സുപ്രീംകോടതി ജഡ്ജി അരുൺ കുമാർ മിശ്രയുടെ സഹോദരനെ കൊളീജിയം മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത് വിവാദമാകുന്നു. അരുൺ മിശ്രയുടെ ഇളയ സഹോദരനെയാണ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത്. രണ്ട് അഭിഭാഷകരെ ജഡ്ജിമാരായി ഉയർത്താനാണ് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തത്. ഇവരിലൊരാളാണ് ജഡ്ജിയുടെ സഹോദരൻ വിശാൽ മിശ്ര. ജുഡീഷ്യറിയുടെ ഉന്നതങ്ങളിലേക്ക് ബന്ധുനിയമനങ്ങൾ നടക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.
സുപ്രീംകോടതി കൊളീജിയത്തിൽ ചീഫ് ജസ്റ്റിസ് അടക്കം അഞ്ച് മുതിർന്ന അംഗങ്ങളാണ് ഉണ്ടാവുക. ഇവരിലൊരാളാണ് അരുൺ മിശ്ര. ഹൈക്കോടതികളിലേക്കുള്ള നിയമനം നടത്തുന്നത് മൂന്ന് അംഗങ്ങൾ മാത്രമുള്ള കൊളീജിയമാണ്.
വിശാൽ മിശ്രയെ ജഡ്ജിയായി നിയമിക്കുന്നതിൽ മധ്യപ്രദേശ് സർക്കാരിന് വിയോജിപ്പൊന്നുമില്ലെന്ന് കൊളീജിയത്തിന്റെ തീരുമാനം പറയുന്നു. തങ്ങളുടെ തീരുമാനം സംബന്ധിച്ച് മധ്യപ്രദേശ് ഹൈക്കോടതിയിലെ വിവരങ്ങളറിയുന്ന തങ്ങളുടെ സഹപ്രവർത്തകരുമായി ചർച്ച ചെയ്തെന്നും അവരും അനുകൂല അഭിപ്രായമാണ് പറഞ്ഞതെന്നും കൊളീജിയം പറയുന്നു.
അരുൺ മിശ്രയുടെയും വിശാൽ മിശ്രയുടെയും പിതാവ് എച്ച്‌സി മിശ്രയും ഹൈക്കോടതി ജഡ്ജിയായിരുന്നു. അരുൺ മിശ്രയും മധ്യപ്രദേശ് ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നിട്ടുണ്ട്. വിശാൽ മിശ്രയെ ജഡ്ജിയായി ഉയർത്താൻ ശുപാർശ നൽകിയ സുപ്രീംകോടതി കൊളീജിയത്തിലെ മൂന്ന് ജഡ്ജിമാരിൽ രണ്ടുപേർ, ജസ്റ്റിസ് എസ്എ ബോബ്ഡെയും, എഎം ഖാൻവിൽക്കറും, മധ്യപ്രദേശ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ്സുമാരായി ഇരുന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
This post was last modified on May 16, 2019 5:08 pm
Leave a Comment