X

ബിജെപി എംപി സാവിത്രി ഭായ് ഫൂലെയും സമാജ്‌വാദി മുൻ എംപി രാകേഷ് സചാനും കോൺഗ്രസ്സിൽ ചേർന്നു; രാഹുലിന്റെയും പ്രിയങ്കയുടെയും സാന്നിധ്യത്തിൽ‌ സ്വീകരണം

അംബേദ്കർ നിർമിച്ച ഭരണഘടനയുള്ളതു കൊണ്ടാണ് താനൊരു എംപിയായി മാറിയതെന്ന് ഫൂലെ ചടങ്ങിൽ സംസാരിക്കവെ പ്രസ്താവിച്ചു.

ബിജെപി ജാതി വിഭാഗീയത സൃഷ്ടിക്കുന്ന രാഷ്ട്രീയം കളിക്കുകയാണെന്നാരോപിച്ച് പാർലമെന്റംഗമായ എംപി സാവിത്രി ഭായി ഫൂലെ കോൺഗ്രസ്സിൽ ചേർന്നു. 2014ലാണ് ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ നിന്നും ജയിച്ച് ഇവർ പാർലമെന്റിലെത്തിയത്. 2012 മുതൽ നിയമസഭാംഗവുമായിരുന്നിട്ടുണ്ട്.

പാർട്ടിയുമായി വിയോജിച്ച് 2018 ഡിസംബർ മാസത്തിൽ തന്നെ ഇവർ പുറത്തുപോയിരുന്നു. യോഗി ആദിത്യനാഥ് ഹനുമാന്റെ ജാതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളാണ് ഫൂലെ കാരണമായി പറഞ്ഞത്. അംബേദ്കർ ആശയങ്ങളോട് അടുപ്പമുള്ളയാളാണ് ഇവർ. അംബേദ്കറുടെ നവയാൻ പ്രസ്ഥാനത്തിൽ ആകൃഷ്ടയായി ബുദ്ധമതം സ്വീകരിക്കുകയും കാഷായവസ്ത്രം ധരിച്ച് ജീവിച്ചുവരികയും ചെയ്യുന്നു. ഉത്തർപ്രദേശിൽ അംബേദ്കർ ആശയങ്ങളെ പിൻപറ്റി ബുദ്ധമതാനുയായികളായി മാറിയ നിരവധി ബിജെപി നേതാക്കളിലൊരാളാണ് ഫൂലെ.

ബിജെപി സർക്കാരിന്റെ കാലാവധി കഴിയാൻ ചുരുക്കം ചില മാസങ്ങൾ അവശേഷിക്കെയാണ് പാർട്ടിക്ക് ദളിത് വിരുദ്ധതയുണ്ടെന്ന് ഫൂലെ ആരോപിക്കുന്നതും പുറത്തുപോരുന്നതും. ഉത്തർപ്രദേശിലെ പ്രധാനപ്പെട്ട ഒരു ദളിത് നേതാവായ ഫൂലെയുടെ വരവ് കോൺഗ്രസ്സ് ക്യാമ്പിനെ ആഹ്ലാദത്തിലാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെയും, ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പു ചുമതലയുള്ള പ്രിയങ്ക ഗാന്ധിയുടെയും സാന്നിധ്യത്തിലായിരുന്നു ഇവരെ പാർട്ടിയിലേക്ക് കഴിഞ്ഞദിവസം സ്വാഗതം ചെയ്തത്.

സംസ്ഥാന രാഷ്ട്രീയത്തിൽ ജനങ്ങൾക്കിടയിൽ ആഴത്തിൽ സ്വാധീനമുള്ളയാളായ സാവിത്രി ഫൂലെയുടെ പാർട്ടി പ്രവേശത്തിന് പിന്തുണയുമായി വൻ ജനക്കൂട്ടം എത്തിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. പ്രിയങ്ക ഗാന്ധിയുടെ ചുമതലയിലുള്ള കിഴക്കൻ ഉത്തർപ്രദേശിലാണ് ഇവരുടെ പ്രവർത്തന കേന്ദ്രമെന്നതും പ്രത്യേകതയാണ്.

അംബേദ്കർ നിർമിച്ച ഭരണഘടനയുള്ളതു കൊണ്ടാണ് താനൊരു എംപിയായി മാറിയതെന്ന് ഫൂലെ ചടങ്ങിൽ സംസാരിക്കവെ പ്രസ്താവിച്ചു. ആ ഭരണഘടന ബിജെപി ഭരണത്തിൻകീഴിൽ ഭീഷണി നേരിടുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.

രാകേഷ് സചാൻ

സമാജ്‌വാദി പാർട്ടിയുടെ നേതാവായ രാകഷ് സചാനും കോൺഗ്രസ്സിൽ ചേർന്നിട്ടുണ്ട്. ഇദ്ദേഹം ഫത്തേപൂരിൽ നിന്നുള്ള മുൻ എംപിയാണ്. ഇതും കോൺഗ്രസ്സിന് വലിയ ആത്മവിശ്വാസം പകരുന്ന കാര്യമാണ്. സംസ്ഥാനത്ത് കോൺഗ്രസ്സ് രാഷ്ട്രീയം ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് ഇതിനെ നേതാക്കൾ കാണുന്നത്.