X

2019 തെരഞ്ഞെടുപ്പ് ജനങ്ങളും മഹാസഖ്യവും തമ്മിലുള്ളതാകും: അപൂർവ്വ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ജനങ്ങളും പ്രതിപക്ഷ മഹാസഖ്യവും തമ്മിലുള്ള മത്സരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുവർഷദിനത്തിൽ എഎൻഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് മോദി ഈ വാദം ഉന്നയിച്ചത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ഉത്തരേന്ത്യയിൽ ഏറ്റ തിരിച്ചടി ലോകസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലേയെന്ന ചോദ്യത്തിന് സമാനമായ വ്യാഖ്യാനങ്ങൾ 2014ലെ തെരഞ്ഞെടുപ്പിലും ഉയർന്നിരുന്നെന്നും അതൊന്നും വിജയത്തെ ബാധിച്ചിരുന്നില്ലെന്നും മോദി പറഞ്ഞു.

ഒരുമിച്ചു നിന്നാലും തങ്ങളെ കൊള്ളയടിക്കുന്നവർക്ക് പിന്തുണ നൽകണമോയെന്ന കാര്യത്തിൽ ജനങ്ങൾ തീരുമാനമെടുക്കുമെന്ന് മോദി പറഞ്ഞു. തെലങ്കാനയിലും മിസോറമിലും ബിജെപി അധികാരത്തിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് പരാജയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢിൽ മാത്രമാണ് വ്യക്തമായ ജനവിധി ഉണ്ടായത്. മറ്റിടങ്ങളിൽ തൂക്കുസഭകളിലേക്കാണ് വിധി നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിൽ തനിക്ക് ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയനിരീക്ഷകർ പലതും പറയുമെന്നും അതൊന്നും ജനങ്ങളുടെ തീരുമാനമെടുക്കാനുള്ള ശേഷിയെ കുറച്ചു കാണാൻ ഉപയോഗിക്കരുതെന്നും മോദി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പ് നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ളതാകുമോ എന്ന ചോദ്യത്തിന്ന് അദ്ദേഹം ഇങ്ങനെ മറുപടി നൽകി: “ജനങ്ങളുടെ പ്രതീക്ഷകളെ പൂർത്തീകരിക്കുകയും മുമ്പോട്ടു കൊണ്ടുപോകുകയും ചെയ്യുന്നവരും പ്രതീക്ഷകൾക്ക് തടയിടുന്നവരും തമ്മിലുള്ള തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. 70 വർഷത്തെ അനുഭവങ്ങൾ നമുക്കുണ്ട്. പൊതുജനമാണ് തീരുമാനമെടുക്കുക.”