാര്‍ത്ത ഇന്ത്യയില്‍ പലര്‍ക്കും സന്തോഷം പകരുന്ന അത്ഭുതമാണ്. മുതിര്‍ന്ന മനുഷ്യരെന്ന നിലയില്‍ എന്താണ് കാണേണ്ടതെന്ന്, ചിരിക്കേണ്ടതെന്ന്, ഉത്തേജിതരാകേണ്ടതെന്നെല്ലാം ഇന്ത്യക്കാര്‍ക്ക് അത്ര എളുപ്പം കിട്ടുന്ന സംഗതികളല്ല. തങ്ങള്‍ക്ക് ഹാനികരമായത് ഒഴിവാക്കാവുന്ന വിധത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ശേഷി മുതിര്‍ന്ന മനുഷ്യര്‍ക്ക് ഉണ്ടെന്ന കാര്യം ചലച്ചിത്രങ്ങള്‍ പരിശോധിക്കാനുള്ള സമിതിയാണെങ്കിലും സെന്‍സര്‍ ബോര്‍ഡ് അത്രയെളുപ്പം സമ്മതിച്ചുതരില്ല.

അങ്ങനെ പൊതു,സ്വകാര്യ ധാര്‍മ്മികതയുടെ സംരക്ഷകരായി ചമയുന്ന, രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം ഈ സമിതിയെ നയിച്ചവരെല്ലാം ഇന്ത്യക്കാരെ മോശം സംഗതികള്‍ കേള്‍ക്കുന്നതിലും കാണുന്നതിലും നിന്ന് സരക്ഷിക്കുന്നതിന്, തികഞ്ഞ അധികാരത്തോടെ ലൈംഗികതയും അക്രമവും തൊട്ട് അസഭ്യവും ദേശീയ സുരക്ഷ പോലുള്ള ഗൌരവമായ കാര്യങ്ങളും വരെ എത്ര കേള്‍ക്കണം കാണണം എന്ന് നിശ്ചയിക്കുകയാണ് പതിവ്. ഇത് സര്‍ക്കാര്‍ വഴിക്കാകുമ്പോള്‍ നിരോധനവും നിയന്ത്രണവുമായി വരുന്നു. പൊതുസമൂഹമാകട്ടെ ആധുനിക ജനാധിപത്യ സമ്പ്രദയത്തില്‍ സാധാരണ പ്രക്രിയ മാത്രമായ വ്യക്തികളുടെ സ്വത്വപ്രകടന രീതികളെയും അതിനുള്ള സ്വാതന്ത്ര്യത്തെയും അസാധ്യമാക്കുന്ന തരത്തില്‍ പൊതുധാരണയെന്ന പേരില്‍ തടയാനുള്ള പ്രവണതയും കാണിക്കുന്നു. അതുകൊണ്ടുതന്നെ, ഗര്‍ഭനിരോധന ഉറകളുടെ പൊതിയിലെ ചിത്രങ്ങളില്‍ കൈവെക്കണ്ട എന്ന ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം ഏറെ സന്തോഷകരമാണ്.

സുപ്രീം കോടതി പോലുള്ള ഒരു വലിയ സ്ഥാപനം അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ഗര്‍ഭനിരോധന ഉറകളുടെ പൊതിയിലെ പരസ്യചിത്രങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമുണ്ടോ എന്നൊക്കെ ചോദിച്ചുവരാന്‍ പറയുന്ന ചുമതല സ്വയം ഏറ്റെടുത്തു എന്നത് പ്രായപൂര്‍ത്തിയായ ഇന്ത്യക്കാരെ അല്പം അന്ധാളിപ്പിച്ചിരിക്കും. ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ പരസ്യങ്ങള്‍ കാണിക്കുന്നത് ഇത്തരം നിരോധനം ഏര്‍പ്പെടുത്തി ഏതാണ്ട് ഉടനെതന്നെ പാകിസ്ഥാനിലും നീക്കം ചെയ്തു-പക്ഷേ രാത്രി 11 മണിക്ക് ശേഷമേ ഈ പരസ്യങ്ങള്‍ കാണിക്കാവൂ. ഇതിലിപ്പോള്‍ ജനനനിയന്ത്രണത്തിന് സദാചാരത്തെക്കാള്‍ പ്രാമുഖ്യം കിട്ടി എന്നേ ആശ്വസിക്കാനാകൂ. ഇന്ത്യയില്‍ മന്ത്രാലയത്തിന്റെ തീരുമാനം ഒരു പക്വമാകുന്ന ജനാധിപത്യത്തിന്റെ ലക്ഷണമാണ് എന്ന് കരുതാം. അത് സ്വാഗതാര്‍ഹമായ സൂചനയാണ്.