X

യോഗ നല്ലതാണ്, പക്ഷേ രാഷ്ട്രീയ യോഗ രാജ്യത്തിന് ഭീക്ഷണിയും

ടീം അഴിമുഖം/എഡിറ്റോറിയല്‍

കായികപ്രയത്നം ജീവിതത്തിന്റെ അവിഭാജ്യഘടകമായി കാണാത്ത ഒരു രാജ്യത്തു യോഗ ജനകീയമാക്കുന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുതൊട്ട് യോഗയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. യോഗയെ ജനപ്രിയമാക്കാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല. പക്ഷേ യോഗ ഉത്സാഹം ചില പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.

യോഗയെ അംഗീകാരമുള്ള ഫിസിയോതെറാപ്പി പഠനത്തിന്റെ ഭാഗമാക്കാനുള്ള നീക്കം ശാസ്ത്രീയമല്ല, തീര്‍ത്തും രാഷ്ട്രീയമാണ്. യോഗയ്ക്കും ഫിസിയോതെറാപ്പിക്കും ശാസ്ത്രീയമായ രീതിയില്‍ ഉപയോഗിച്ചാല്‍ പരസ്പരം ഗുണം ചെയ്യാനാകും എന്നിരിക്കെ ഇത് നിര്‍ഭാഗ്യകരമാണ്. ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സ് എതിര്‍ക്കുന്നത് യോഗയെ IAP ബിരുദ പഠനത്തില്‍ തള്ളിക്കയറ്റാനുള്ള ശ്രമത്തെയാണ്. ഈ നിര്‍ദേശം ഒരു നിര്‍ബന്ധരീതിയില്‍ ഉള്ളതാണെന്ന് അവര്‍ കരുതുന്നു. രണ്ടാമതായി, സ്വതന്ത്ര പ്രൊഫഷണലുകളുടെ ഒരു സംഘത്തിലേക്ക് ഭരണകൂടം കൈകടത്തുന്ന മാര്‍ഗമാണിത്. ഒടുവിലായി ഈ നീക്കം ഏത് പ്രൊഫഷണല്‍ സംഘവും എതിര്‍ക്കുന്ന, എതിര്‍ക്കേണ്ട തരത്തിലുള്ള തീവ്ര ദേശീയതയുടെ തള്ളിക്കയറ്റമാണ്.

ഒരുപക്ഷേ,IAP-യുമായി തുറന്ന രീതിയില്‍ ആശയവിനിമയം നടത്തിയിരുന്നെങ്കില്‍ അവര്‍ ഇതിന്റെ ഗുണദോഷവിചാരങ്ങള്‍ ഏറെയൊന്നും നടത്താതെ ഇതിനെ പഠനത്തില്‍ ഉള്‍പ്പെടുത്തിയേനെ. എന്നാല്‍ മാനവവിഭവ ശേഷി, ആയുഷ് മന്ത്രാലയങ്ങള്‍ മുകളില്‍ നിന്നും കെട്ടിയിറക്കിയ ഒരു മത-ആത്മീയ പദ്ധതിയായാണ് ഇതിന്റെ വരവ്. അതോടെ യോഗയെ ശാസ്ത്രീയമായ അടിസ്ഥാനത്തില്‍ എതിര്‍ക്കാന്‍ IAP നിര്‍ബന്ധിതരായി.

ഇത് മനസിലാക്കാവുന്നതേയുള്ളൂ. വൈദ്യം മുതല്‍ ഗണിതം വരെയും പിന്നെ ബഹിരാകാശ ശാസ്ത്രത്തിലായാലും വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും പുരാതന ഭാരതീയ പാരമ്പര്യം കുത്തിച്ചെലുത്താനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമങ്ങളെ യുക്തിബോധവും സ്വയംഭരണാധികാരവും ഉള്ള എല്ലാ സ്ഥാപനങ്ങളും ചെറുക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ എതിര്‍പ്പിന്റെ കൂടെ നഷ്ടമാകുന്നത് പുതിയതരം ചിന്തകളും പ്രക്രിയകളും വിവിധ മേഖലകളിലെ പഠനത്തിലും പ്രയോഗത്തിലും പരീക്ഷിക്കാനുള്ള അവസരം കൂടിയാണ്.

ഉദാഹരണത്തിന് സംസ്കൃതം ഒരു ക്ലാസിക്കല്‍ ഭാഷ എന്ന നിലയ്ക്ക് സ്കൂളിലും സര്‍വ്വകലാശാലയിലും പഠിപ്പിക്കുന്നത് ശരിയായ രീതിയില്‍, ചരിത്ര, വിദ്യാഭ്യാസ മികവോടെ  നടപ്പാക്കിയാല്‍ വലിയ ഗുണം ചെയ്യും. ഇതുതന്നെയാണ് ഒരു മതത്തിനോ ദേശീയബോധത്തിനോ സ്വന്തം എന്നവകാശപ്പെടാന്‍ കഴിയാത്ത സങ്കീര്‍ണമായ ചരിത്രമുള്ള യോഗയുടെ കാര്യവും. ആരോഗ്യം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ യോഗയുടെ ആധുനികമായ ശേഷിയും അതിന്റെ സ്വീകാര്യതയും സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടതുമാണ്.

This post was last modified on June 3, 2016 4:30 pm