X

“നെഹ്റു പട്ടേലിനെ വിശ്വാസത്തിലെടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ ചർച്ച വേണ്ടി വരില്ലായിരുന്നു”: കശ്മീർ ബില്ലുകളെ പിന്തുണച്ച് എഐഎഡിഎംകെ, ബിജെഡി, വൈഎസ്ആർ കോൺഗ്രസ്

നെഹ്റു പട്ടേലിനെ വിശ്വാസത്തിലെടുത്തിരുന്നെങ്കിൽ ഈ വിഷയം ഇപ്പോൾ ചർച്ച ചെയ്യേണ്ടി വരില്ലായിരുന്നെന്ന് വൈഎസ്ആർ കോൺഗ്രസ്സിനു വേണ്ടി സംസാരിച്ച വി വിജയസായ് റെഡ്ഢി പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിള്‍ 370 നീക്കം ചെയ്യാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് ബിജു ജനതാദൾ, അണ്ണാ ഡിഎംകെ, ബിഎസ്‌പി എന്നീ കക്ഷികൾ. നാല് ബില്ലുകളായാണ് രാജ്യസഭയിൽ കശ്മീർ സംബന്ധിയായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ ബില്ലുകളെല്ലാം നാലു മണിക്കൂർ ചർച്ചയ്ക്ക് വെച്ചിട്ടുണ്ട് സ്പീക്കർ. സഭ ഉച്ചഭക്ഷണത്തിന് പിരിയേണ്ടെന്നാണ് തീരുമാനം.

ബിഎസ്പിയുടെ സതീഷ് ചന്ദ്ര മിശ്രയാണ് ബില്ലിനെ പിന്തുണച്ച് സംസാരിച്ചത്. വൈഎസ്ആർ കോൺഗ്രസ് ബിജെപിയുടെ തീരുമാനത്തെ ധീരം എന്നാണ് വിശേഷിപ്പിച്ചത്. ഇക്കാര്യത്തിൽ നെഹ്റു പട്ടേലിനെ വിശ്വാസത്തിലെടുത്തിരുന്നെങ്കിൽ ഈ വിഷയം ഇപ്പോൾ ചർച്ച ചെയ്യേണ്ടി വരില്ലായിരുന്നെന്ന് വൈഎസ്ആർ കോൺഗ്രസ്സിനു വേണ്ടി സംസാരിച്ച വി വിജയസായ് റെഡ്ഢി പറഞ്ഞു.

ബില്ലിനെ പിന്തുണച്ച് സംസാരിക്കവെ, ഒരുനാൾ പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാകുമെന്ന് ബിജെഡിയുടെ പ്രസന്ന ആചാര്യ സംസാരിച്ചു. എഐഎഡിഎംകെക്കു വേണ്ടി ബില്ലിനെ പിന്തുണച്ച് സംസാരിച്ചത് എ നവനീത് കൃഷ്ണനാണ്. ബില്ലിൽ ആശങ്കപ്പെടാനായി ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.