X

അമിത് ഷായുടെ മകനെതിരായ ആരോപണം മുക്കി; മുട്ടിലിഴയുന്ന ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് അല്‍ ജസീറ

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാ, മോദി അധികാരത്തില്‍ വന്ന ശേഷം നേടിയ ദുരൂഹ സാമ്പത്തിക വളര്‍ച്ചയും അഴിമതി ആരോപണങ്ങളും ഭൂരിഭാഗം ഇന്ത്യന്‍ മുഖ്യധാരാ മാധ്യമങ്ങളും തമസ്‌കരിച്ചതായി അല്‍ ജസീറ ചൂണ്ടിക്കാട്ടുന്നു.

കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴഞ്ഞ അടിയന്തരാവസ്ഥ കാലത്തെ ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് പറഞ്ഞത് ബിജെപി നേതാവായ എല്‍കെ അദ്വാനിയാണ്. ഇപ്പോള്‍ അദ്വാനിയുടെ പാര്‍ട്ടിക്കും അദ്വാനിയുടെ ശിഷ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുന്നില്‍ മുട്ടിലിഴയുന്ന ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ചാണ് അല്‍ ജസീറ പറയുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാ, മോദി അധികാരത്തില്‍ വന്ന ശേഷം നേടിയ ദുരൂഹ സാമ്പത്തിക വളര്‍ച്ചയും അഴിമതി ആരോപണങ്ങളും ഭൂരിഭാഗം ഇന്ത്യന്‍ മുഖ്യധാരാ മാധ്യമങ്ങളും തമസ്‌കരിച്ചതായി അല്‍ ജസീറ ചൂണ്ടിക്കാട്ടുന്നു. അഴിമതികള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകരെ മാനനഷ്ട കേസ് അടക്കമുള്ള നിയമനടികള്‍ കൊണ്ട് ആരോപണവിധേയര്‍ ഭീഷണിപ്പെടുത്തുകയാണെന്നും അല്‍ ജസീറ പറയുന്നു.

തന്റെ വാര്‍ത്താസമ്മേളനങ്ങള്‍ കവര്‍ ചെയ്യരുതെന്ന് പല ചാനലുകള്‍ക്ക് മോദി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറയുന്നു. പാര്‍ട്ടി അദ്ധ്യക്ഷന്റെ മകനെതിരായ ആരോപണം പ്രതിരോധിക്കാന്‍ കേന്ദ്ര മന്ത്രി തന്നെ രംഗത്ത് വരുന്നു എന്ന് ദ പ്രിന്റിന്റെ ഒപ്പീനിയന്‍ എഡിറ്റര്‍ രമ ലക്ഷ്മി പറയുന്നു. പിയൂഷ് ഗോയല്‍ ജയ് ഷാക്കെതിരായ ആരോപണം നിഷേധിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ജയ് ഷായുടെ ഇടപാടുകള്‍ സംബന്ധിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണ് എന്നാണ് പറയുന്നതെങ്കില്‍ സര്‍ക്കാര്‍ രേഖകളും വസ്തുതാവിരുദ്ധമായ കാര്യങ്ങളാ
ണ് പറയുന്നത് എന്ന് പറയേണ്ടി വരുമെന്ന് ഈ റിപ്പോര്‍ട്ടിലൂടെ വന്‍ അഴിമതിയുടെ സാദ്ധ്യതകള്‍ തുറന്നുകാട്ടിയ thewire.in റിപ്പോര്‍ട്ടര്‍ രോഹിണി സിംഗ് പറയുന്നു. രജിസ്ട്രാര്‍ കമ്പനീസിന്റേതടക്കമുള്ള കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് തന്റെ റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന് രോഹിണി പറയുന്നു.

അമിത് ഷായുടെ മകനെതിരായ വാര്‍ത്ത ഇന്ത്യയിലെ രണ്ട് പ്രമുഖ ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളേ കൊടുത്തുള്ളൂ – എന്‍ഡിടിവിയും എബിപി ന്യൂസും. മറ്റ് ദേശീയ മാധ്യമങ്ങളെല്ലാം തന്നെ വാര്‍ത്ത തമസ്‌കരിച്ചു. പ്രമുഖ വാര്‍ത്താചാനലുകളില്‍ ഒന്നായ ഇന്ത്യ ടുഡേ ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടി ഉണ്ണാവ്രതം അനുഷ്ഠിക്കുന്ന ഭാര്യമാരെക്കുറിച്ചാണ് അന്ന് രാത്രി ചര്‍ച്ച ചെയ്തത്. സീ ന്യൂസ് ചര്‍ച്ച ചെയ്തത് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈനികരുമായി സംസാരിച്ച വിഷയമാണ്‌. തനിക്ക് ഈ വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്നും യാതൊരു രേഖകളോ വസ്തുതകളോ താന്‍ പരിശോധിച്ചിട്ടില്ലെന്നും വാര്‍ത്തയ്ക്ക് പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നുമാണ് സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരി പറഞ്ഞത്. വായിക്കാന്‍ ആളില്ലാതെ ബുദ്ധിമുട്ടുന്ന ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകള്‍ വായനക്കാരെ കിട്ടാനും പെട്ടെന്നുള്ള പ്രശസ്തിക്കും വേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്യുമെന്നുമാണ് സുധീര്‍ ചൗധരി അഭിപ്രായപ്പെടുന്നത്.

ലിബറല്‍ സ്വഭാവമുള്ള പത്രമെന്ന് അവകാശപ്പെടുന്ന ദ ഹിന്ദു പോലും പത്താം പേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത് എന്ന് അല്‍ ജസീറ പറയുന്നു. വര്‍ഷങ്ങള്‍ നീളുന്ന വലിയ ചിലവ് വേണ്ടി വരുന്ന കേസുകള്‍ കൊടുത്ത് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ്. വസ്തുതാപരമായ കാര്യങ്ങള്‍ പറയുന്നവരെ, വിമര്‍ശിക്കുന്നവരെ കോടതിയിലേയ്ക്ക് വലിച്ചിഴക്കുന്ന ഇത്തരം ഭീഷണികള്‍ക്കുള്ള നിയമപരമായ പേര് സ്ലാപ്പിംഗ് എന്നാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി മുന്‍ എഡിറ്ററുമായ പരണ്‍ജോയ് ഗുഹ തകൂര്‍ത്ത പറയുന്നു. ഞങ്ങളുടെ പിന്നാലെ വന്നാല്‍ നിങ്ങള്‍ക്ക് പണി തരും എന്നാണ് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇവര്‍ കൊടുക്കുന്ന സന്ദേശം.

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന അധിക്ഷേപങ്ങളും ഭീഷണികളും അല്‍ ജസീറ ചൂണ്ടിക്കാട്ടുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകം അടക്കമുള്ള വിഷയങ്ങളും പറയുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍  ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദു ദേശീയവാദത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ് എന്ന് അല്‍ ജസീറ പറയുന്നു. പ്രധാനമന്ത്രി മോദി ഫോളോ ചെയ്യുന്ന പലരും ഗൗരിയുടെ മരണം ട്വിറ്ററില്‍ ആഘോഷിക്കുകയും അധിക്ഷേപകരമായ കാര്യങ്ങള്‍ പറയുകയും ചെയ്തിരുന്നു.

This post was last modified on October 15, 2017 3:34 pm