X

ധബോല്‍ക്കറുടെ കൊലപാതകം: പിന്നില്‍ തീവ്ര ഹിന്ദു സംഘടനയെന്ന് എഎപി നേതാവ്

അഴിമുഖം പ്രതിനിധി

പുരോമഗനവാദിയായ നരേന്ദ്ര ധബോല്‍ക്കറെ കൊലപ്പെടുത്തിയതിന് പിന്നില്‍ തീവ്ര ഹിന്ദു സംഘടനയായ സനാതന്‍ സന്‍സ്തയും ഹിന്ദു ജന്‍ജാഗ്രതി സമിതിയുമാണെന്ന് എഎപി നേതാവ് ആശിഷ് ഖേതാന്‍ ആരോപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. കൊലപാതകികളെ കണ്ടെത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

വളരെ നാളുകളായി തങ്ങള്‍ ഉയര്‍ത്തുന്ന സംശയമാണ് ഇന്ന് ഖേതാന്റെ വെളിപ്പെടുത്തലിലൂടെ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ധബോല്‍ക്കറുടെ മകന്‍ ഹമീദ് ധബോല്‍ക്കര്‍ പ്രതികരിച്ചു. ധബോല്‍ക്കറുടേയും പന്‍സാരയുടേയും കല്‍ബുര്‍ഗിയുടേയും കൊലപാതകത്തിന് പിന്നില്‍ തീവ്രവലതുപക്ഷ സംഘടനകളാണെന്ന് അവരുടെ ബന്ധുക്കള്‍ ഏറെ നാളായി ആരോപിച്ചിരുന്നതാണ്. കൊലപാതകികളുടെ പേര് സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ഹമീദ് ആവശ്യപ്പെട്ടു.

സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരായ സാരംഗ് അകോല്‍ക്കര്‍, രുദ്ര പാട്ടീല്‍, ജയ്പ്രകാശ് ഹെഗ്‌ഡെ, പ്രമീണ്‍ ലിംകര്‍ എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്ന് ഖേതാന്‍ 2014-ല്‍ ആരോപിച്ചിരുന്നു. ഈ നാലുപേരും 2008 മുതല്‍ ഒളിവിലാണ്. ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നടന്ന നിരവധി ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയിട്ടുള്ള സന്‍സതയെ നിരോധിക്കണമെന്നും ഖേതാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ കേസ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഖേതാന്‍ സസൂക്ഷ്മം പിന്തുടരുന്നുണ്ട്.

ധബോല്‍ക്കറേയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ ഗോവിന്ദ് പന്‍സാരെയേയും ചിന്തകനായ എംഎം കല്‍ബുര്‍ഗിയേയും കൊലപാതകത്തിന്റെ സാമ്യത അന്വേഷകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പന്‍സാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സനാതന്‍ സന്‍സ്തയുടെ സമീര്‍ ഗെയ്ക്ക്വാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

This post was last modified on December 27, 2016 4:13 pm