X

ഒരു കുടുംബത്തിലെ 11 പേർ മരിച്ച സംഭവം: ദുർമന്ത്രവാദമെന്ന് സംശയിച്ച് പൊലീസ്

വീട്ടിനകത്തു തന്നെയുള്ളയാൾ നടത്തിയതാകാം കൊലയെന്നും സംശയമുണ്ട്.

ഡൽഹിയിൽ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുർമന്ത്രവാദം സംശയിക്കുന്നതായി പൊലീസ്. കുടുംബത്തിൽ ഒരു വിവാഹം നടക്കാനിരിക്കെയാണ് കൂട്ടമരണം നടന്നത്. പത്ത് മൃതദേഹങ്ങൾ തൂങ്ങി നിൽക്കുന്ന നിലയിലും ഒരു മൃതദേഹം തറയിൽ വീണു കിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. മൃതദേഹങ്ങളിലെല്ലാം കഴുത്തു ഞെരിച്ചതിന്റെ പാടുണ്ടെന്ന് പൊലീസ് പറയുന്നു. ഇതാണ് മന്ത്രവാദമാണെന്ന സംശയമുയരാൻ കാരണം.

ഡൽഹിയിൽ ബുരാരി മേഖലയിലാണ് സംഭവം നടന്നത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗം മുതൽ ഏറ്റവും ചെറിയ അംഗം വരെയുള്ളവർ മരിച്ചവരിലുൾപ്പെടുന്നു.

എല്ലാ മൃതദേഹങ്ങളുടെയും കണ്ണ് കെട്ടിയിരുന്നു. വായിൽ ടേപ്പ് വെച്ച് ഒട്ടിക്കുകയും ചെയ്തിരുന്നു. ചില ദുരൂഹമായ കുറിപ്പുകൾ സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ എങ്ങനെ മൃതദേഹങ്ങൾ കൈകാര്യം ചെയ്യണമെന്ന് എഴുതിയിട്ടുണ്ട്. ഈ കുറിപ്പുകളാണ് മന്ത്രവാദം നടന്നുവെന്ന സാധ്യതയിലേക്ക് വിരൽചൂണ്ടുന്നത്.

വീട്ടിനകത്തു തന്നെയുള്ളയാൾ നടത്തിയതാകാം കൊലയെന്നും സംശയമുണ്ട്. കൊല്ലപ്പെട്ടവരിലൊരാളായ പ്രിയങ്കയുടെ വിവാഹം കഴിഞ്ഞമാസം നടന്നിരുന്നു. കുടുംബം അതിന്റെ തിരക്കുകളിലായിരുന്നു.

കഴിഞ്ഞ 22 വർഷമായി ബുരാരിയിൽ കച്ചവടം ചെയ്ത് ജീവിക്കുന്നവരാണ് മരണപ്പെട്ട ഭാട്ടിയ കുടുംബം. പലചരക്ക് വ്യാപാരവും പ്ലൈവുഡ് കച്ചവടവുമെല്ലാം ചെയ്യുന്നു. പ്രതിഭ (57), ആൺമക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരെയാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത്. ഏറ്റവും മുതിർന്നയാളായ നാരായൺ ദേവിയെ (77)യാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

This post was last modified on July 2, 2018 7:57 am