X

അമിത് ഷായുടെ രഥയാത്രയ്ക്ക് കൽക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു; നടപടി വർഗീയ സംഘർഷമുണ്ടാകുമെന്ന സർക്കാരിന്റെ വാദം മുഖവിലയ്ക്കെടുത്ത്

രഥയാത്ര വെള്ളിയാഴ്ച തുടങ്ങാനായിരുന്നു അമിത് ഷായുടെ പരിപാടി.

പശ്ചിമബംഗാളിൽ ബിജെപി അധ്യക്ഷൻ നടത്താനിരുന്ന രഥയാത്രയ്ക്ക് കൽക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു. രഥയാത്ര വർഗീയ സംഘർഷത്തിന് ഇടയാക്കിയേക്കുമെന്ന സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

രഥയാത്ര വെള്ളിയാഴ്ച തുടങ്ങാനായിരുന്നു അമിത് ഷായുടെ പരിപാടി. കൂച്ച് ബഹാറിൽ നിന്ന് തുടങ്ങാനിരുന്ന യാത്രയ്ക്ക് പൊലീസ് അനുമതിയും ലഭിച്ചിരുന്നില്ല. കൂച്ച്ബഹാർ പൊലീസ് യാത്രയ്ക്കുള്ള അനുമതി നൽകിയിട്ടില്ലെന്ന് അഡ്വക്കറ്റ് ജനറൽ കിഷോർ ദത്ത കോടതിയെ അറിയിച്ചു.

വിധിക്കെതിരെ ബിജെപി ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിക്കുമെന്ന് അറിയുന്നു. കൂച്ച് ബഹാർ വര്‍ഗീയ സംഘർഷത്തിന് സാധ്യതയുള്ള ജില്ലയാണെന്ന സർക്കാരിന്റെ വാദത്തെ കോടതി മുഖവിലയ്ക്കെടുത്തു. രഥയാത്രയ്ക്കിടെ അക്രമത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടും സർക്കാർ കോടതിയിൽ വെച്ചു.

ബിജെപിയുടെ അപ്പീലിൽ കോടതി നാളെ വാദം കേൾ‍ക്കും. തങ്ങളുടെ യാത്ര സമാധാനപരമായിരിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഇന്ത്യൻ ഭരണഘടന പ്രകാരം ജനാധിപത്യപരമായ ഏതൊരു നീക്കവും അനുവദനീയമാണെന്ന് ബിജെപിയുടെ ബംഗാൾ വൈസ് പ്രസിഡണ്ട് ജയ് പ്രകാശ് മജുംദാർ പറഞ്ഞു. ബിജെപിക്ക് നിലവിൽ രണ്ട് ലോകസഭാ സീറ്റുകളാണ് ബംഗാളിലുള്ളത്. 42 ലോകസഭാ മണ്ഡലങ്ങളിലൂടെ യാത്ര നീങ്ങും. 2019 പൊതുതെരഞ്ഞെടുപ്പിൽ ഇതിൽ 22 എണ്ണം പിടിക്കാനാണ് ബിജെപിയുടെ ശ്രമം.