X

‘തമിഴന്‍ തലൈയില്‍ കോമാളി ഗുലാ’ (തമിഴന്റെ തലയില്‍ കോമാളി തൊപ്പി)

അടുത്ത മൂന്നുവര്‍ഷം ഭരണം നിലനിര്‍ത്താമെന്നതിനപ്പുറം ബിജെപി-എഡിഎംകെ ബന്ധം പ്രത്യേകിച്ച് ഗുണം ചെയ്യുമോയെന്നതു സംശയകരാണ്.

‘തമിഴന്‍ തലയില്‍ കോമാളി ഗുലാ’ (തമിഴന്റെ തലയില്‍ കോമാളി തൊപ്പി) ഇരു എഡിഎംകെ വിഭാഗങ്ങളുടേയും ലയനം സംഭവിച്ച തിങ്കളാഴ്ച്ച കമല്‍ഹാസന്‍ കുറിച്ച ട്വീറ്റില്‍ നിന്നുളള ഒരു ശകലമാണിത്. ഇതിനോളം വരില്ല തമിഴക രാഷ്ട്രീയത്തിന്റെ സമകാലികാവസ്ഥ സംബന്ധിച്ച ഒരു രാഷ്ട്രീയ വിശകലനവും. ഒപ്പറ്റ്ര തലൈവര്‍കളാണ് (താരതമ്യം സാധ്യമല്ലാത്ത) ദ്രാവിഡ ജീവിതത്തിന്റെ കൊടിയടയാളം. തമിഴരുടെ ആത്മാഭിമാനത്തിന്റെ ഭാഗവുമാണത്. സ്വന്തം തലൈവര്‍കള്‍ക്കുവേണ്ടി  ജീവത്യാഗം ചെയ്യാന്‍ പോലും മടിക്കാത്ത സംഘകാലപാരമ്പര്യത്തിന്റെ ശേഷിപ്പ് ഇന്നും തമിഴകത്തിന്റെ ഞരമ്പുകളിലുണ്ട്. സ്വയംമര്യാദ അഥവാ ആത്മാഭിമാന പ്രസ്ഥാനങ്ങളുടെ ആ മണ്ണിലാണ് ഒരു പാവ സര്‍ക്കാര്‍ പ്രതിഷ്ടിക്കപെടുന്നത് എന്ന കറുത്ത സ്വയംപരിഹാസമായിരുന്നു കമലിന്റേത്. ഇരുവിഭാഗവും ലയിച്ചപ്പോള്‍ മന്ത്രിസഭക്ക് ഇപ്പോള്‍ 116 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഭരണം നിലനിര്‍ത്താന്‍ ഒരു എംഎല്‍എയുടെ പിന്തുണ മതിയാവും. ടിടിവി ദിനകരന്‍ പക്ഷക്കാരായ 19 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് തങ്ങള്‍ക്ക് മുഖ്യമന്ത്രി എടപാടി പളനിസാമിയിലുളള അവിശാസം നേരിട്ട് അറിയിക്കുകയും ചെയ്തു. സര്‍ക്കാറിനെ വീഴ്ത്താനുളള പ്രധാനപ്രതിപക്ഷമായ ഡിഎംകെയുടെ നീക്കങ്ങളും സജീവമാക്കി.

തങ്ങളുടെ 19 എംഎല്‍എമാരെ പോണ്ടിച്ചേരിയില്‍ എത്തിച്ച് ദിനകരപക്ഷവും ബലതന്ത്രത്തിന് ഒരുങ്ങുകായണ്. സാധാരണഗതിയില്‍ വിശ്വാസവോട്ടടെുപ്പിനമുളള സാഹചര്യം ഒരുങ്ങേണ്ടതാണ്. എന്നാല്‍ ഗവര്‍ണര്‍ വിദ്യാസാഗരറാവു ഇക്കാര്യത്തില്‍ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാറിന്, പ്രത്യേകിച്ച് ബിജെപിക്ക് തമിഴ്‌നാട് രാഷ്ട്രീയത്തിന് ഇടപെടാന്‍ ലഭിച്ച ഈ മികച്ച സാഹചര്യം വെറുതെ കളയാന്‍ ആ പാര്‍ട്ടി തയ്യാറാല്ല. പ്രത്യേകിച്ചും തമിഴനാട്ടിലെ ഭരണപരമായ അസ്ഥിരതയോടുകൂടി സര്‍ക്കാറിനെ നിലനിര്‍ത്തിയാല്‍ മാത്രമേ തങ്ങളുടെ കണക്കുകൂട്ടല്‍ വിജയിക്കാനാവുകയെന്നു തിരിച്ചറിഞ്ഞ നിലക്ക് എന്തുവില കൊടുത്തും ബിജെപി തമിഴകത്തെ ഈ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ചിപ്പിച്ച് നിലനിര്‍ത്താനാണ് ശ്രമിക്കുക.

അതിനപ്പുറം ഒരു ഭരണമാറ്റത്തിന് തല്‍ക്കാലം സാധ്യതയില്ലെന്നാണ് മനസിലാക്കാനാവുക. എഡിഎംകെ സര്‍ക്കാറിനെ മറിച്ചിടാന്‍ ദിനകരന്‍ വിഭാഗവും ആഗ്രഹിക്കുന്നില്ല. എടപാടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റുകയെന്നതില്‍ കവിഞ്ഞ വലിയ ആവശ്യങ്ങള്‍ അവര്‍ ഉന്നയിച്ചിട്ടില്ല. എഡിഎംകെ വിഭാഗങ്ങളുടെ ലയനത്തില്‍ ബിജെപിക്കുളള താല്‍പര്യവും ആ കക്ഷി നടത്തിയ ഇടപടലും സംമ്പന്ധിച്ച് ദിനകരന്‍ പക്ഷം ബോധവന്‍മാരാണ്. ബിജെപിയെ പിണക്കാതിരിക്കാനുളള തന്ത്രപരമായ നീക്കങ്ങളും അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ബിജെപിക്കെതിരായി വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പാര്‍ട്ടി മുഖപത്രമായ നമ്മതു എംജിയാറിന്റെ എഡിറ്റര്‍ മരുത് അഴകുരാജിനെ ആ സ്ഥാനത്ത് നിന്നും നീക്കിയതിന് കാരണവും മറ്റൊന്നല്ല. ടിടിവി ദിനകരന്റെ പേരില്‍ നിലവിലുളള ഫെറയടക്കമുളള സാമ്പത്തിക കുറ്റങ്ങള്‍ അവര്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. എങ്കിലും,

ശശികലയെ കര്‍ണ്ണാടകത്തില്‍ നിന്ന് തമിഴനാട്ടിലെ ജയിലിലേക്ക് മാറ്റാനുളള ശ്രമങ്ങള്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാറിനോട് കൊമ്പുകോര്‍ക്കാന്‍ ഇവര്‍ തയ്യാറാകില്ല. അതിനാല്‍ 19 എംഎല്‍എമാരെ മുന്‍നിര്‍ത്തിയുളള ഒരു സമ്മര്‍ദ്ദത്തിനു ഇതില്‍ കവിഞ്ഞ ലക്ഷ്യവും ഉണ്ടാവാനിടയില്ല. അതിനാല്‍ എഡിഎംകെയില്‍ ഇപ്പോഴുളള രണ്ടു വിഭാഗം എംഎല്‍എമാരെ ഒന്നിപ്പിക്കുകയും നേതൃപരമായ അസ്ഥിരത നിലനിര്‍ത്തികൊണ്ട് തങ്ങളുടെ താല്‍പര്യമനുസരിച്ച് ഒരു പാവസര്‍ക്കാറിനെ സൃഷ്ടിക്കാനാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ലയനത്തിന് അടിസ്ഥാനമായി ഇരുപക്ഷവും പങ്കിട്ടെടുത്ത ഈ പദവികളില്‍ ഒരു ബലതന്ത്രത്തിനുളള മരുന്നിട്ടുണ്ട്.

ഭരണത്തില്‍ എടപാടി വിഭാഗത്തിനും പാര്‍ടിയില്‍ പനീര്‍ശെല്‍വ്വപക്ഷത്തിനും ലഭിച്ച മേല്‍ക്കൈ എഡിഎംകെയിലെ അഭ്യന്തരകുഴപ്പങ്ങളെ സജീവമായി നിലനില്‍ക്കുമെന്ന് ബിജെപിക്ക് നന്നായറിയാം.

നിലവിലെ കാവേരിജലതര്‍ക്കം, നീറ്റ് പരീക്ഷ, തുടങ്ങിയ വിഷയങ്ങളില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊത്ത് നീങ്ങുന്ന സംസ്ഥാനായി തമിഴ്നാട് മാറും. ലയനനീക്കം ബിജെപിക്ക് പാര്‍ലിമെന്റിലും എന്‍ഡിഎ മുന്നണിയിലും ഒരു പോലെ ഗുണം ചെയ്യും. അതേസമയം ബിജെപിയുമായുളള ബന്ധം എഡിഎംകെ പാര്‍ടിക്ക് ദീര്‍ഘകാലത്തേക്ക് പ്രയോജനപെടുമോയെന്നത് സംശയകരമാണ്. അടുത്ത മൂന്നുവര്‍ഷം ഭരണം നിലനിര്‍ത്തമെന്നതിനപ്പുറം അത് പ്രത്യേകിച്ച് ഗുണം ചെയ്യാനിടയില്ല. സവര്‍ണ്ണഹൈന്ദവതയോടുളള എതിര്‍പ്പ് പ്രധാനാശയമായി ഉറവിടം കൊണ്ട് ദ്രാവിഡരാഷ്ട്രീയത്തില്‍ എഡിഎംഎകെ-ബിജപി ബന്ധം തമിഴ്‌നാട്ടില്‍ പരീക്ഷിച്ച് വിജയിപ്പിക്കാനുളള സാധ്യത നന്നെ കുറവാണ്.

 

അനീഷ്. ടി

ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on August 23, 2017 5:40 pm