കോണ്‍ഗ്രസിനോടുള്ള സമീപനം എന്തായിരിക്കണം എന്ന കാര്യത്തില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷമായി തുടരുകയാണ്. കോണ്‍ഗ്രസുമായി ഒരു തരത്തിലും സഹകരണം പാടില്ലെന്ന് വാദിക്കുന്ന വിഭാഗത്തിന്‍റെ നേതാവായി പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെയാണ് മാധ്യമങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം ബിജെപി – സംഘപരിവാര്‍ ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ മതനിരപേക്ഷ കക്ഷികളുമായും സഹകരിക്കണം എന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. ഈ സാഹചര്യത്തില്‍ മുന്‍ നിലപാടുകളെ തിരുത്തുംവിധം ബിജെപി തന്നെയാണ് മുഖ്യശത്രു എന്നും, ബിജെപി കോണ്‍ഗ്രസിനെക്കാള്‍ എത്രയോ വലിയ അപകടകാരി ആണെന്നുമാണ് ഇപ്പോള്‍ കാരാട്ട് പറയുന്നത്. ദ സിറ്റിസണ് വേണ്ടി സീമ മുസ്തഫ നടത്തിയ അഭിമുഖത്തിലാണ് കാരാട്ട് ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അത് നിയോലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരായ ഞങ്ങളുടെ പോരാട്ടത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും. കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും വര്‍ഗ സ്വഭാവം ഒന്ന് തന്നെയാണ്. എന്നാല്‍ ആര്‍എസ്എസിന്റെ പാര്‍ട്ടിയായ ബിജെപി, കോണ്‍ഗ്രസിനേക്കാള്‍ എത്രയോ വലിയ അപകടകാരിയാണ്. ബിജെപിയുടെ മുഖ്യ പ്രതിയോഗി കോണ്‍ഗ്രസ് ആയിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കുറച്ച് സീറ്റുകളില്‍ മാത്രം മത്സരിക്കുക എന്നതാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ നിലപാട്. ഇവിടെ ബിജെപിയെ പരാജയപ്പെടുത്തുക എന്നതിനാണ് പ്രാധാന്യം. ബിജെപിക്ക് അധികാരത്തിലെത്താന്‍ കഴിയുന്ന ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയിലും ബിജെപിക്കെതിരായ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. കുറച്ച് സ്ഥാനാര്‍ത്ഥികളെ മാത്രമേ മത്സരിപ്പിക്കൂ. ബിജെപിയും ആര്‍എസ്എസുമാണ് മുഖ്യ ശത്രുക്കള്‍. ഞങ്ങളുടെ രാഷ്ട്രീയ ലൈന്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഇവരെ നേരിടാന്‍ എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടേയും വിശാല ഐക്യം രൂപീകരിക്കണം. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാതെ തന്നെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനാകും. ഇത് മുമ്പും ചെയ്തിട്ടുള്ളതാണ്.
2019ലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് സഖ്യങ്ങളുണ്ടാക്കിയത് കൊണ്ട് മാത്രം ബിജെപിയെ തോല്‍പ്പിക്കാനാവില്ല. അതിന് വിവിധ വിഭാഗം ജനങ്ങളെ സംഘടിപ്പിക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രം കൊണ്ട് മുന്നോട്ട് പോകാനാവില്ല. പല ബുദ്ധിജീവികളും കരുതുന്നത് സിപിഎമ്മിനും കോണ്‍ഗ്രസിനുമെല്ലാം ഒരു സഖ്യത്തില്‍ വരാന്‍ കഴിയുമെന്നാണ്. എന്നാല്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ഇത് സാധ്യമല്ല. ഇതുകൊണ്ടാണ് ബിഹാറിലെ മഹാസഖ്യത്തെ ഞങ്ങള്‍ സംശയത്തോടെ കണ്ടത്. ആ സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം ഇപ്പോള്‍ ആരും ഇതിനെക്കുറിച്ച് പറയുന്നില്ല. പ്രാദേശിക പാര്‍ട്ടികള്‍ വര്‍ഗീയതയെ അങ്ങനെ എതിര്‍ക്കുന്നില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ബിജെപിക്ക് ബദലായി കൃത്യമായ നയപരിപാടി ഇല്ലാതെ വിശ്വാസ്യതയുടെ പ്രതിപക്ഷമാകാന്‍ കഴിയില്ല.
വായനയ്ക്ക്: https://goo.gl/jSydEY
This post was last modified on January 1, 2018 10:52 am
Leave a Comment