X

ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവാസി ഭർത്താക്കന്മാർക്കെതിരെ ബിൽ; പാസ്പോർട്ട് റദ്ദാക്കുന്ന നടപടി തുടങ്ങിയെന്ന് മന്ത്രി

പ്രവാസികളായ ഭർത്താക്കന്മാർ നാട്ടിലുള്ള തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കുന്നത് തടയാൻ പാർലമെന്റിന്റെ വരുന്ന ശീതകാല സമ്മേളനത്തിൽ ബിൽ പാസ്സാക്കുമെന്ന് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ്. നാട്ടിൽ നിന്നും മാറി നിൽക്കുന്നതോടെ ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവണത വർധിച്ചു വരുന്നതായി സുഷ്മ സ്വരാജ് പറഞ്ഞു.

ഈ പ്രവണതയ്ക്കെതിരെ ഇതിനകം തന്നെ ഔദ്യോഗികമായ ചില നീക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭാര്യമാരെ ഉപേക്ഷിച്ച പ്രവാസി ഭർത്താക്കന്മാരുടെ പാസ്പോർട്ടുകൾ റദ്ദാക്കിയിട്ടുണ്ട്. ഇരുപത്തഞ്ചോളം പേരുടെ പാസ്പോർട്ട് റദ്ദാക്കിയെന്നാണ് സുഷ്മ സ്വരാജ് അറിയിച്ചത്.

പുതിയ ബില്ലിൽ കൂടുതൽ കടുത്ത നടപടികൾക്ക് വകുപ്പുണ്ടാകുമെന്നും സുഷ്മ സ്വരാജ് സൂചിപ്പിച്ചു.

തെലങ്കാനയിൽ ഡിസംബർ 7ന് നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ബിജെപിയുടെ പ്രചാരണത്തിനെത്തിയപ്പോഴാണ് സുഷ്മ സ്വരാജ് ഈ പ്രസ്താവന നടത്തിയത്. പ്രവാസി ഭർത്താക്കന്മാർ ഭാര്യമാരെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ ഹൈദരാബാദിൽ നിത്യേനയെന്നോണം നടക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മറുപടിയായി നിയമനിർമാണത്തെക്കുറിച്ച് മന്ത്രി അറിയിച്ചത്.

ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവാസി ഭർത്താക്കന്മാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി വന്നിരുന്നു. ഇതിൽ കോടതി കേന്ദ്രത്തിന്റെ മറുപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭർത്താക്കന്മാരാൽ ഉപേക്ഷിക്കപ്പെട്ട ഒരുകൂട്ടം സ്ത്രീകളാണ് ഹരജി നൽകിയത്.

This post was last modified on November 30, 2018 3:21 pm