കാടിന് നടുവിലൂടെ കാറില്‍ രാത്രി യാത്ര ചെയ്യവെ റോഡില്‍ കാറിടിച്ച് കിടക്കുന്ന ഒരു കുറുക്കനെ കണ്ടുവെന്ന് വയ്ക്കുക. അടുത്ത് ചെന്ന് നോക്കുമ്പോള്‍ അതിന്റെ വയറ്റില്‍ കുഞ്ഞുങ്ങളുടെ അനക്കവുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ എത്തപ്പെട്ടാല്‍ നിങ്ങള്‍ എന്താണ് ചെയ്യുക. ഒരുപക്ഷെ ഭയന്ന് വിറച്ച് വേഗം വണ്ടിയെടുത്ത് അവിടെനിന്ന് പോകും. എന്നാല്‍ ഇംഗ്ലണ്ടിലെ സസെക്‌സ് കൗണ്ടിലുള്ള യുവ കര്‍ഷകന്‍ ക്രിസ് റോള്‍ഫ് ചെയ്തത് അമ്മ കുറുക്കന്റെ വയറുകീറി കുഞ്ഞുങ്ങളെ പുറത്തെത്തിക്കുകയായിരുന്നു.
ആശുപത്രിയുമായി ക്രിസ് റോള്‍ഫ്‌ന് പരിചയങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാലും കര്‍ഷകനായ ക്രിസ്‌ന് ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ പോറ്റിയ പരിചയമുണ്ടായിരുന്നു. എങ്ങനെ ധൈര്യമുണ്ടായി എന്നറിയില്ല, കാറിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് ക്രിസ് കുറുക്കന്റെ വയറുകീറി നാല് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി.
പിന്നീട് അവയെ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഏഴാഴ്ച്ച പ്രായമുണ്ട്. കുഞ്ഞുങ്ങളുമൊത്തുള്ള ഫോട്ടോകളും,തന്റെ അനുഭവവും ക്രിസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
പ്രദേശത്തെ കുറുക്കന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ‘ദി ഫോക്‌സ് പ്രോജക്ട്’ എന്ന എന്‍ജിഒയുടെ സഹായം അവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ജിഞ്ചര്‍, ബിസ്‌ക്കറ്റ്, ബിഗ് ടിപ്പ് , ലിറ്റില്‍ ടിപ്പ് എന്നിങ്ങനെയാണ് അവര്‍ക്ക് റോള്‍ഫ് ഇട്ടിരിക്കുന്ന പേരുകള്‍.
കുറുക്കന്മാരെ ഇണക്കി വളര്‍ത്തുന്നതിന് ക്രിസ് എതിരാണ്. കുറുക്കന്മാര്‍ പൂര്‍ണ്ണമായും വന്യജീവികളാണെന്നും, അവരെ നാട്ടില്‍ വളര്‍ത്താന്‍ പാടില്ലെന്നും അയാള്‍ വിശ്വസിക്കുന്നു. ആറുമാസം കഴിയുമ്പോഴേക്കും ഈ കുറുക്കന്‍ കുഞ്ഞുങ്ങള്‍ വളരുമെന്നും അപ്പോള്‍ അവരെ തിരിച്ച് കാടിനുള്ളില്‍ കൊണ്ടുചെന്നാക്കാം എന്നുമാണ് ക്രിസ് കരുതുന്നത്.
This post was last modified on May 16, 2019 5:21 pm
Leave a Comment