X

അഫ്‌സ്പ പുനപരിശോധിക്കും എന്ന് കോണ്‍ഗ്രസ് പ്രകടനപത്രിക; കാശ്മീരിലെ സൈനിക സാന്നിധ്യം കുറയ്ക്കും

കാശ്മീര്‍ താഴ് വരയിലെ സൈനിക സാന്നിധ്യം കുറച്ച് അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ നിയോഗിക്കും.

സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ (ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവഴേ്‌സ് ആക്ട്) പുനപരിശോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രിക. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ശ്രദ്ധേയമായ വാഗ്ദാനങ്ങളിലൊന്നാണ് ഇവ. ജമ്മു കാശ്മീരിലെ സൈനിക, അര്‍ദ്ധസൈനിക സാന്നിധ്യം കുറക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. കാശ്മീരിലെ അഫ്‌സ്പയും ഡിസ്റ്റര്‍ബ്ഡ് ഏരിയാസ് ആക്ടും പുനപരിശോധിക്കും.

സുരക്ഷാനിയമങ്ങളില്‍ മാറ്റം വരുത്തും. കാശ്മീര്‍ താഴ് വരയിലെ സൈനിക സാന്നിധ്യം കുറച്ച് അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ നിയോഗിക്കും. ഇത്തരത്തില്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ഭീകരപ്രവര്‍ത്തകരുടെ നുഴഞ്ഞുകയറ്റം നിയന്ത്രിക്കും. അതേസമയം ഈ മാറ്റങ്ങളൊന്നും ആര്‍മി അടക്കമുള്ള സായുധ സേനകളുമായി ആലോചിക്കാതെ കൊണ്ടുവരില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

അതേസമയം രാജ്യത്ത് ചില പ്രത്യേക മേഖലകളില്‍ അഫ്‌സ്പ ആവശ്യമാണ് എന്നും 53 പേജുള്ള കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നു. മുഴുവന്‍ ജമ്മു കാശ്മീരും ഇന്ത്യയുടെ ഭാഗമാണ്. അതേസമയം ജമ്മു കാശ്മീര്‍ ഇന്ത്യയില്‍ ചേരുന്നത് സാധ്യമാക്കിയ പ്രത്യേക സാഹചര്യവും സ്വയംഭരണാവകാശം നല്‍കുന്ന ഭരണഘടനയുടെ 370 വകുപ്പും ഞങ്ങള്‍ അംഗീകരിക്കുന്നു – കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല പറഞ്ഞു. ഭരണഘടനാപരമായ ഇത്തരം കാര്യങ്ങളൊന്നും മാറ്റാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള ഒരേയൊരു വഴി ചര്‍ച്ചയാണ്. ചര്‍ച്ചകള്‍ക്കായി മൂന്ന് മധ്യസ്ഥരെ നിയോഗിക്കും. മുന്‍ ഉപാധികളില്ലാതെ ഇക്കാര്യങ്ങള്‍ ഞങ്ങള്‍ കാശ്മീരിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു – കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

This post was last modified on April 2, 2019 6:08 pm