X

മറാത്ത സംവരണത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; 16 ശതമാനമെന്നത് കുറയ്ക്കണമെന്ന് നിര്‍ദ്ദേശം

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടാകണം സംവരണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

മറാത്ത വിഭാഗക്കാര്‍ക്ക് സംവരണം നല്‍കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം ബോംബെ ഹൈക്കോടതി അംഗീകരിച്ചു. സംവരണത്തെ എതിര്‍ത്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ കോടതി തള്ളി. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്ത സമുദായക്കാര്‍ സംവരണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അതെസമയം 16% ശതമാനം സംവരണം മറാത്തകള്‍ക്ക് നല്‍കുന്നതിനോട് കോടതി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അത് ന്യായീകരിക്കത്തക്കതല്ലെന്ന് കോടതി വ്യക്തമാക്കി.

രഞ്ജിത് മോറെ, ഭാരതി ഡാംഗ്രെ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബ‍ഞ്ചാണ് തീരുമാനമെടുത്തത്. സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെ ലംഘിക്കുന്നുണ്ട് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനമെന്നായിരുന്നു ഹരജിക്കാരുടെ വാദം. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന സമുദായത്തെ തിരിച്ചറിയുന്നതിനും അവര്‍ക്ക് സംവരണം കൊടുക്കുന്നതിനും സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ടെന്നും അതില്‍ ഇടപെടാനില്ലെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്.

സംവരണം 16 ശതമാനമാക്കിയത് ന്യായീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 12-13 ശതമാനത്തില്‍ കൂടരുത് മറാത്തകള്‍ക്കുള്ള സംവരണമെന്ന് കോടതി വിശദീകരിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടാകണം സംവരണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ വര്‍ഷമാണ് മറാത്തകളെ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരായി സംസ്ഥാന നിയമസഭ അംഗീകരിച്ച് സംവരണം കൊണ്ടുവന്നത്. ഒരു ബില്‍ മുഖാന്തിരമായിരുന്നു ഇത്. സംസ്ഥാനത്ത് ആകെ 52% സംവരണമാണ് നിലവിലുള്ളത്. പുതിയ സംവരണം കൂടി നിലവില്‍ വരുന്നതോടെ സംവരണം 68 ശതമാനമായി മാറും. ഇത് സുപ്രീംകോടതി നിര്‍ദ്ദേശത്തിന് വിരുദ്ധമാണ്.

സംവരണാവശ്യമുന്നയിച്ച് സംസ്ഥാനത്തെമ്പാടും സംഘടിതമായി ആക്രമണങ്ങളഴിച്ചു വിട്ടിരുന്നു മറാത്തകള്‍. വിവിധ മറാത്ത സംഘടനകളുടെ കൂട്ടായ്മയായ സകല്‍ മറാത്ത സമാജാമ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

This post was last modified on June 27, 2019 10:54 pm