X

17ാം ലോക്സഭയുടെ ആദ്യസമ്മേളനം ഇന്ന് തുടങ്ങുന്നു: കക്ഷി നേതാവില്ലാതെ കോണ്‍ഗ്രസ്; മുത്തലാഖ് ബില്‍, തൊഴില്‍ നിയമപരിഷ്കരണം തുടങ്ങിയവ പ്രധാന നീക്കങ്ങള്‍

ഏഴുതവണ എംപിയായി ലോക്സഭയിലെത്തിയ കൊടിക്കുന്നില്‍ സുരേഷിന് ആ നിലയ്ക്ക് മുന്‍തൂക്കമുണ്ട്. അതെസമയം, ശക്തമായ ഭരണപക്ഷത്തോട് ഏറ്റുനില്‍ക്കാന്‍ നിലവിലുള്ളവരില്‍ ശേഷിയുള്ള നേതാവെന്ന നിലയില്‍ ശശി തരൂരിന്റെ പേരും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പതിനേഴാം ലോകസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങുന്നു. നടപ്പ് സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടും. സമ്മളനത്തിനു മുന്നോടിയായി സര്‍ക്കാര്‍ കഴിഞ്ഞദിവസം സര്‍വ്വകക്ഷിയോഗം വിളിച്ചിരുന്നു. നാളെ മുതല്‍ ജൂലൈ 26 വരെയാണ് സമ്മേളനം നടക്കുക. 17, 18 തിയ്യതികളില്‍ എംപിമാരുടെ സത്യപ്രതിജ്ഞയുണ്ടാകും. 19ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. ഇരുപതിനായിരിക്കും രാഷ്ട്രപതി പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുക. ജൂലൈ നാലിന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടേ മേശപ്പുറത്തു വെക്കും. അഞ്ചിന് ബജറ്റ് അവതരിപ്പിക്കും.

അതെസമയം പതിനേഴാം ലോക്സഭയില്‍ തങ്ങളുടെ കക്ഷിനേതാവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ ഒരു തീരുമാനത്തിലെത്തിയിട്ടില്ല. രാഹുല്‍ ഗാന്ധി വിമുഖത കാണിക്കുന്നതാണ് കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ലോക്സഭയില്‍ കക്ഷി നേതാവായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരാജയപ്പെട്ടത് ഈ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം നടക്കുന്ന ഇരുപതാംതിയ്യതി വരെ സമയമുണ്ട് എന്നതാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ കാണുന്നത്.

ഏഴുതവണ എംപിയായി ലോക്സഭയിലെത്തിയ കൊടിക്കുന്നില്‍ സുരേഷിന് ആ നിലയ്ക്ക് മുന്‍തൂക്കമുണ്ട്. അതെസമയം, ശക്തമായ ഭരണപക്ഷത്തോട് ഏറ്റുനില്‍ക്കാന്‍ നിലവിലുള്ളവരില്‍ ശേഷിയുള്ള നേതാവെന്ന നിലയില്‍ ശശി തരൂരിന്റെ പേരും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജൂണ്‍ 19ന് വളരെ തന്ത്രപ്രധാനമായ ഒരു യോഗത്തിന് എല്ലാ പാര്‍ട്ടികളുടെയും നേതാക്കളെ മോദി ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരേ സമയത്ത് നടത്തുകയെന്ന ബിജെപിയുടെ പ്രഖ്യാപിത നയം നടപ്പാക്കുന്നതിനുള്ള ആദ്യ നീക്കമായി പ്രസ്തുത വിഷയം ഈ യോഗത്തില്‍ പ്രധാനമന്ത്രി അവതരിപ്പിക്കും.

കഴിഞ്ഞദിവസം നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ്സ് ഉന്നയിച്ചത് തൊഴിലില്ലായ്മ, കര്‍ഷക പ്രശ്നങ്ങള്‍, മാധ്യമസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളാണ്. തെരഞ്ഞെടുപ്പില്‍ ഈ വിഷയങ്ങളുന്നയിച്ചുള്ള കോണ്‍‌ഗ്രസ്സിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും അവയില്‍ത്തന്നെയാണ് തങ്ങള്‍ തുടര്‍ന്നും ഊന്നാന്‍ പോകുന്നതെന്ന സന്ദേശം പാര്‍ട്ടി നല്‍കി.

ജമ്മു കശ്മീരില്‍ ഏറ്റവും വേഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും പാര്‍ട്ടി മുമ്പോട്ടു വെച്ചു.

മുപ്പത് സിറ്റിങ്ങുകളുള്ള മണ്‍സൂണ്‍ സെഷനില്‍ 10 ഓര്‍ഡിനന്‍സുകള്‍ പാസ്സാക്കിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. വിവാദമായ മുത്തലാഖ് ബില്ലും ഈ സെഷനില്‍ കൊണ്ടുവരും. പുതിയ ബില്ല് കൊണ്ടുവരുന്ന കാര്യം നേരത്തെ തന്നെ വ്യക്തമായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റിന് ഈ ബില്ല് പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. രാജ്യസഭയില്‍ പിന്തുണ കിട്ടാത്തതായിരുന്നു കാരണം. ഇതെത്തുടര്‍ന്ന് പലവട്ടം ഓര്‍ഡിനന്‍സ് ഇറക്കി മുമ്പോട്ടു കൊണ്ടുപോകുകയായിരുന്നു. നേരത്തെ ലോക്സഭയില്‍ മാത്രം പാസ്സാക്കിയ ബില്‍ പുതിയ സര്‍ക്കാരില്‍ നിലനില്‍ക്കില്ല. മുത്തലാഖ് ചെയ്യുന്നത് ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാ വിധികളാണ് ഈ ബില്ലിലുള്ളത്.

ഇതോടൊപ്പം രാജ്യത്തെ തൊഴില്‍‌നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ബില്ലും ഇത്തവണ പാസ്സാക്കപ്പെടും. ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് പുറത്തുവന്ന കാര്യങ്ങള്‍ തൊഴിലാളി സംഘടനകളെ ആശങ്കയിലാക്കിയിട്ടുണ്ട്. തൊഴില്‍സമയം കൂട്ടല്‍, തൊഴിലാളികളെ പിരിച്ചുവിടുന്നതില്‍ വ്യവസ്ഥകളില്ലാതാക്കല്‍ തുടങ്ങി കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വലിയ നേട്ടമുണ്ടാകുന്ന തരത്തിലുള്ളതാണ് പുതിയ ബില്ലെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്. തൊഴിലാളികളെ സംരക്ഷിക്കുന്ന എല്ലാ വ്യവസ്ഥകളിലും മാറ്റം വരുമെന്നത് ഭയാശങ്ക ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വ്യവസ്ഥകളെ ‘പ്രാകൃത’മെന്നാണ് കേന്ദ്രം വിശേഷിപ്പിച്ചത്.

എല്ലാ മേഖലയിലേയും തൊഴിലാളികൾക്ക് കുറഞ്ഞ കൂലി ഉറപ്പാക്കും, കൂലി 5 വര്‍ഷത്തെ ഇടവേളയില്‍ പരിഷ്‌കരിക്കും, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന നിശ്ചിത പ്രതിമാസത്തുകയില്‍ കവിയാത്ത വരുമാനമുള്ള എല്ലാവര്‍ക്കും ബോണസിന് അര്‍ഹതയുമുണ്ടാവും തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്രം ഈ ബില്ലിന്റെ ഗുണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

വേതനം, തൊഴിൽ സുരക്ഷ, ക്ഷേമം, സാമൂഹ്യസുരക്ഷ എന്നീ നാലു മേഖലകളിൽ 44 സംയോജിപ്പിച്ച് പുതിയ നിയമം കൊണ്ടുവരാനാണ് നീക്കം. ഇവ തികച്ചു തൊഴിലാളി വിരുദ്ധമായ നിയമങ്ങളാണെന്ന് ഇതിനകം തന്നെ വിമർശനമുയർന്നിട്ടുണ്ട്. ഈ മാറ്റങ്ങൾ ഒറ്റയടിക്ക് നടപ്പാക്കേണ്ടെന്ന തീരുമാനത്തിലാണ് സർക്കാർ ഇപ്പോഴുള്ളത്. ആര്‍എസ്എസ് പിന്തുണയുള്ള രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ് നടത്തിയ ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് അറിയുന്നത്. തൊഴിലാളി വിരുദ്ധമാണ് പുതിയ നിയമമെന്ന് സംഘടനയ്ക്കുള്ളില്‍ത്തന്നെ അഭിപ്രായമുണ്ട്. എന്നാല്‍, തുറന്നൊരു നിലപാട് ഈ വിഷയത്തിലെടുക്കാന്‍ ബിഎംഎസ്സിന് കഴിഞ്ഞിട്ടില്ല.

തൊഴിലാളികളുടെ സമരം ചെയ്യാനുള്ള അവകാശം എടുത്തുകളയാനും, അവധിദിനങ്ങൾ വെട്ടിക്കുറയ്ക്കാനുമെല്ലാം ബില്ലിൽ വ്യവസ്ഥകളുണ്ട്. അലവൻസുകള്‍ വെട്ടിക്കുറയ്ക്കാനും കമ്പനിക്ക് സാധിക്കും. തൊഴിൽസമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചിട്ടുമുണ്ട്. എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട്, ഇഎസ്ഐ, പ്രസവാനുകൂല്യം, നഷ്ടപരിഹാര നിയമം തുടങ്ങിയവ ഏകീകരിച്ച് ഒന്നാക്കും. വ്യവസായങ്ങളുമായി ബന്ധപ്പെട്ട ഫാക്ടറീസ്, ഖനി നിയമങ്ങൾ തുടങ്ങിയവ ഒന്നാക്കും. മിനിമം കൂലി നിയമം, ബോണസ്, വേതനം, തുല്യ പ്രതിഫല നിയമം തുടങ്ങിയവയും ഏകീകരിക്കും. വ്യവസായ തർക്ക നിയമം, ട്രേഡ് യൂണിയൻ നിയമം, വ്യവസായ തൊഴിൽ നിയമം തുടങ്ങിയവയും ഒന്നാക്കും. വിരമിക്കലിനു ശേഷം ആനുകൂല്യങ്ങൾ നൽകില്ല, സാമൂഹ്യസുരക്ഷ ആനുകൂല്യമാക്കി മാറ്റുക (നിലവിൽ ഇത് തൊഴിലാളിയുടെ അവകാശമാണ്), സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് സബ്സിഡി നൽകില്ല, ക്ഷേമപദ്ധതി വിഹിതം നല്‍കാൻ കഴിയാത്ത തൊഴിലാളിക്ക് ആനുകൂല്യങ്ങൾ നിഷേധിക്കില്ലെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തി തുടങ്ങിയവയാണ് പുതിയ നിയമവ്യവസ്ഥയിൽ പറയുന്നത്.