X

ദേശീയ ഗാനത്തോട് അനാദരവെന്ന് ആരോപണം; ആറ് ഐഎഫ്എഫ്‌കെ ഡലിഗേറ്റുകള്‍ അറസ്റ്റില്‍

21-മത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മുമ്പ് വച്ച ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാത്തവരെ അറസ്റ്റു ചെയ്തു. ആറോളം പേരെ ദേശീയഗാനത്തെ അപമാനിച്ചു എന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. കൈരളി തിയേറ്ററിലായിരുന്നു സംഭവം. ഇതിനെ തുടര്‍ന്ന് ദേശീയ ഗാനം പ്രദര്‍ശിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവരെ നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂം എ സി ക്ക് ചുമതല. അനാദരവ് കാട്ടുന്നവരെ കസ്റ്റഡിയില്‍ എടുക്കാന്‍ ഡി ജി പി നിര്‍ദേശം നല്‍കി.

സുപ്രീംകോടതി വിധി അനുസരിച്ച് സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിക്കാത്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച ഡിജിപിക്ക് പരാതി നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ആര്‍ എസ് രാജീവാണ് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനോട് ഡിജിപി വിശദീകരണം തേടിയിട്ടുണ്ട്.

തീയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ചിലര്‍ എഴുന്നേറ്റ് നില്‍ക്കാത്തതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. സംഭവത്തെപ്പറ്റി പ്രാഥമിക അന്വേഷണം നടത്താന്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറോട് ഡിജിപി നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതി വിധി ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ഡിജിപി ഉറപ്പ് നല്‍കിയതായി അഡ്വ ആര്‍എസ് രാജീവ് അറിയിച്ചു.

This post was last modified on December 13, 2016 1:49 am