X

യുപിയിൽ ബിജെപി 5 സീറ്റിലൊതുങ്ങും, എസ്‌പിയും ബിഎസ്‌പിയും കോൺഗ്രസ്സും ഒന്നിക്കുകയാണെങ്കിൽ: ഇന്ത്യാ ടുഡേ പോൾ

ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തോടു ചേരാതെ 80 സീറ്റുകളിലും തനിച്ച് മത്സരിക്കാനുള്ള കോൺഗ്രസ്സിന്റെ തീരുമാനം അബദ്ധമായെന്ന് ഇന്ത്യ ടുഡേ-കാർവി മൂഡ് ഓഫ് ദി നാഷൻ പോൾ. ബിജെപിക്ക് വൻ പ്രഹരം നൽകാനുള്ള അവസരമാണ് കോൺഗ്രസ്സ് നഷ്ടപ്പെടുത്തിയിരിക്കുന്നതാണ് പോൾ പറയുന്നത്. സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും രാഷ്ട്രീയ ലോക് ദളും കോൺഗ്രസ്സും ഒന്നിച്ചിരുന്നെങ്കില്‍ 80ൽ 75 സീറ്റും ഈ സഖ്യം സ്വന്തമാക്കുമായിരുന്നെന്നാണ് സർവ്വേ ഫലം.

ആകെ 2478 പേരാണ് സർവ്വേയിൽ പങ്കെടുത്തത്. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ 73 സീറ്റുകളാണ് ബിജെപിയും അപ്നാ ദളും ചേർന്ന് നേടിയത്. ഇരു കക്ഷികളും ചേർന്നുള്ള വോട്ട് വിഹിതം 43.3 ശതമാനമായിരുന്നു. ഇത്, നേരത്തെ പറഞ്ഞ എസ്പി-ബിഎസ്ബി-രാഷ്ട്രീയ ലോക്ദൾ-കോൺഗ്രസ്സ് സഖ്യം നടന്നിരുന്നെങ്കിൽ, ഇത്തവണ 36 ശതമാനത്തിലേക്ക് കൂപ്പുകുത്തുമായിരുന്നു എന്നാണ് സർവ്വേ പറയുന്നത്.

ദേശീയതലത്തിൽ പ്രഖ്യാപിത പ്രതിപക്ഷ സഖ്യം യാഥാർത്ഥ്യമാകുകയും അത് യുപിയില്‍ നടപ്പാകുകയുമാണെങ്കിൽ ഇവരുടെ ഒരുമിച്ചുള്ള വോട്ടുവിഹിതം 64 ശതമാനമായി ഉയരുമെന്ന് സർവ്വേ പറയുന്നു. 2014ൽ ഈ കക്ഷികളുടെയെല്ലാം വോട്ടുവിഹിതം 56.7 ശതമാനമായിരുന്നു.

നിലവിൽ തെരഞ്ഞെടുപ്പിനു മുമ്പുള്ള യാതൊരു സഖ്യവുമില്ലെന്നാണ് പൊതുവിൽ പറയപ്പെടുന്നതെങ്കിലും ഇതൊന്നും അവസാന തീരുമാനമായി കണക്കാക്കരുതെന്ന് ചില കോൺഗ്രസ്സ് നേതാക്കൾ പറയുന്നുണ്ട്. മുൻ ധനമന്ത്രി പി ചിദംബരം തന്നെയാണ് ഇത്തരമൊരു നിലപാട് വ്യക്തമാക്കിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. ഏതുസമയത്തും കാര്യങ്ങൾ മാറിമറിയാമെന്ന് അദ്ദേഹം പറയുന്നു. സമാനമായ നിലപാട് തന്നെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും പങ്കു വെക്കുന്നത്.

This post was last modified on January 24, 2019 8:55 am