X

ദക്ഷിണാഫ്രിക്കയിലെ അംബേദ്കർ: റിയാസ് കോമു തീർക്കുന്ന പ്രതിരോധത്തിന്റെ പുരാരേഖാലയം

ലൈംഗിക ന്യൂനപക്ഷങ്ങളുടെയും സ്വന്തം നാടുകളിൽ നിന്നും കുടിയൊഴിക്കപ്പെടുന്നവരുടെയുമെല്ലാം ശബ്ദമായി അംബേദ്കർ മാറുന്നുണ്ട്. ഇതിനെക്കൂടി പ്രതിനിധീകരിക്കുന്നു റിയാസ് കോമുവിന്റെ ഈ രചന.

നമ്മളിൽ മിക്കവർ‌ക്കും ഭാവിയെന്നാൽ പ്രതീക്ഷകൾ കൊളുത്തി വെക്കുന്ന ഒരിടമാണ്. വര്‍ത്തമാനമാകട്ടെ ഹിസാത്മകമായ കാലത്തിന്റെ ഭാരത്തിലോ ഉദാസീനമായ ജീവിതത്തിന്റെ സാധാരണത്വത്തിലോ അമർന്നില്ലാതാകുന്നു. കഴിഞ്ഞകാലം എപ്പോഴും നമുക്ക് റാഡിക്കൽ ഗൃഹാതുരത്വത്തിന്റേതാണ്. സുരക്ഷിതമായി നാം കടന്നുപോന്നതോ മാറ്റിവെച്ചതോ ആയ ഒന്നിനെയാണ് ജീവിതത്തിന്റെ ഈ പുരാരേഖാലയം മനസ്സിലേക്ക് കൊണ്ടുവരുന്നത്. ഓർമയുടെ നിഴൽവീണ ലോകത്തേക്ക് പിൻമടങ്ങിക്കഴിഞ്ഞ ചിലത്.

തന്റെ പുതിയ രചനയിലൂടെ റിയാസ് കോമു നിർമിക്കുന്നത് വർത്താമനകാലത്തിന്റെ ചരിത്രമാണ്. നമ്മൾ കടന്നുപോകുന്ന കാലത്തെ അതിന്റെ എല്ലാ ഭീകരതയോടും സാധ്യതകളോടും നയവഞ്ചനയോടും കൂടി ആലോചിച്ചെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ 2009ലെ ബല്ലാഡ് ഓഫ് ദി ഡിസ്ട്രാക്റ്റഡ് vs കൾട്ട് ഓഫ് ദി ഡെഡ് ആൻഡ് മെമ്മറി ലോസ് എന്ന രചന നമുക്കു മുമ്പിൽ ഉണ്മയ്ക്കും ഇല്ലായ്മയ്ക്കുമിടയിലുള്ള തെരഞ്ഞെടുപ്പാണ് ആവശ്യപ്പെട്ടത്. കോമുവിന്റെ ‘നാലാംലോകം’ (Fourth World) എന്ന ഈ പുതിയ രചന നിറോക്സിലെ സ്കൾപ്ചർ പാർക്കിലാണ് സ്ഥാപിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലുള്ള മനുഷ്യരാശിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഇടത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

പല വലിപ്പത്തിലുള്ള കോൺക്രീറ്റ് തിട്ടകളാണ് ഈ ഇൻസ്റ്റലേഷന്റെ പ്ലാറ്റ്ഫോം. നാല് ദിക്കുകളിലായി ക്രമീകരിച്ചിരിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ രണ്ടെണ്ണത്തിൽ അംബേദ്കർ പ്രതിമകളാണ്. എതിർവശങ്ങളിലേക്ക് തിരിഞ്ഞു നിൽക്കുന്ന നിലയിൽ ഇവയെ കാണാം. രണ്ട് തിട്ടകൾ ഒഴിച്ചിട്ടിരിക്കുന്നു.

ഇന്ത്യയിലെമ്പാടും ചിതറിക്കിടക്കുന്ന അംബേദ്കർ പ്രതിമകളിൽ കാണാറുള്ള പോലെ ഈ പ്രതിഷ്ഠാപനത്തിൽ അദ്ദേഹത്തിന്റെ പക്കൽ നിയമപുസ്തകമില്ല. ഈ പ്രതിമകൾ ആർക്കുനേരെയും വിരൽ ചൂണ്ടുന്നില്ല. മറിച്ച്. സുസ്മേരവദനനായി തനിക്ക് പറയാനുള്ളത് ശാന്തമായി വിവരിക്കുന്ന നിലയാണ് ഈ അംബേദ്കർ ശിൽപ്പത്തിൽ കാണുക.

ഒഴിഞ്ഞുകിടക്കുന്ന കോൺക്രീറ്റ് തിട്ടകളാണ് അംബേദ്കറെക്കുറിച്ച് റിയാസ് കോമുവിന് പറയാനുള്ളവ കൂടുതലായി ഉച്ചരിക്കുന്നത്. കിഴക്കും പടിഞ്ഞാറും അഭിമുഖീകരിച്ചു നിൽക്കുന്ന അംബേദ്കർ ശിൽപ്പങ്ങൾ തീർത്തും യഥാതഥമായ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. നിറച്ചുവെച്ചിരിക്കുന്ന ഇടങ്ങളല്ല, ഒഴിച്ചിട്ട ഇടങ്ങളാണ് ശിൽപ്പത്തിന്റെ ആശയവിനിമയം പൂർത്തിയാക്കുന്നത്.

അംബേദ്കറെ പുതിയ കാലം എങ്ങനെയാണ് വായിക്കുന്നത് എന്നതിലേക്കുള്ള ചൂണ്ടുവിരൽ കൂടിയാകണം ഈ ശിൽപ്പം. പുതിയ കാലം നേരിടുന്ന ഒഴിച്ചു നിർത്തലുകളുടെ വെല്ലുവിളികളെക്കുറിച്ച് പറയുന്നുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളുടെയും, സ്വന്തം നാടുകളിൽ നിന്നും കുടിയൊഴിക്കപ്പെടുന്നവരുടെയുമെല്ലാം ശബ്ദമായി അംബേദ്കർ മാറുന്നുണ്ട്. ഇതിനെക്കൂടി പ്രതിനിധീകരിക്കുന്നു റിയാസ് കോമുവിന്റെ ഈ രചന.

അംബേദ്കറിന്റെ ലോകം കിഴക്കും പടിഞ്ഞാറുമായി ഒതുങ്ങുന്നുവെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അതിനോടുള്ള സൗമ്യമായ വിയോജനം കൂടി ഈ ഇൻസ്റ്റലേഷൻ നടത്തുന്നുണ്ട്.

കൂടുതൽ വായിക്കാം.

This post was last modified on June 23, 2019 6:59 pm