X

വൊഡാഫോണുമായി ലയിക്കാന്‍ ഐഡിയ തീരുമാനിച്ചു; ലക്ഷ്യം ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി

നിലവില്‍ ഇവിടുത്തെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള കമ്പനി എയര്‍ടെല്ലാണ്

വൊഡാഫോണുമായിട്ടുള്ള ലയനത്തിന് കുമാര്‍ മംഗളം ബിര്‍ലയുടെ ഐഡിയ സെല്ലുലാര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാകാന്‍ ഒരുങ്ങുകയാണ് ഇവര്‍. ഇരു കമ്പനികളും കൂടി 400 മില്ല്യണ്‍ ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. 2018-ഓടെയായിരിക്കും ലയനം പൂര്‍ത്തിയാകുക.

പുതിയ കമ്പനിയില്‍ വൊഡാഫോണിന് 45 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. അവിടെ 3874 കോടിയുടെ നിക്ഷേപമായിരിക്കും വോഡഫോണ്‍ നടത്തുക. ഐഡിയക്ക് 26 ശതമാനം ഓഹരി പങ്കാളിത്തവും വൊഡാഫോണിന്റെ ഓഹരികള്‍ ഏറ്റെടുക്കാനുള്ള അവകാശമുണ്ടായിരിക്കും. കമ്പനി ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ആദിത്യ ബിര്‍ള ഗ്രൂപ്പിനാണ്.

സൗജന്യ സേവനങ്ങളുമായി എത്തിയ ജിയോ തരംഗത്തില്‍ രാജ്യത്തെ ബിഎസ്എന്‍എല്‍ ഒഴിച്ചുള്ള ബാക്കിയുള്ള എല്ലാ ടെലികോം കമ്പിനികള്‍ക്കും അടിപതറി. യൂസര്‍മാരുടെ കൊഴിഞ്ഞുപോക്കാണ് വൊഡാഫോണിനെയും ഐഡിയെയും ഒന്നിപ്പിക്കാന്‍ കമ്പിനികളെ പ്രേരിപ്പിച്ചത്. നിലവില്‍ ഇവിടുത്തെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള കമ്പനി എയര്‍ടെല്ലാണ്. ലയനത്തോട് ആ പദവി എയര്‍ടെല്ലിന് നഷ്ടമാകും.

നിലവില്‍ 27 കോടി ഉപഭോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്. ഉപഭോക്താക്കളുടെ സ്ഥാനത്തില്‍ മാത്രമല്ല വിപണി വിഹിതത്തില്‍ രാജ്യത്തെ ഒന്നാം സ്ഥാനവും എയര്‍ടെല്ലിന് നഷ്ടമാകും. 33 ശതമാനമാണ് എയര്‍ടെല്ലിന്റെ വിപണി വിഹിതം. 23 ശതമാനം വിപണി വിഹിതമുള്ള വൊഡാഫോണും 19 ശതമാനം വിപണി വിഹിതമുള്ള ഐഡിയയും ലയിക്കുന്നതോടെ ഒന്നിച്ചുള്ള വിപണിവിഹിതം 43 ശതമാനമായി ഉയരും.

This post was last modified on March 20, 2017 4:13 pm