X

കാർഗിൽ യുദ്ധവിജയത്തിന്റെ ഇരുപതാമാണ്ട് ആഘോഷിക്കാന്‍ വമ്പിച്ച പരിപാടികളുമായി ഇന്ത്യൻ സൈന്യം

യുദ്ധത്തിൽ കൊല്ലപ്പെട്ട 527 സൈനികരുടെ ത്യാഗത്തിന് ആദരവർപ്പിക്കാൻ വൻ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്

കാർഗിൽ യുദ്ധവിജയത്തിന്റെ ഇരുപതാം വാർഷികം കൊണ്ടാടാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യൻ പട്ടാളം. യുദ്ധത്തിൽ കൊല്ലപ്പെട്ട 527 സൈനികരുടെ ത്യാഗത്തിന് ആദരവർപ്പിക്കാൻ വൻ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

1999 ജൂലൈ 26നാണ് യുദ്ധം ഔദ്യോഗികമായി അവസാനിച്ചത്. കാർഗിലിൽ പാകിസ്താന്‍ സൈനികരും മുജാഹിദ്ദീനുകളും ചേര്‍ന്ന നടത്തിയ കടന്നുകയറ്റം പൂർണമായും അവസാനിപ്പിച്ചു. എല്ലാ ഇന്ത്യൻ പോസ്റ്റുകളും തിരിച്ചുപിടിച്ചു. ഒരു പ്രത്യേക കലണ്ടർ പുറത്തിറക്കിയാണ് ഈ വിജയദിവസത്തിന്റെ ഓർമ പുതുക്കുന്നത്. ഈ കലണ്ടർ വ്യാപകമായി ലഭിക്കില്ല. അപൂർവ്വ വസ്തുക്കൾ ശേഖരിക്കുന്നവർക്ക് സ്വന്തമാക്കാൻ സാധിക്കും. ഓൺലൈനായി ഡൗൺലോഡ് ചെയ്തെടുക്കാനും സാധിക്കും. അനുസ്മരിക്കുക, ആനന്ദിക്കുക, പുതുക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ആ ആഘോഷപരിപാടികൾ നടക്കുക.

ആഘോഷപരിപാടികൾക്കിടയിൽ ഉയർന്നു വരുന്ന സുപ്രധാനമായ ചോദ്യം കാർഗിൽ കാലത്തിൽ നിന്നും ഇന്ത്യ അതിന്റെ ആയുധങ്ങളുടെ ആധുനികരണത്തിൽ എത്രത്തോളം മുമ്പോട്ടു പോയി എന്നതാണ്. കഴിഞ്ഞ 20 വർഷത്തിനിടയിൽ ആയുധങ്ങൾ പുതുക്കുകയും ആധുനികവൽക്കരിക്കുകകയും ചെയ്യുന്നതിൽ കാര്യമായൊന്നും പുരോഗമിച്ചിട്ടില്ല ഇന്ത്യൻ സൈന്യം. 1999ല്‍ ഉപയോഗിച്ചിരുന്ന അതേ INSAS റൈഫിളുകളാണ് ഇപ്പോഴും സൈന്യം ഉപയോഗിക്കുന്നത്. ഇപ്പോഴാണ് സർക്കാർ ഇവ പുതുക്കേണ്ടതുണ്ട് എന്ന ആലോചനയിലേക്ക് എത്തുന്നത്.

പീരങ്കിത്തോക്കുകളുടെ കാര്യത്തിലും കാര്യമായൊരു മാറ്റം സംഭവിച്ചിട്ടില്ല. കാർഗിലിൽ നാമുപയോഗിച്ചത് ബൊഫോഴ്സ് തോക്കുകളായിരുന്നു. പാകിസ്താനെതിരെ അതിശക്തമായ ആയുധമായിരുന്നു അന്നവ. ഈ തോക്കുകൾ തന്നെയാണ് 20 വർഷത്തിനു ശേഷം ഇന്നും ഇന്ത്യൻ സൈന്യത്തിന്റെ ആശ്രയമെന്നറിയുമ്പോഴോ? എങ്കിലും ഇക്കാര്യത്തിൽ ഈവർഷം തന്നെ ചില മുന്നേറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഭാരം കുറഞ്ഞ M777 ഹോവിറ്റ്സറുകൾ യുഎസ്സിൽ നിന്ന് വാങ്ങിയിട്ടുണ്ട്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ കെ9 വജ്ര എന്ന ഹോവിറ്റ്സർ ഇന്ത്യ നിർമിച്ചെടുത്തിട്ടുമുണ്ട്. ഇവ രണ്ടും ഈ വർഷം തന്നെ ഇന്ത്യൻ സൈന്യത്തിന്റെ കയ്യിലെത്തും.

കാർഗിൽ റിവ്യൂ കമ്മറ്റി റിപ്പോർട്ടിന്റെ കാര്യമെന്തായി എന്ന ചോദ്യവും ഈ ഇരുപതാം വർഷത്തിൽ ഉന്നയിക്കപ്പെടുന്നുണ്ട്. ഈ റിവ്യൂ റിപ്പോർട്ട് അതിന്റെ യഥാര്‍ത്ഥ സത്തയുൾക്കൊണ്ട് നടപ്പാക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. നിരവധിയായ നിർദ്ദേശങ്ങളും ശുപാർശകളും ഈ കമ്മറ്റി നടത്തിയിരുന്നു. അവയിൽ സുപ്രധാനമായ പലതും അംഗീകരിക്കപ്പെട്ടിട്ടും നടപ്പാക്കപ്പെട്ടിട്ടില്ല.

This post was last modified on January 28, 2019 10:45 am