X

വെല്ലൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ വിജയം 8000ല്‍ പരം വോട്ടിന്

ഡിഎംകെയുടെ കതിര്‍ ആനന്ദ് എഐഎഡിഎംകെയുടെ എസി ഷണ്‍മുഖത്തെ 8141 വോട്ടിനാണ് തോല്‍പ്പിച്ചത്.

വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റി വച്ച, തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് ജയം. ഡിഎംകെയുടെ കതിര്‍ ആനന്ദ് എഐഎഡിഎംകെയുടെ എസി ഷണ്‍മുഖത്തെ 8141 വോട്ടിനാണ് തോല്‍പ്പിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ ആകയുള്ള 39 ലോക്‌സഭ സീറ്റുകളില്‍ 38ഉം ഡിഎംകെയ്ക്കായി. മുതിര്‍ന്ന ഡിഎംകെ നേതാവ് ദുരൈമുരുഗന്റെ മകനാണ് കതിര്‍ ആനന്ദ്.

ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേട്ര കഴഗം, കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം എന്നീ പാര്‍ട്ടികള്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. വലിയ തോതില്‍ മുസ്ലീം ജനസംഖ്യയുള്ള മണ്ഡലത്തില്‍ മുത്തലാഖ് ബില്ലിനെ എഐഎഡിഎംകെ പിന്തുണച്ചതും ഡിഎംകെ നടത്തിയ ശക്തമായ ബിജെപി വിരുദ്ധ പ്രചാരണവും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു.

ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ വെയര്‍ഹൗസില്‍ നിന്ന് മാര്‍ച്ച് 29ന് ചാക്കുകണക്കിന് പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഏപില്‍ ഒന്നിന് നടത്തിയ റെയ്ഡില്‍ 11.53 കോടി രൂപ ദുരൈമുരുഗന്റെ വെയര്‍ഹൗസില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഏപ്രില്‍ 18ന് നടന്ന വോട്ടെടുപ്പ് നടന്ന 38 സീറ്റില്‍ 37ലും ഡിഎംകെ ജയിച്ചിരുന്നു. ഒരു സീറ്റ് മാത്രമാണ് എഐഎഡിഎംകെ ജയിച്ചത്. 303 സീറ്റുള്ള ബിജെപിക്കും 52 സീറ്റുള്ള കോണ്‍ഗ്രസിനും ശേഷം ലോക്‌സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണ് ഡിഎംകെ.

This post was last modified on August 9, 2019 6:59 pm