ആകെയുള്ള 125 സീറ്റിലും തന്റെ പാർട്ടി വിജയിച്ചതായി പ്രധാനമന്ത്രിയും കമ്പോഡിയൻ പീപ്പിൾസ് പാർട്ടി (സിപിപി) തലവനുമായ ഹുൻ സെൻ പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെ ചരമമാണ് സംഭവിച്ചതെന്ന് പ്രതിപക്ഷത്തിന്റെ പ്രഖ്യാപനവും പിന്നാലെ വന്നു. കമ്പോഡിയയിൽ കഴിഞ്ഞ 33 കൊല്ലമായി ഭരണത്തിലുള്ള ഹുൻ സെൻ നടത്തിയ തെരഞ്ഞെടുപ്പ് സുതാര്യമോ സ്വതന്ത്രമോ അല്ലായിരുന്നെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും വിമർശകരും രംഗത്തുണ്ട്.
സിപിപി ആകെ പോൾ ചെയ്ത വോട്ടിന്റെ 77% നേടിയതായി പാർട്ടി വക്താവ് സോക് എയ്സാൻ റോയിട്ടേഴ്സിനോട് പറഞ്ഞു. മറ്റു പാർട്ടികൾക്ക് ഒരു സീറ്റു പോലും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ്സും മറ്റ് പടിഞ്ഞാറൻ രാജ്യങ്ങളും ഹുൻ സെന്നിന്റെ നടപടിയെ അതിരൂക്ഷമായി വിമർശിക്കുന്നുണ്ട്. അവകാശപ്പോരാട്ടക്കാരും ഇദ്ദേഹത്തിനെതിരെ രംഗത്തുണ്ട്.
തെരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടെന്ന നിലപാടിലാണ് അമേരിക്ക. കമ്പോഡിയൻ സർക്കാരിലെ പ്രതിനിധികൾക്ക് യുഎസ്സിൽ പ്രവേശിക്കുന്നതിന് വിസാ വിലക്ക് ഏർപ്പെടുത്തിയത് നീട്ടുവാൻ ആലോചിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഹുൻ സെന്നിന് തെരഞ്ഞെടുപ്പിൽ കാര്യമായ എതിരാളികൾ പോലും ഉണ്ടായിരുന്നില്ല.
പ്രധാന പ്രതിപക്ഷമായിരുന്ന കമ്പോഡിയൻ നാഷണൽ റെസ്ക്യൂ പാർട്ടിയെ ഏതാണ്ട് ഇല്ലാതാക്കിയ ശേഷമാണ് ഹുൻ തെരഞ്ഞെടുപ്പ് നടത്തിയത്. ഈ പാർട്ടിയുടെ എല്ലാ നേതാക്കളും ഇപ്പോൾ ജയിലിലാണുള്ളത്.
ലോകത്തില്‍ ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നതിന്റെ ഖ്യാതി ഇയാളുടെ പേരിലാണുള്ളത്. 1985 മുതല്‍ ഹുൻ കമ്പോഡിയയുടെ പ്രധാനമന്ത്രിയാണ്.
This post was last modified on July 30, 2018 3:50 pm
Leave a Comment