X

പഞ്ചാബില്‍ നാലര ദിവസത്തെ ശ്രമത്തിന് ശേഷം രണ്ട് വയസുകാരനെ കുഴല്‍കിണറില്‍ നിന്ന് പുറത്തെടുത്തു, മരിച്ച നിലയില്‍

കളിക്കുന്നതിനിടെയാണ് കഴിഞ്ഞ വ്യാഴാഴ്ച ഫത്തേവീര്‍ സിംഗ് എന്ന കുട്ടി കുഴല്‍കിണറില്‍ വീണത്. ഏഴ് ഇഞ്ച് വ്യാസമുള്ള കുഴല്‍ കിണറല്‍ തുണി കൊണ്ട് മറച്ചിരിക്കുകയായിരുന്നു.

പഞ്ചാബില്‍ സംഗ്രൂര്‍ ജില്ലയിലുള്ള ഭഗ്‌വാന്‍ പുര ഗ്രാമത്തില്‍ രണ്ട് വയസുകാരനെ കുഴല്‍കിണറില്‍ നിന്ന് പുറത്തെടുത്തു. പക്ഷെ കുട്ടി മരിച്ചിരുന്നു. 109 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. 150 അടി ആഴത്തിലുള്ള കുഴല്‍ കിണറില്‍ 125 അടി ആഴത്തിലാണ് കുട്ടി കുടുങ്ങിക്കിടന്നിരുന്നത്. കളിക്കുന്നതിനിടെയാണ് കഴിഞ്ഞ വ്യാഴാഴ്ച ഫത്തേവീര്‍ സിംഗ് എന്ന കുട്ടി കുഴല്‍കിണറില്‍ വീണത്. ഏഴ് ഇഞ്ച് വ്യാസമുള്ള കുഴല്‍ കിണറല്‍ തുണി കൊണ്ട് മറച്ചിരിക്കുകയായിരുന്നു.

കുഴല്‍കിണറില്‍ നിന്ന് പുറത്തെടുത്തയുടന്‍ കുട്ടി മരിച്ചിരുന്നു എന്ന് പറയുന്നുണ്ട്. എന്നാല്‍ ഛണ്ഡിഗഡിലെ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ഹെലികോപ്റ്റര്‍ സൗകര്യം തൊട്ടടുത്തുണ്ടായിട്ടും 140 കിലോമീറ്റര്‍ ദൂരെയുള്ള ഛണ്ഡിഗഡിലേയ്ക്ക് റോഡ് മാര്‍ഗമാണ് കുട്ടിയെ എത്തിച്ചത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 36 ഇഞ്ച് വ്യാസത്തില്‍ കുഴിയെടുത്തിരുന്നു. ഭക്ഷണമോ വെള്ളമോ കുട്ടിക്ക് എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഓക്‌സിജന്‍ എത്തിച്ചിരുന്നു.

ദേശീയ ദുരന്ത പ്രതികരണ സേനയും (എന്‍ഡിആര്‍എഫ്) പ്രാദേശിക ഭരണകൂടവും മറ്റ് വിദഗ്ധരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതേസമയം രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനേയും പ്രതിപക്ഷം കടന്നാക്രമിച്ചു. സംഗ്രൂര്‍ എംപിയും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ ഭഗവത് സിംഗ് മാനും മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു.