X

മിസോറാമില്‍ ഗവര്‍ണര്‍ കുമ്മനത്തിന്റെ റിപ്പബ്ലിക് ദിന പ്രസംഗം കേള്‍ക്കാന്‍ ആളില്ല

വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കമുള്ളവ ഉള്‍പ്പെട്ട കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് റിപ്പബ്ലിക് ദിന പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തുള്ള മിസോറാമില്‍ ഇന്നലെ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ റിപ്പബ്ലിക് ദിന പ്രസംഗം കേള്‍ക്കാനെത്തിയത് വളരെ കുറച്ച് പേര്‍ മാത്രം. പ്രസംഗം നടക്കുമ്പോള്‍ ഗ്രൗണ്ട് ഏതാണ്ട് ആളൊഴിഞ്ഞ അവസ്ഥയിലായിരുന്നു. മന്ത്രിമാര്‍, എംഎല്‍എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരൊഴികെ മറ്റ് നാട്ടുകാരൊന്നും പരിപാടിക്കെത്തിയില്ല.

വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കമുള്ളവ ഉള്‍പ്പെട്ട കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് റിപ്പബ്ലിക് ദിന പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് അടക്കമുള്ളവ ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കുകയാണ്. പല ഉന്നത ഉദ്യോഗസ്ഥരും പലയിടങ്ങളിലും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കുന്ന പല സ്ഥലങ്ങളിലും പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി നിരവധി പേര്‍ എത്തിയിരുന്നെങ്കിലും എവിടെയും അക്രമസംഭവങ്ങളുണ്ടായില്ല.