X

എഎപിയുമായി സഖ്യം: അജയ് മാക്കനും പിസി ചാക്കോയും ഉയർത്തിയ വാദങ്ങൾ അംഗീകരിക്കപ്പെട്ടില്ല; ഡൽഹിയിൽ കോൺഗ്രസ്സ് ഒറ്റയ്ക്ക് മത്സരിക്കും

യോഗത്തിൽ അജയ് മാക്കൻ എഎപി സഖ്യത്തിനു വേണ്ടി ശക്തമായി വാദിച്ചു.

ലോകസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുമായി സഖ്യത്തിനില്ലെന്നും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്നും കോൺഗ്രസ്സ്. പ്രതിപക്ഷ മഹാസഖ്യത്തിന്റെ ഭാഗമായ ഇരു പാർട്ടികളും സംസ്ഥാനത്ത് ശത്രുപക്ഷങ്ങളിലാണ്. ബിജെപിക്കെതിരെ മഹാസഖ്യത്തിൽ അണിചേരാൻ കോൺഗ്രസ്സ് വിസമ്മതിക്കുന്നുവെന്ന ആരോപണം ഡൽഹി മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാൾ ഉയർത്തിയിരുന്നു. വിവിധ പ്രതിപക്ഷ പാർട്ടികൾ ഈ സാഹചര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ്സ് ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കി രംഗത്തു വരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടന്നതും സഖ്യത്തിനില്ലെന്ന് നേതാക്കൾ അസന്ദിഗ്ധമായി പ്രഖ്യാപിച്ചതും.

“എഎപിയുമായി സഖ്യമുണ്ടാകില്ലെന്നതാണ് ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനം. ഞങ്ങൾ ഒറ്റയ്ക്ക് മത്സരിക്കും ശക്തമായി തിരിച്ചുവരും.” -മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറഞ്ഞു.

മുൻ സംസ്ഥാന പ്രസിഡണ്ടായ അജയ് മാക്കന്‍ എഎപിയുമായുള്ള സഖ്യത്തോട് അനുകൂല മനോഭാവമാണ് ഉണ്ടായിരുന്നത്. എന്നാൽ സംസ്ഥാനത്തു നിന്നുള്ള ഭൂരിഭാഗം നേതാക്കളും ഇതിനെ ശക്തമായി എതിർത്തു. കുറച്ചു മാസങ്ങൾക്കു മുമ്പ് അജയ് മാക്കൻ പാർട്ടി പ്രസിഡണ്ട് സ്ഥാനത്തു നിന്നും ഇറങ്ങിയതിനു കാരണം പാർട്ടിക്കുള്ളിൽ എഎപി ബന്ധത്തോട് എതിർപ്പ് രൂപപ്പെട്ടതാണെന്ന് ഊഹിക്കപ്പെടുന്നുണ്ട്. ഗുലാം നബി ആസാദ്, അഹ്മദ് പട്ടേൽ, എകെ ആന്റണി തുടങ്ങിയ ദേശീയ നേതാക്കൾ എഎപിയുമായുള്ള സഖ്യത്തോട് അനുകൂല മനോഭാവം പുലർത്തുന്നുണ്ട്.

സംസ്ഥാന നേതാക്കളും രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും ചേർന്ന് നടത്തിയ യോഗത്തില്‍ ഡൽഹി തെരഞ്ഞെടുപ്പ് ചുമതലയുള്ള പിസി ചാക്കോയും എഎപി സഖ്യത്തോട് അനുഭാവം പുലര്‍ത്തിയെന്നാണ് വിവരം. എന്നാൽ ഇത്തരമൊരു നിലപാട് ഇപ്പോഴെടുത്താൽ വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ എഎപിയുമായി എങ്ങനെ മത്സരിക്കുമെന്ന ചോദ്യം സംസ്ഥാന നേതാക്കൾ ഉന്നയിച്ചു. ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പത്ത് മാസത്തിനുള്ളിൽ അസംബ്ലി തെരഞ്ഞെടുപ്പ് വരും. എഎപിയുമായുണ്ടാക്കുന്ന സഖ്യം താൽക്കാലിക ലാഭം മാത്രമേ ഉണ്ടാക്കൂ എന്നും അർവിന്ദ് കെജ്രിവാളിനെ വിശ്വസിക്കാൻ പറ്റില്ലെന്നും പാർട്ടിയുടെ വലിയ ശത്രുവാണയാളെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

യോഗത്തിൽ അജയ് മാക്കൻ എഎപി സഖ്യത്തിനു വേണ്ടി ശക്തമായി വാദിച്ചു. താനാണ് സംസ്ഥാനത്ത് എഎപിക്കെതിരെ ഏറ്റവുമധികം സമരങ്ങൾ നയിച്ചയാളെന്ന് ചൂണ്ടിക്കാട്ടിയ മാക്കൻ പാർട്ടി കടുത്ത അടിസ്ഥാന യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കണമെന്ന് വാദിച്ചു. നിലവിൽ ഒറ്റയ്ക്ക് നിന്നാൽ പാർട്ടിക്ക് യാതൊരു നേട്ടവും ഉണ്ടാക്കാനാകില്ലെന്ന നിലപാട് സൂചിപ്പിച്ചു. 3 സീറ്റ് എഎപിക്കും 3 സീറ്റ് കോൺഗ്രസ്സിനും ഒരു സീറ്റ് സ്വതന്ത്രനും എന്ന ഫോര്‍മുലയാണ് എഎപി മുമ്പോട്ടു വെച്ചിരുന്നത്.

അതെസമയം, തങ്ങളോട് സഖ്യം ചേരേണ്ടെന്ന കോൺഗ്രസ്സ് നിലപാടിനെ വിമർശിച്ച് കെജ്രിവാൾ രംഗത്തെത്തി. ബിജെപിയുമായി അവിശുദ്ധ സഖ്യം ചേരാനുള്ള കോൺഗ്രസ്സിന്റെ നീക്കമാണ് വെളിവായിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യം മുഴുവൻ ബിജെപിയെയും അമിത് ഷാ-നരേന്ദ്ര മോദി കൂട്ടുകെട്ടിനെ പുറത്താക്കാനായി ഒറ്റക്കെട്ടായിരിക്കുമ്പോഴാണ് കോൺഗ്രസ്സ് ബിജെപിയോട് അനുഭാവം പുലർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ അവിശുദ്ധ സഖ്യത്തെ ജനങ്ങൾ പരാജയപ്പെടുത്തുമെന്ന് കെജ്രിവാൾ പ്രസ്താവിച്ചു.

രാജ്യത്തേക്കാൾ കോൺഗ്രസ്സിന് പാർട്ടിയാണ് വലുതെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാനാകുന്നതെന്ന് എഎപി ഡൽഹി കൺവീനർ ഗോപാൽ റായ് പറഞ്ഞു.

This post was last modified on March 6, 2019 11:08 am