X

‘കോൺഗ്രസ്സ് മുക്ത വടക്കുകിഴക്കൻ ഭാരതം’ നിലവിൽ വന്നു; മിസോറമിൽ അക്കൗണ്ട് തുറന്ന് ബിജെപി

നാൽപത് സീറ്റുകളുള്ളതിൽ കോൺഗ്രസ്സിന് 6 എണ്ണത്തിൽ മാത്രമാണ് ജയിക്കാനായത്.

‘കോൺഗ്രസ്സ് മുക്ത ഭാരതം’ എന്ന ലക്ഷ്യമാണ് അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കുമുള്ളത്. ഇത് നടപ്പാകുന്നത് അത്ര എളുപ്പമായിരിക്കില്ലെന്ന സന്ദേശം ഇന്നത്തെ തെരഞ്ഞെടുപ്പു ഫലങ്ങൾ നൽകിക്കഴിഞ്ഞു. എങ്കിലും, ഇതിനിടയിൽ മറ്റൊന്ന് സംഭവിച്ചു. കോൺഗ്രസ്സ് വിമുക്തി വടക്കുകിഴക്കൻ ഇന്ത്യ നിലവിൽ വന്നു. മിസോറമിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വലിയ തിരിച്ചടി കിട്ടിയതോടെയാണിത്. വടക്കുകിഴക്കൻ മേഖലയിൽ കോൺഗ്രസ്സിന്റെ അവസാനകേന്ദ്രമായിരുന്നു മിസോറം. രണ്ട് മണ്ഡലങ്ങളിൽ ഒരുമിച്ച് ജനവിധി തേടിയ മുഖ്യമന്ത്രി ലാൽ തൻഹാവ്‌ല രണ്ടിടത്തും തോറ്റ് കോൺഗ്രസ്സിന്റെ തോൽവിയുടെ അടിസ്ഥാനകാരണം വെളിപ്പെടുത്തി.

ഭരണകക്ഷിയായ കോൺഗ്രസ്സിന് നാൽപത് സീറ്റുകളിൽ 6 എണ്ണത്തിൽ മാത്രമാണ് ജയിക്കാനായത്. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നു എന്ന പ്രത്യേകതയും ഇക്കുറി സംഭവിച്ചു. മിസോ നാഷണൽ ഫ്രണ്ടുമായി എൻഡിഎക്ക് സഖ്യമില്ലെങ്കിലും നീക്കുപോക്കുകളുണ്ടായിരുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇതൊരു നേട്ടമാണ്. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെക്കൂടി ചേർത്ത് യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നൊരു സംവിധാനമുണ്ടാക്കിയാണ് എംഎൻഎഫ് മത്സരിച്ചത്.

നാൽപ്പതംഗ നിയമസഭയിൽ ഇനി എംഎൻഎഫിന്റെ 27 മെമ്പർമാരുണ്ടാകും. സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിയുടെ പിന്തുണ തേടില്ലെന്ന് എം.എൻ.എഫ് നേതാക്കൾ അറിയിച്ചിട്ടുണ്ട്. എങ്കിലും കേന്ദ്രത്തിലെ ഭരണം മുന്നിൽ നിറുത്തി ഏതെങ്കിലും തരത്തിലുള്ള വിലപേശലിലൂടെ സംസ്ഥാന ഭരണത്തിൽ പങ്കാളിയാകാൻ ബിജെപി ശ്രമിക്കാനിടയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം അധികാരപങ്കാളിത്തമുള്ള പാർട്ടിയായി ബിജെപി മാറും.

2016 തെരഞ്ഞെടുപ്പിൽ ആസ്സാം, മണിപ്പൂർ, അരുണാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെല്ലാം ബിജെപിയോ സഖ്യകക്ഷികളോ ആണ് അധികാരത്തിലെത്തിയത്. മിസോറമിൽ ബിജെപിയോടല്ല തോറ്റതെന്ന സമാധാനം മാത്രമാണ് കോൺഗ്രസ്സിനുള്ളത്.

This post was last modified on December 11, 2018 2:22 pm