X

100 കമ്പനി പട്ടാളം ശ്രീനഗറിൽ; വിഘടനവാദികൾക്കെതിരായ നീക്കം ശക്തമാക്കാൻ സൈന്യം

വിഘടനവാദികൾക്കെതിരെ സർക്കാർ നടപടികൾ കർശനമാക്കിയതിനു പിന്നാലെ അർധസൈനിക വിഭാഗത്തിന്റെ 100 കമ്പനികൾ ജമ്മു കശ്മീരിലെത്തി. വ്യോമമാർഗമാണ് ഇവരെ എത്തിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് സൈന്യത്തെ സ്ഥലത്തെത്തിച്ചത്. വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് അർധസൈനിക സംഘങ്ങളെ ശ്രീനഗറിലേക്ക് എത്തിച്ചത്.

രാത്രിയിൽ തന്നെ ഈ സംഘങ്ങളെ എങ്ങനെ വിന്യസിക്കണമെന്നതു സംബന്ധിച്ച തീരുമാനം സൈന്യം കൊക്കൊണ്ടതായാണ് വിവരം. പുൽവാമയിലെ ഭീകരാക്രമണത്തെ തുടർന്ന് സംസ്ഥാനത്ത് സൈനികസാന്നിധ്യം വർധിപ്പിക്കുകയും നിരീക്ഷണം ശക്തമാക്കുകയുമാണ് സർക്കാർ. സംസ്ഥാനത്തിനകത്ത് പ്രശ്നങ്ങളുണ്ടാക്കുന്ന വിഭാഗങ്ങളെ അടിച്ചമർത്തുന്നതിലാണ് സൈന്യം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുൽവാമയിലെ ആക്രമണത്തിനു ശേഷം സൈന്യം നടത്തിയ നീക്കങ്ങളിൽ ജെയ്ഷെ മൊഹമ്മദ് അനുയായികളായ ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ‌ പുൽവാമ ഭീകരാക്രമണം നടത്തിയ ചാവേറിന് പരിശീലനം നൽകിയയാളും ഉൾപ്പെട്ടിരുന്നു.

യാസിൻ മാലിക്ക് അറസ്റ്റ് ചെയ്യപ്പെട്ടത് ശ്രീനഗറിലെ മൈസൂമയിലുള്ള വീട്ടിൽ വെച്ചായിരുന്നു. പിന്നാലെ നിരവധി ജമാഅത്തെ ഇസ്ലാമി വിഘടനവാദികളും അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ജമാഅത്തെ ഇസ്ലാമി അമീറായ അബ്ദുൾ ഹമീദ് ഫയാസും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ പെടുന്നു.

This post was last modified on February 23, 2019 12:38 pm