പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി വൻ വെല്ലുവിളികളെ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. പൗരത്വ നിയമഭേദഗതി ബില്ലുമായി മുമ്പോട്ടു പോകുന്നത് അതീവ ദുഷ്കരമായിരിക്കും ബിജെപിക്ക്. പാർട്ടിക്കകത്തും ഈ വിഷയത്തിൽ സംശയങ്ങൾ വ്യാപകമായിട്ടുണ്ട്. എങ്ങനെ നേരിടുമെന്നതിൽ വ്യക്തത ഇനിയും വന്നിട്ടില്ല. തങ്ങളുടെ ബില്ലിന്റെ മഹത്വം പറഞ്ഞാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. എന്നാൽ ഈ ആത്മവിശ്വാസം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മുഴുക്കെയും കാണിക്കാൻ ബിജെപിക്കാകുമോയെന്ന് സംശയമാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എൻഡിഎ സഖ്യകക്ഷികൾ ഒരു പുനർവിചാരത്തിന് നിർബന്ധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബിജെപി അധികാരത്തിലുള്ള അസമിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ സമരങ്ങളാണ് നടന്നു വരുന്നത്. അഞ്ചാഴ്ചയോളം പിന്നിട്ടിട്ടും സമരങ്ങൾ ദുര്‍ബലപ്പെടുന്നില്ലെന്നത് സംസ്ഥാനത്തെ എൻഡിഎയെ ആശങ്കയിലാക്കിയിട്ടുണ്ട്. ബില്ലിനെ എതിർത്തു കൊണ്ടുള്ള റാലികളിൽ കോൺഗ്രസ്സും സജീവമായിത്തന്നെ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്തേക്ക് ബംഗ്ലാദേശിൽ നിന്നുള്ള വൻ കുടിയേറ്റം നടക്കാൻ പോകുകയാണെന്ന ബോധ്യത്തിലാണ് സമരക്കാർ. ഇത് സംസ്ഥാന സർക്കാർ പ്രതിരോധിക്കാൻ കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും സമരക്കാർക്ക് ബോധ്യനമാകുന്നില്ല. 1985ൽ ഇന്ത്യാ ഗവൺമെന്റും സംസ്ഥാന സർക്കാരും ഒപ്പുവെച്ച അസം അക്കോർഡിന് വിരുദ്ധമായ വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്നാണ് സമരക്കാരുടെ ആശങ്ക. അസമിലേക്കുള്ള അനധികൃത കുടിയേറ്റം തടയണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭമായിരുന്നു 1985ലെ ‘അസം പ്രസ്ഥാനം’. ഈ പ്രസ്ഥാനമാണ് പിൽക്കാല അസം രാഷ്ട്രീയത്തിന്റെ കേന്ദ്രമായി മാറിയത്. ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വവും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി മുമ്പോട്ടു വന്നവർ തന്നെയാണ്.
അസം അക്കോർഡിനെ യാതൊരു വിധത്തിലും പൗരത്വ ബിൽ ബാധിക്കില്ലെന്നാണ് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറയുന്നത്. ഇത് അസമിനു വേണ്ടി മാത്രം കൊണ്ടുവന്ന ബില്ലല്ലെന്നും രാജ്യത്തിനു മൊത്തമായി കൊണ്ടുവന്നതാണെന്നും മുഖ്യമന്ത്രി അസംബ്ലിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയുണ്ടായി. ജനങ്ങളിൽ അനാവശ്യ ഭീതി സൃഷ്ടിക്കുകയാണ് പ്രക്ഷോഭകരെന്നാണ് മുഖ്യമനന്ത്രിയുടെ വാദം. ബംഗ്ലാദേശിലെ 1.6 കോടി ഹൈന്ദവർ അസമിലേക്ക് അഭയാർത്ഥികളായി എത്തുമെന്നു പറയുന്നത് തെറ്റാണെന്നും അദ്ദേഹം വാദിക്കുന്നു.
മുസ്‌ലിങ്ങൾ ഒഴികെയുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ അനുവാദം നൽകുന്നതാണ് ദേശീയ പൗരത്വ നിയമഭേദഗതി ബിൽ. ബംഗ്ലാദേശ് അടക്കമുള്ള ഇടങ്ങളിലെ ന്യൂനപക്ഷമായ ഹൈന്ദവർക്കും ഇതര മതസ്ഥർക്കും ഇന്ത്യയിലേക്ക് സ്വതന്ത്രമായി കടന്നുവന്ന് പൗരത്വം അവകാശപ്പെടാം. തങ്ങളുടെ മേഖലയിലേക്കുള്ള വിവേചനരഹിതമായ കുടിയേറ്റത്തിനായിരിക്കും ഈ ബിൽ വഴിവെക്കുക എന്ന വടക്കുകിഴക്കൻ സംസ്ഥാനത്തുള്ളവർ സന്ദേഹിക്കുന്നതിൽ കുറ്റം പറയാനാകില്ല. ചരിത്രത്തിൽ കുടിയേറ്റങ്ങളും അതുണ്ടാക്കിയ പ്രശ്നങ്ങളുമൊന്നും കാണാത്തവരല്ല അവർ.
ലോകസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ടാണ് ഇപ്പോഴത്തെ സമരങ്ങളെല്ലാമെന്ന് സോനോവാൾ പറയുമ്പോൾ അതിൽത്തന്നെ അടങ്ങിയിട്ടുണ്ട് പൗരത്വ ബിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളുടെ സ്വഭാവം.
2014ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 8 സീറ്റുകളാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എന്‍ഡിഎ ഒറ്റയ്ക്ക് നേടിയത്. 13 സീറ്റുകൾ എൻഡിഎ ഇതര കക്ഷികളാണ് നേടിയത്. നാല് സീറ്റുകൾ നേടിയത് എൻഡിഎ സഖ്യകക്ഷികളാണ്. ആകെ 25 ലോകസഭാ സീറ്റുകളാണുള്ളത് കാര്യങ്ങൾ ഏറെ ഗൗരവപ്പെട്ടതാണെന്ന് മനസ്സിലാക്കാൻ ഇതിലധികം കണക്കുകളുടെ ആവശ്യമില്ല.
കഴിഞ്ഞദിവസം പത്ത് രാഷ്ട്രീയ കക്ഷികളുടെ ശക്തിപ്രകടനം നടക്കുകയുണ്ടായി. രാജ്യസഭയിൽ പൗരത്വ ബിൽ പാസ്സാക്കുന്നതിന് എതിരെയുള്ള നീക്കമായിരുന്നു ഇത്. ഇതിൽ നിതീഷ് കുമാറിന്റെ ജെഡിയു അടക്കമുള്ള എൻഡിഎ സഖ്യകക്ഷികൾ ഭാഗഭാക്കായിരുന്നു. മിസോറം മുഖ്യമന്ത്രി സോറംതാംഗയും ഈ പരിപാടിയിൽ പങ്കെടുത്തു. പൗരത്വ ഭേദഗതി ബിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഏറെ അപകടകരമാണെന്ന് അദ്ദേഹം പ്രസംഗിച്ചു.
ബിജെപി ദയനീയമാംവിധം പ്രതിരോധത്തിലാണ് ഈ സംസ്ഥാനങ്ങളിൽ. ഈയിടെ പൗരത്വ ബില്ലിനെതിരായി സമരം ചെയ്യുന്നവർ ബിജെപി നേതാക്കന്മാരെ പിടിച്ചടിച്ച സംഭവം വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ത്രിപുരയിലും ബിജെപി വലിയ തിരിച്ചടിയാണ് തങ്ങളുടെ സഖ്യകക്ഷികളിൽ നിന്നും നേരിടുന്നത്. പൗരത്വ ബിൽ സൃഷ്ടിച്ച ഭീതിയിൽ ത്രിപുരയിലെ സ്വത്വവാദി രാഷ്ട്രീയകക്ഷി ഇൻഡീജിനസ് പീപ്പിൾസ് ഫ്രോണ്ട് അനുഭാവികൾ ഇപ്പോൾ പ്രക്ഷോഭത്തിന്റെ ഭാഗമാണ്. രാഷ്ട്രീയഭേദമില്ലാതെയാണ് തങ്ങൾ ഒരുമിച്ച് രംഗത്തിറങ്ങിയിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ മനസ്സിലാക്കാൻ തയ്യാറാകണമെന്നും ഇവർ പറയുന്നു.
മേഘാലയയിൽ രണ്ട് ബിജെപി അംഗങ്ങള്‍ പാർട്ടി വിടുമെന്നു വരെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. രാജ്യസഭയിൽ ഈ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യരുതെന്ന് എൻഡിഎയിലെ പ്രധാന സഖ്യകക്ഷികളോട് ആവശ്യപ്പെടാൻ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ഡൽഹിയിൽ നേരിട്ടുപോയി ചർച്ചകൾ നടത്തുകയുണ്ടായി.
This post was last modified on February 3, 2019 7:41 am
Leave a Comment