X

ചലച്ചിത്രമേളയുടെ ആഘോഷങ്ങള്‍ക്കിടയില്‍ മറന്നുപോകരുത് നമ്മുടെ ഫിലിം സൊസൈറ്റികളെ…

വിഷ്ണു എസ് വിജയന്‍

ഫിലിം ഫെസ്റ്റിവല്‍ കൊണ്ടാടപ്പെടുമ്പോഴും സിനിമയെ ജനകീയമാക്കി മാറ്റിയ ഫിലിം സൊസൈറ്റികള്‍ വിസ്മൃതിയിലാവുകയാണെന്ന് പ്രശസ്ത ഛായാഗ്രഹാകന്‍ സണ്ണി ജോസഫ്. ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവമേളയുടെ ഭാഗമാകാനെത്തിയ സണ്ണി ജോസഫ്, ചലച്ചിത്രോത്സവുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് വാചാലനായതിനൊപ്പമാണ് മറന്നുപോയ ഫിലിം സൊസൈറ്റി സംസ്‌കാരത്തെക്കുറിച്ച് മലയാള ചലച്ചിത്ര സമൂഹത്തെ ഓര്‍മപ്പെടുത്തിയത്.

നാടായ നാടുകള്‍തോറും പലരും പെട്ടിയും തൂക്കി നടന്നതിന്റെയൊക്കെ ഫലമാണ് നമ്മുടെയീ ചലച്ചിത്രസാക്ഷരത. ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഫിലിം സൊസൈറ്റി സങ്കല്‍പ്പം അത്രമേല്‍ ഫലവത്താകണം എന്നില്ല. എന്നിരുന്നാലും ഫിലിം സൊസൈറ്റികളെ മറക്കാന്‍ പാടില്ലെന്നും സണ്ണി ജോസഫ് ഓര്‍മ്മപ്പെടുത്തി. 

ചലച്ചിത്രോത്സവം കൂട്ടായ്മയുടെ അന്തരീക്ഷം
ചലച്ചിത്രോത്സവത്തിന്റെ ഭാഗമാകുക എന്നത് എപ്പോഴും സന്തോഷം പകരുന്ന കാര്യമാണ്. ആദ്യ ചലച്ചിത്രോത്സവം മുതല്‍ ഒന്നുപോലും മുടങ്ങാതെ എത്തുന്നൊരാളാണ് താനെന്നും സണ്ണി ജോസഫ് പറയുന്നു. കേരളത്തിലൊരു സിനിമ മാമാങ്കം നടക്കുമ്പോള്‍ മാറി നില്‍ക്കുന്നതെങ്ങനെയെന്നാണ് സണ്ണി ജോസഫ് ചോദിക്കുന്നത്.

ഓരോ വര്‍ഷവും ജനസമ്മിതി ഏറിവരികയാണ് നമ്മുടെ ഫെസ്റ്റിവലിന്. പല രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലായി വിഘടിച്ചു നില്‍ക്കുന്ന ഒരു സമൂഹത്തെ കലയുടെ പേരില്‍ ഒന്നിപ്പിച്ച് നിര്‍ത്താന്‍ നമുക്ക് കഴിയുന്നു എന്നത് ഓര്‍ക്കുമ്പോഴാണ് അതിലും ഏറെ സന്തോഷം.

ഫാസിസത്തിന്റെ കാലത്ത് കല ഏറ്റവും നല്ല ആയുധം
ഫാസിസം നമ്മുടെ സമൂഹത്തിന്റെ ഓരോ അണുവിലും കടന്നുകയറുകയാണ്. ഹിറ്റ്‌ലറിനേയും മുസ്സോളിനിയെയും ആരാധിക്കുന്നവര്‍ രാജ്യം ഭരിക്കുമ്പോള്‍ കലയിലൂടെ മാത്രമെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ. ഫിലിം ഫെസ്റ്റിവലുകളുടെ ഉദ്ദേശ്യം തന്നെ നല്ല മനുഷ്യരെ വാര്‍ത്തെടുക്കുക എന്നതാണ്. സിനിമ കാണാല്‍ വെറും വിനോദം മാത്രമല്ല. സിനിമയിലൂടെ ജനം അവനവനെ അറിയുന്നു, സമൂഹത്തെ അറിയുന്നു.

ഇക്കാലത്ത് ഒരു ജനതയെ ഒരുപോലെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരേയൊരു കലാരൂപം സിനിമയാണ്. പൂനെ എഫ്ടിഐഐ ലെ ചെറിയൊരു കൂട്ടത്തിന്റെ ശബ്ദം ഭാരതത്തിന്റെ മുഴുവന്‍ ശബ്ദമായി മാറാന്‍ അധികകാലമെടുക്കില്ല. കാരണം, അവര്‍ സമരം ചെയ്യുന്നത് കലയെ ആയുധമാക്കിയാണ്. ആ സമരം വിജയിക്കുക തന്നെ ചെയ്യും.

 

This post was last modified on December 5, 2015 3:16 pm