X

പൗരത്വ ബില്‍: ലോക് സഭ തിരഞ്ഞെടുപ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വാട്ടര്‍ ലൂ ആകുമോ?

വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള ജനകീയ പ്രക്ഷോഭം എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ശക്തമായി തുടരുകയാണ്. അസമിലും മിസോറാമിലും മേഘാലയയിലുമാണ് പ്രതിഷേധം ഏറ്റവും തീവ്രമായിരിക്കുന്നത്. ഇന്ന് അസമിലും അരുണാചല്‍ പ്രദേശിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത് പൗരത്വ ബില്ലില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുകയാണ് എന്നാണ്. അതേസമയം റോഡിനിരുവശവും കരിങ്കൊടികളുമായി വലിയ പ്രതിഷേധത്തിനിടയിലൂടെയാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മുന്നോട്ടുപോയത്. ഇത് ബിജെപിക്ക് നല്‍കുന്നത് വലിയ അപായ സൂചനയാണ്.

അസമില്‍ സഖ്യകക്ഷിയായിരുന്ന അസം ഗണ പരിഷദ് നേരത്തെ തന്നെ എന്‍ഡിഎ വിട്ടിരുന്നു. ദേശീയ പൌരത്വ പട്ടികയുടെ ഭാഗമായി 40 ലക്ഷത്തോളം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാക്കിയിരിക്കുന്നതിന് ഇടയില്‍ തന്നെയാണ് കൃത്യമായ മുസ്ലീം വിരുദ്ധ വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ മുന്‍നിര്‍ത്തിയെന്ന ആരോപണങ്ങള്‍ ശരിവയ്ക്കും വിധം പൗരത്വ ഭേഗതി ബില്‍ കൊണ്ടുവരുന്നത്. അതേസമയം അസമില്‍ ഹിന്ദുത്വ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയവും മുസ്ലീം കുടിയേറ്റക്കാര്‍ക്ക് നേരെ പ്രചാരണം അഴിച്ചുവിട്ടും ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് നേട്ടം നിലനിര്‍ത്താനാവുമോ എന്ന ചോദ്യമാണ് പൗരത്വ ബില്‍ ബിജെപിക്ക് മുന്നില്‍ ഉയര്‍ത്തുന്നത്.

പൗരത്വ ബില്ലിനെതിരായ പ്രതിഷേധം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ എല്ലാ പ്രതീക്ഷകളേയും തകിടം മറയ്ക്കുന്നതാണ്. മിസോറാം മുഖ്യമന്ത്രിയും മിസോ നാഷണല്‍ ഫ്രണ്ട് നേതാവുമായ സൊറാം താംഗ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ ഊഴമാണ്. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയാണ് മുന്നണി വിടുമെന്നാണ് മേഘാലയ മുഖ്യമന്ത്രിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്റുമായ സാംഗ്മയുടെ മുന്നറിയിപ്പ്.

അരുണാചല്‍പ്രദേശിലും മണിപ്പൂരിലും നാഗാലാന്റിലുമുള്ള ബിജെപി നേതൃത്വത്തിലുള്ളതോ ബിജെപി പങ്കാളിയായതോ ആയ സര്‍ക്കാരുകള്‍ക്ക് എന്‍പിപി പിന്തുണ നല്‍കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ എന്‍പിപി പിന്തുണ പിന്‍വലിക്കുന്നത് ഈ സര്‍ക്കാരുകള്‍ക്ക് ഭീഷണിയുണ്ടാക്കില്ലെങ്കിലും ബിജെപിക്കെതിരായ ശക്തമായ ജനവികാരം അവഗണിക്കാന്‍ സഖ്യകക്ഷികള്‍ക്ക് കഴിയില്ല. മിസോറാമില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പങ്കെടുത്ത റിപ്പബ്ലിക് ദിന പരിപാടിക്ക് ഗവര്‍ണറും സര്‍ക്കാരുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരും മാത്രമാണുണ്ടായിരുന്നത്. വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കമുള്ളവയുട ആഹ്വാനപ്രകാരം റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്‌കരിക്കുകയായിരുന്നു. “ഗുഡ്‌ബൈ ഇന്ത്യ, ഹലോ ചൈന” തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി യുവാക്കളും വിദ്യാര്‍ത്ഥികളും ഐസോളിലടക്കം തെരുവിലിറങ്ങുന്ന നിലയുണ്ടായിരുന്നു.

അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന ബില്‍ ആണ് ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയത്. 1955ലെ പൗരത്വ ബില്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ ബില്‍ മേല്‍പ്പറഞ്ഞ രാജ്യങ്ങളിലെ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബൗദ്ധ, ജൈന, പാഴ്‌സി സമുദായക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നു. ജനുവരി എട്ടിന് ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു.

അതേസമയം പൗരത്വ ഭേഗദതി ബില്‍ നാഗാലാന്റിന് ബാധകമല്ലെന്ന് മുഖ്യമന്ത്രിയും നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി) നേതാവുമായി നെയ്ഫ്യൂങ് റിയോ നേരത്തെ പറഞ്ഞിരുന്നു. ഭരണഘടനയുടെ 371 എ വകുപ്പ് നാഗാലാന്റിനെ ഈ ബില്‍ വ്യവസ്ഥകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതായി നാഗാലാന്റ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. 371 എയും 1873ലെ ബംഗാള്‍ ഈസ്റ്റേണ്‍ ഫ്രണ്ടിയര്‍ റെഗുലേഷനും പ്രകാരം നാഗാലാന്റിന് ബില്‍ ബാധകമല്ലെന്ന് മുഖ്യമന്ത്രി പറയുന്നു. അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, സംസ്ഥാന സര്‍ക്കാരുകള്‍ ഷില്ലോംഗില്‍ ചേര്‍ന്ന ജനറല്‍ ബോഡി കണ്‍വെന്‍ഷനില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കിരുന്നു. നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍പിപി നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു.

അരുണാചല്‍പ്രദേശിലും മണിപ്പൂരിലുമെല്ലാം കോണ്‍ഗ്രസ് എംഎല്‍എരെ ചാക്കിട്ട് പിടിച്ചും പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയുമാണ് ബിജെപി അധികാരം പിടിച്ചത്. കോണ്‍ഗ്രസ് മുക്ത ഇന്ത്യ സാധ്യമായില്ലെങ്കിലും കോണ്‍ഗ്രസ് മുക്തമായ വടക്കുകിഴക്കന്‍ ഇന്ത്യ ബിജെപി സാധിച്ചെടുക്കുകയും ചെയ്തു. ഈ മുന്നേറ്റത്തിന് വലിയ തിരിച്ചടിയായേക്കും പൗരത്വ ബില്‍ എന്നാണ് ഇവിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പൗരത്വ ബില്ലിനെതിരായ ജനവികാരം ശക്തമായി പ്രതിഫലിക്കാനാണ് സാധ്യത.

This post was last modified on February 10, 2019 5:44 am

Related Post
Leave a Comment