X

രാഹുൽ ഗാന്ധിക്ക് ബഹുവ്യക്തിത്വമോയെന്ന് ബിജെപി; മമതാ ബാനർജിയെ വിമർശിക്കുന്ന പഴയ പ്രസ്താവനകൾ ഓർമിപ്പിച്ച് ട്വീറ്റ്

പശ്ചിമബംഗാളിൽ കേന്ദ്ര സർക്കാരും മമതാ ബാനർജിയും തമ്മിൽ നടക്കുന്ന പോരിൽ മമതയുടെ പക്ഷം പിടിച്ച രാഹുൽ ഗാന്ധിയെ പഴയ കാര്യങ്ങളോർമിപ്പിച്ച് ബിജെപി. രാഹുൽ ഗാന്ധിക്ക് മൾട്ടിപ്പിൾ പേഴ്സനാലിറ്റി ഡിസോർഡർ ആണെന്ന് ബിജെപി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന് കുറഞ്ഞത് രണ്ട് വ്യക്തിത്വങ്ങളെങ്കിലും ഉണ്ടെന്ന് ട്വീറ്റ് കളിയാക്കി. രാഹുൽ ഗാന്ധി വേഗം സുഖം പ്രാപിക്കട്ടെയെന്നും ട്വീറ്റിൽ പറയുന്നുണ്ട്.

കൊൽക്കത്ത പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ സംസ്ഥാന പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവത്തിനു ശേഷം രാഹുൽ ഗാന്ധി മമതയ്ക്ക് ശക്തമായ പിന്തുണയാണ് നൽകിയത്. സിപിഎം, തെലങ്കാന രാഷ്ട്രസമിതി എന്നിവരൊഴികെയുള്ള എല്ലാ കക്ഷികളും മമതയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.

ശാരദ കുംഭകോണം നടന്നപ്പോൾ കോൺഗ്രസ്സ് മമതയെ വിമർശിച്ച് നിരവധി ട്വീറ്റുകൾ ചെയ്തിരുന്നു. ചിറ്റ് ഫണ്ട് തട്ടിപ്പിൽ 20 ലക്ഷം പേർക്ക് പണം നഷ്ടമായെന്നും കോൺഗ്രസ്സ് ട്വീറ്റ് ചെയ്തിരുന്നു. പശ്ചിമബംഗാളിൽ സിൻഡിക്കേറ്റ് രാജ് ആണെന്നും മാഫിയാ രാജ് ആണെന്നും പ്രസ്താവന നടത്തിയിരുന്നു രാഹുൽ ഗാന്ധി. ഇതെല്ലാം ഇപ്പോൾ മറന്നുപോയോ എന്നാണ് ബിജെപി ചോദിക്കുന്നത്.

Related Post
Leave a Comment