അനധികൃത മണലെടുപ്പ് കേസില്‍ യുപി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിനെതിരെ സിബിഐ അന്വേഷണം തുടങ്ങിയേക്കും. 2012-13ല്‍ അഖിലേഷ് മുഖ്യമന്ത്രിയായിരിക്കെ നടത്തിയ മണല്‍ ഖനനവുമായി ബന്ധപ്പെട്ടാണ് സിബിഐ അന്വേഷണം. ഖനന വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഗായത്രി പ്രസാദ് പ്രജാപതിക്കെതിരെയും അന്വേഷണമുണ്ടാകും. ഇവര്‍ക്ക് സിബിഐ സമന്‍സ് നല്‍കിയേക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുപിയിലും ഡല്‍ഹിയിലും മുതിര്‍ന്ന എസ് പി നേതാക്കളുടെ കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. മൈനിംഗ് അഴിമതിയുമായി ബന്ധപ്പെട്ടാണിത്. എസ് പി എംഎല്‍സി രമേഷ് മിശ്ര, ബി എസ് പി നേതാവ് രാം അവതാര്‍ രാജ്പുത് എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടന്നു. അഴിമതിവിരുദ്ധ നടപടികളിലൂടെ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായ ഐഎഎസ് ഉദ്യോഗസ്ഥ ബി ചന്ദ്രകലയുടെ വീട്ടിലും റെയ്ഡ് നടന്നു. ഹാമിര്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന ചന്ദ്രകല എസ് പി നേതാക്കള്‍ക്ക് അനധികൃത മൈനിംഗിന് ഒത്താശ ചെയ്തു എന്നാണ് ആരോപണം. ജലോന്‍, ഹാമര്‍പൂര്‍, ലക്‌നൗ എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തത്. അതേസമയം 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സഖ്യം അഖിലേഷ് യാദവും മായാവതിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയ്ഡ് എന്നതാണ് ശ്രദ്ധേയം.
ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളിലെ വിജയമാണ് എസ് പി – ബി എസ് പി സഖ്യത്തിന് മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസം നല്‍കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴിഞ്ഞ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഒഴിഞ്ഞ ഫുല്‍പൂരിലും ബി എസ് പി, എസ് പി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുകയും ഇരു സീറ്റുകളും ബിജെപിയെ തോല്‍പ്പിച്ച് പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് ബിജെപി എംപിയുടെ മരണത്തെ തുടര്‍ന്നുണ്ടായി കൈരാന ഉപതിരഞ്ഞെടുപ്പില്‍ എസ് പിയും ബി എസ് പിയും കോണ്‍ഗ്രസുമെല്ലാം ചേര്‍ന്ന് പൊതുവായി ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് ബിജെപിയെ പരാജയപ്പെടുത്തി.
This post was last modified on January 5, 2019 10:07 pm
Leave a Comment