X

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ – ബിജെപി സഖ്യം ഉറപ്പിച്ചു; ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച അമിത് ഷാ നടത്തും

ഇരു പാര്‍ട്ടികളും സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ച തുടങ്ങി. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പിയൂഷ് ഗോയല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമായി ബിജെപി സഖ്യമുറപ്പിച്ചു. അടുത്തയാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എഐഎഡിഎംകെ നേതാക്കളായ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടേയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റേയും സാന്നിധ്യത്തില്‍ ചെന്നൈയില്‍ സഖ്യം പ്രഖ്യാപിച്ചേക്കും. ഇരു പാര്‍ട്ടികളും സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ച തുടങ്ങി. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പിയൂഷ് ഗോയല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 19ന് നടത്താനിരുന്ന കന്യാകുമാരി സന്ദര്‍ശനം മാര്‍ച്ച് ഒന്നിലേയ്ക്ക് മാറ്റി.

എസ് രാമദോസ് നയിക്കുന്ന പാട്ടാളിമക്കള്‍ കച്ചിയും (പിഎംകെ) സഖ്യത്തിന്റെ ഭാഗമായേക്കും. അതേസമയം അഞ്ച് ലോക്‌സഭ സീറ്റുകളാണ് പിഎംകെ ആവശ്യപ്പെടുന്നത്. ഡിഎംകെയുമായും പിഎംകെ സീറ്റ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അഞ്ച് സീറ്റ് ആവശ്യം ഡിഎംകെ അംഗീകരിച്ചില്ല. അതേസമയം എഐഡിഎംകെ ഇത് അനുഭാവപൂര്‍വം പരിഗണിക്കുന്നതായാണ് പിഎംകെ പറയുന്നത്. ബിജെപി എട്ട് സീറ്റും പിഎംകെ അഞ്ച് സീറ്റും ആവശ്യപ്പെട്ടതായി എഐഎഡിഎംകെ വൃത്തങ്ങള്‍ പറയുന്നു. ഡിഎംകെ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികളുമായി സഖ്യത്തിലാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

This post was last modified on February 15, 2019 2:44 pm