X

ഫേസ്ബുക്ക് പോസ്‌റ്റെഴുതുന്നതെങ്ങനെ; ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠം

അടുത്തകാലത്ത് ചേതന്‍ ഭഗതിന്റെ ആദ്യ നോവലായ ഫൈവ് പോയിന്റ് സംവണ്‍ സര്‍വകലാശാല സിലബസിന്റെ ഭാഗമാക്കിയിരുന്നു

ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സിലബസുമായി ഡല്‍ഹി സര്‍വകലാശാല. ഫേസ്ബുക്ക് പോസ്റ്റുകള്‍ എഴുതുന്നത് എങ്ങനെയെന്നാണ് സര്‍കലാശാല പഠിപ്പിക്കുന്നത്. അടുത്തകാലത്ത് ചേതന്‍ ഭഗതിന്റെ ആദ്യ നോവലായ ഫൈവ് പോയിന്റ് സംവണ്‍ സര്‍വകലാശാല സിലബസിന്റെ ഭാഗമാക്കിയിരുന്നു.

ഇംഗ്ലീഷിനെ കൂടാതെയുള്ള ജനറല്‍ എലക്ടീല് പേപ്പറായാണ് ഈ പുസ്തകം ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അക്കാദമിക് എഴുത്തിന്റെ കൂടെ ഫേസ്ബുക്ക് പോസ്റ്റ് എഴുത്തും ഉള്‍പ്പെടുത്തണമെന്ന് സര്‍വകലാശാലയുടെ കോര്‍ കമ്മിറ്റിയാണ് തീരുമാനിച്ചത്. സര്‍വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകളിലും ഇംഗ്ലീഷ് സാഹിത്യം ഓണേഴ്‌സ് കോഴ്‌സുകളില്‍ ഫേസ്ബുക്ക് പോസ്റ്റ് എഴുത്തും ഉള്‍പ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാല വിശദമായ കത്ത് അയച്ചിട്ടുണ്ട്. ഇതിന്റെ പ്രതികരണങ്ങള്‍ അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

‘എഴുത്തെന്നാല്‍ കഠിനമായ ഭാഷയോ കഥേതരമോ അതിനാടകീയ കഥയോ ആകണമെന്ന് നിര്‍ബന്ധമില്ല. ബ്ലോഗ് എഴുത്ത് പോലുള്ള സാധാരണ എഴുത്തുകളും ആമുഖ കുറിപ്പുകളും ഫേസ്ബുക്ക് പോസ്റ്റുകളുമെല്ലാം എഴുത്തില്‍ ഉള്‍പ്പെടുത്താം’ എന്നാണ് ഇംഗ്ലീഷ് വകുപ്പ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്. സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് കോഴ്‌സിന്റെ ഭാഗമായാണ് ഇത് ഉള്‍പ്പെടുത്തുന്നത്. മെയ് ഒന്നിന് മുമ്പ് എല്ലാ കോളേജുകളും ഇതേക്കുറിച്ചുള്ള പ്രതികരണങ്ങള്‍ അറിയിക്കണമെന്നും സര്‍വകലാശാല കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും ഈ വിഷയത്തില്‍ സര്‍വകലാശാലയുടെ അക്കാദമിക് ആന്‍ഡ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അന്തിമ തീരുമാനം എടുക്കുക.