X

വീണ്ടും ചൈന; മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തെ വീണ്ടും എതിര്‍ത്തു

വീറ്റോ അധികാരമുള്ള ചൈന നാലാംതവണയാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്യുന്നത്. 2009, 2016, 2017 വര്‍ഷങ്ങളിലും മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ചൈന എതിര്‍ത്തിരുന്നു.

തീവ്രവാദി സംഘടന ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചൈന വീണ്ടും എതിര്‍ത്തു. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 27-ന് യുഎസ്, ബ്രിട്ടന്‍ ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തില്‍ ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ ഇന്നലെ രാത്രി വൈകി നടന്ന വോട്ടെടുപ്പില്‍ ചൈന തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു.

പ്രമേയത്തില്‍ നിലപാട് അറിയിക്കാന്‍ ഉപരോധസമിതിയിലെ അംഗരാജ്യങ്ങള്‍ക്ക് യുഎന്‍ പത്തുദിവസത്തെ സമയമാണ് അനുവദിച്ചിരുന്നത്. ഇത് ബുധനാഴ്ച രാത്രി 12.30-ന് അവസാനിച്ചു. തുടര്‍ന്നാണ് വോട്ടെടുപ്പ് നടന്നത്. ‘ഈ വിഷയത്തില്‍ ഞങ്ങളുടെ നിലപാടില്‍ മാറ്റമില്ല’ എന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിയു കാങ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. വീറ്റോ അധികാരമുള്ള ചൈന നാലാംതവണയാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്യുന്നത്. 2009, 2016, 2017 വര്‍ഷങ്ങളിലും മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ചൈന എതിര്‍ത്തിരുന്നു.

ചൈനയുടെ പേരെടുത്തുപറയാതെ വിദേശകാര്യമന്ത്രാലയം നടത്തിയ പ്രസ്താവനയില്‍ പറയുന്നത്, രക്ഷാസമിതിയിലെ ഒരംഗം എതിര്‍ത്തതിനാല്‍ മസൂദ് അസ്ഹറിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ്. പ്രമേയം പരാജയപ്പെട്ടതില്‍നിരാശയുണ്ട്. പക്ഷേ രാജ്യത്തിന്റെ പൗരന്മാര്‍ക്കെതിരെ ക്രൂരമായ കുറ്റകൃത്യങ്ങള്‍ നടത്തുന്ന ചെയ്യുന്ന ഭീകരരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ വേദികളും ഉപയോഗപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ അസ്ഹറിനെതിരെ ഇന്ത്യ പാക്കിസ്ഥാന് തെളിവുകള്‍ കൈമാറിയിരുന്നു. ഇതിനു പിന്നാലെ രോഗബാധിതനായി അസ്ഹര്‍ മരിച്ചെന്ന പ്രചരണം പുറത്തു വന്നു. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തി വരികയാണ്‌ ഇയാള്‍ക്ക് എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു ഈ പ്രചരണം. യു.എന്‍ സുരക്ഷാ സമിതിയില്‍ പ്രമേയം വരുമ്പോള്‍ ഇതിനെ മറികടക്കാനുള്ള പദ്ധതികളുടെ ഭാഗമായായിരുന്നു ഈ പ്രചരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാശ്മീര്‍ പ്രശ്നം ഇതില്‍ ഉള്‍പ്പെട്ട എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂ എന്നാണ് ചൈനീസ് നിലപാട്. പാകിസ്ഥാനുമായി തന്ത്രപരമായ സഹകരണമുള്ള ചൈന അതുകൊണ്ട് തന്നെ പാക്കിസ്ഥാന് അനുകൂലമായ നിലാപാടാണ് ഭീകരത അടക്കമുള്ള വിഷയങ്ങളില്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ചൈന എതിര്‍ക്കുന്നത്.

This post was last modified on March 14, 2019 9:35 am