X

പൗരത്വ ബില്ലിനോട് പ്രതിഷേധം: മണിപ്പൂരി സംവിധായകൻ പത്മശ്രീ തിരിച്ചുനൽകുന്നു

മുതിർന്ന മണിപ്പൂരി സിനിമാ സംവിധായകൻ അരിബാം ശ്യാം ശർമ തനിക്ക് ലഭിച്ചിരുന്ന പത്മശ്രീ അവാർഡ് തിരിച്ചു നൽകുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധമായാണ് പുരസ്കാരം തിരിച്ചു നൽകുന്നത്. 2006ലാണ് ഇദ്ദേഹത്തിന് പത്മശ്രീ നൽകിയത്.

ഇംഫാലിൽ വെച്ചായിരുന്നു പുരസ്കാരം തിരിച്ചു നൽകുന്നതായുള്ള അരിബാമിന്റെ പ്രഖ്യാപനം.

അയൽരാജ്യങ്ങളിൽ നിന്നും കുടിയേറ്റം നടത്തുന്ന മുസ്ലിങ്ങൾ ഒഴികെയുള്ള എല്ലാ മതവിഭാഗക്കാർക്കും ഇന്ത്യൻ പൗരത്വം അവകാശപ്പെടാമെന്ന 201ലെ പൗരത്വ നിയമഭേദഗതി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ പ്രക്ഷോഭങ്ങൾക്കാണ് വഴി വെച്ചിരിക്കുന്നത്. മുസ്ലിം വിരുദ്ധമായ ഈ ബില്ലിനെതിരെ ശക്തമായ എതിർപ്പ് രാജ്യമെങ്ങും ഉയരുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കുടിയേറ്റം ദശകങ്ങളായി വലിയ സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങളുയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇതര രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം വർധിപ്പിക്കാനിടയുള്ള ബില്ല് ലോകസഭയിൽ പാസ്സാകുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അസ്വാസ്ഥ്യങ്ങളുയർന്നു വരുന്നതിൽ കടുത്ത ആശങ്കയിലാണ് ബിജെപി. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 8 സീറ്റുകളാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എന്‍ഡിഎ ഒറ്റയ്ക്ക് നേടിയത്. 13 സീറ്റുകൾ എൻഡിഎ ഇതര കക്ഷികളാണ് നേടിയത്. നാല് സീറ്റുകൾ നേടിയത് എൻഡിഎ സഖ്യകക്ഷികളാണ്. ആകെ 25 ലോകസഭാ സീറ്റുകളാണുള്ളത്. വിഷയം ഏറെ ഗൗരവപ്പെട്ടതാണ് ബിജെപിക്ക്.

പൗരത്വ ബിൽ: അണികൾ പ്രക്ഷോഭത്തിൽ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ സഖ്യ കക്ഷികൾക്കു മേൽ സമ്മർദ്ദം മുറുകുന്നു