മധ്യപ്രദേശിലെ വോട്ടർ പട്ടികയിൽ 60 ലക്ഷം വ്യാജ വോട്ടർമാരെന്ന് കോൺഗ്രസ്സിന്റെ പരാതി. വൻതോതിലുള്ള ക്രമക്കേടുകളാണ് വോട്ടർ പട്ടികയിൽ വന്നിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്സ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. പട്ടിക പുനപ്പരിശോധിക്കണമെന്നാണ് ആവശ്യം.
ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംസ്ഥാനം ഭരിക്കുന്ന ബിജെപി വ്യാജ വോട്ടർമാരെ കുത്തിക്കയറ്റുകയാണെന്ന് കോൺഗ്രസ്സ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ആരോപിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിൽ സംസ്ഥാനത്തെ ജനസംഖ്യാ വർധന 24% ആണ്. എന്നാൽ, വോട്ടർമാരുടെ എണ്ണം 40 ശതമാനം വർധിച്ചതായാണ് കാണുന്നത്. പട്ടിക പരിശോധിച്ചപ്പോൾ ഒരേ വോട്ടർ തന്നെ 26 പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായി കാണാൻ കഴിഞ്ഞെന്നും സിന്ധ്യ പറഞ്ഞു.
60 ലക്ഷം വ്യാജ വോട്ടർമാർ ലിസ്റ്റിലുള്ളതിന്റെ തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ടെന്ന് സിന്ധ്യ പറഞ്ഞു.
ജനാധിപത്യത്തെ കൊല ചെയ്യുകയാണ് കോൺഗ്രസ്സെന്ന് സംസ്ഥാന കോൺഗ്രസ്സ് പ്രസിഡണ്ട് കമൽ നാഥ് പറഞ്ഞു. ഇത്രയധികം വ്യാജ വോട്ടർമാർ വന്നത് അശ്രദ്ധ മൂലമല്ലെന്ന് അദ്ദേഹം പറഞ്ഞു. അധികാര ദുർവ്വിനിയോഗത്തിലൂടെയാണ് ബിജെപി ഇത് സാധിച്ചത്.
സംസ്ഥാനത്തെ 230 അസംബ്ലി മണ്ഡലങ്ങളിലും വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് കമൽനാഥ് ചൂണ്ടിക്കാട്ടി. 101 മണ്ഡലങ്ങളിലെ വോട്ടർ ലിസ്റ്റിൽ 24,65,000 വ്യാജ വോട്ടർമാരുണ്ട്. 91 മണ്ഡലങ്ങളിലാകട്ടെ 27 ലക്ഷം വോട്ടർമാരുടെ പേരും വിലാസവും പല ബൂത്തുകളിൽ ആവർത്തിക്കുന്നു.
അന്വേഷണ ഇത്തരവ്
പരാതിയിൽ അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. കമ്മീഷന്റെ രണ്ടംഗ സംഘം അന്വേഷണം നടത്തും. സംഭവത്തിൽ ബിജെപിയുടെ ഭാഗത്തു നിന്ന് ഇതുവരെ പരാതിയുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസ്സ് കമ്മീഷന് സമർപ്പിച്ച രേഖകളാണ് വ്യാജമെന്നാരോപിച്ച് ബിജെപി രംഗത്തുണ്ട്. രേഖകളുടെ ആധികാരികതയിൽ സംശയമുണ്ടെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി രാംപാൽ സിങ് പറഞ്ഞു.
കോൺഗ്രസ്സ് ഉന്നയിച്ച അഞ്ച് ആവശ്യങ്ങൾ
1. വോട്ടർ ലിസ്റ്റിന്റെ പുനപ്പരിശോധന
2. ഓരോ റിട്ടേണിങ് ഓഫീസറിൽ നിന്നും ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് വാങ്ങണം
3. ഇതിന് കാരണമായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണം
4. ഈ ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകരുത്
5. ഇതര സംസ്ഥാനങ്ങളിലും ബിജെപി ഇതേ പണി ചെയ്തിരിക്കാനും ചെയ്യാനും ഇടയുണ്ട്. ഇതിൽ പരിശോധനയും നടപടിയും വേണം.
Leave a Comment